കുവൈത്ത് സിറ്റി: ജി.സി.സി യിലെ ഏറ്റവും വലിയ പ്രവാസി ഫുട്‌ബോൾ മേളയായ കെഫാക് സീസൺ ആറിന് വെള്ളിയാഴ്ച വൈകിട്ട് കുവൈത്തിലെ മിശ്രിഫ് യൂത്ത് പബ്ലിക് സ്റ്റേഡിയത്തിൽ തുടക്കമാകും. ഇനിയുള്ള ഒൻപതു മാസക്കാലം രാജ്യത്തുള്ള പ്രവാസി ഫുട്‌ബോൾ ആസ്വാദകർക്ക് ഉത്സവക്കാലമാണ്.

ഇത്തവണയും കുവൈത്തിലെ പ്രബലരായ പതിനെട്ടു ക്ലബുകൾ സോക്കർ ലീഗിലും - മാസ്റ്റേഴ്‌സ് ലീഗിലും കൊമ്പു കോർക്കും. രണ്ടു മാസത്ത ഇടവേളയ്ക്കു ശേഷം ടീമുകൾ രാജ്യത്തിന്റെ പലഭാഗങ്ങളിലായി തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലാണ്. പ്രവാസി മലയാളികൾക്കായി ഫുട്‌ബോൾ വിരുന്നൊരുക്കാൻ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി നിരവധി ഫുട്‌ബോൾ പ്രതിഭകൾ കുവൈത്തിലെത്തിക്കഴിഞ്ഞു.

സോക്കർ ലീഗ് ഉൽഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഷിഫാ അൽജസീറ സോക്കർ കേരള സി എഫ് സി സാൽമിയയെ നേരിടും മാസ്റ്റേഴ്‌സ് ലീഗിൽ ട്രിവാൻഡ്രം സ്ട്രൈക്കേഴ്സ് സോക്കർ കേരളയെ നേരിടും.സീസൺ ആറിന്റെ കിക്കോഫിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയതായി കെഫാക് ഭാരവാഹികൾ അറിയിച്ചു