ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. മൂന്നാം തരംഗം വരാമെന്നത് യാഥാർഥ്യമാണെന്നും അതിനെ നേരിടാൻ യുദ്ധകാലാടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പ് നടത്തുന്നതായും അദ്ദേഹം വ്യക്തമാക്കി.

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകരുതെന്നാണ് പ്രാർത്ഥനയെന്നും ഒരു പക്ഷെ അത്തരമൊരു സാഹചര്യമുണ്ടായാൽ സംസ്ഥാനം ഒറ്റക്കെട്ടായി അതിനെ നേരിടുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി. ഡൽഹിയിലെ ഒമ്പത് ആശുപത്രികളിലായി സ്ഥാപിച്ച 22 പുതിയ ഓക്സിജൻ പ്ലാന്റുകളുടെ വെർച്വൽ ഉത്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരെയുള്ള പോരാട്ടത്തിന് പുതിയ ഓക്സിജൻ പ്ലാന്റുകൾ കരുത്തു പകരുമെന്നും കെജ്‌രിവാൾ പറഞ്ഞു.

ഡൽഹിയിലെ ജനങ്ങൾ തോളോടുതോൾ ചേർന്നു നിന്നാണ് രണ്ടാം തരംഗത്തിനെതിരെ പൊരുതിയതെന്നും പ്രതിസന്ധിമധ്യത്തിലും അച്ചടത്തോടെയും സമചിത്തതയോടെയും വ്യാപനത്തെ നിയന്ത്രിക്കാൻ ജനങ്ങൾക്ക് സാധിച്ചതായും കെജ്‌രിവാൾ പറഞ്ഞു. കോവിഡ് പോരാട്ടത്തിൽ ഒപ്പം നിന്ന വ്യാവസായിക മേഖലയ്ക്ക് അദ്ദേഹം പ്രത്യേക നന്ദിയറിയിച്ചു. മൂന്നാം തരംഗമുണ്ടാവുകയാണെങ്കിൽ നേരിടാൻ കൂടുതൽ ഓക്സിജൻ ടാങ്കറുകൾ സജ്ജമാക്കുമെന്നും അദ്ദേഹം ഉറപ്പു നൽകി.