ന്യൂഡൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന വിവാദമായ മൂന്നു കർഷക ബില്ലുകളും തള്ളി ഡൽഹി നിയമസഭ. കരിനിയമങ്ങൾ നിയമസഭ പാസാക്കണമെന്ന കേന്ദ്ര സർക്കാറിന്റെ ആവശ്യം തള്ളിയതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

കർഷകരുടെ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാറിന്റെ വിവാദ കർഷക നിയമത്തിന്റെ പകർപ്പ് നിയമസഭയിൽ കെജ് രിവാൾ കീറിയെറിഞ്ഞു. കോവിഡ് മഹാമാരിയുടെ കാലത്ത് കർഷക നിയമങ്ങൾ പാർലമെന്റ് വേഗത്തിൽ പാസാക്കേണ്ട അത്യാവശ്യം എന്താണെന്ന് കെജ് രിവാൾ ചോദിച്ചു.

20 ദിവസമായി തുടരുന്ന പ്രക്ഷോഭത്തിനിടെ 20ലധികം പേർ മരണപ്പെട്ടു. ഒരു ദിവസം ഒരു കർഷകൻ എന്ന നിലയിൽ രക്തസാക്ഷിയാവുകയാണെന്നും കെജ് രിവാൾ ചൂണ്ടിക്കാട്ടി. വോട്ടെടുപ്പ് ഇല്ലാതെ ബിൽ രാജ്യസഭ പാസാക്കിയത് ആദ്യ സംഭവമാണ്. കേന്ദ്ര സർക്കാർ ബ്രിട്ടീഷുകാരെക്കാൾ മോശമാകരുതെന്നും കെജ് രിവാൾ വ്യക്തമാക്കി.

കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.