ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്ന ഇത്തവണ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും നൽകണമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഇക്കാര്യം ഉന്നയിച്ച് കെജ്രിവാൾ പ്രധാനമന്ത്രിക്ക് കത്തെഴുതി.

നിലവിലെ നിയമങ്ങൾ മാറ്റിയാൽ എല്ലാ ആരോഗ്യ പ്രവർത്തകരെയും ഒരു ഗ്രൂപ്പായി പരിഗണിച്ച് അവർക്ക് പുരസ്‌കാരം നൽകാമെന്നാണ് കെജ്രിവാൾ കത്തിൽ നിർദേശിക്കുന്നത്.

'ഇത്തവണ ഭാരത് രത്ന 'ഇന്ത്യൻ ഡോക്ടർ'മാർക്ക് നൽകണമെന്നാണ് രാജ്യം ആവശ്യപ്പെടുന്നത്. ഒരു വ്യക്തിക്ക് നൽകണം എന്നല്ല ഞാൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. രാജ്യത്തെ ഡോക്ടർമാർക്കും നഴ്സുമാർക്കും പാരാമെഡിക്കൽ സ്റ്റാഫുകൾക്കുമൊക്കെ ഈ ആദരം ലഭിക്കേണ്ടതുണ്ട്,' കെജ്രിവാൾ എഴുതി.

കൊവിഡിനെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട ഡോക്ടർമാർക്കും നഴ്സുമാർക്കും ഇത് ഒരു വലിയ ആദരമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.