പ്രതീക്ഷയോടെ ജനങ്ങൾ അധികാരത്തിലേറ്റുകയും വീണ്ടുവിചാരമില്ലാതെ ജനങ്ങളെ പെരുവഴിയിലാക്കി രാജിവച്ച് ഇറങ്ങിപ്പോരുകയും ചെയ്ത ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരീവാളിന് ഒടുവിൽ വീണ്ടുവിചാരം ഉണ്ടായിരിക്കുന്നു. ഒരിക്കൽക്കൂടി അധികാരത്തിലെത്തിയാൽ രാജിവെക്കില്ലെന്നും ഇതിനകം താൻ പാഠം പഠിച്ചുവെന്നുമാണ് കെജരീവാളിന്റെ വെളിപ്പെടുത്തൽ. എടുത്തുചാടി രാജിവച്ചത് അബദ്ധമായിപ്പോയെന്ന് പറയാതെ പറയുകയാണ് കെജരീവാൾ.  

രാഷ്ട്രീയ പാർട്ടികളുടെ അഴിമതിക്കെതിരെ രംഗത്തുവരികയും രാജ്യമെമ്പാടും ജനകീയ മുന്നേറ്റമായി മാറുകയും ചെയ്ത ആം ആദ്മി, കോൺഗ്രസ്സിനെയും ബിജെപിയെയും ഞെട്ടിച്ചുകൊണ്ട് ഡൽഹിയിൽ ന്യൂനപക്ഷ സർക്കാർ രൂപവൽക്കരിച്ചപ്പോൾ, അതൊരു രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് കരുതിയവർ പോലും ഏറെയാണ്. എന്നാൽ, പ്രഖ്യാപിത ലക്ഷ്യമായ അഴിമതിവിരുദ്ധ ബിൽ നിയമസഭയിൽ പരാജയപ്പെട്ടതിനെത്തുടർന്ന്, 49 ദിവസം പ്രായമുള്ള കെജരീവാൾ സർക്കാർ രാജിവെക്കുകയായിരുന്നു.

എന്നാൽ, കെജരീവാളിന്റെ ആം ആദ്മി പാർട്ടിക്ക് ഇനി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ആം ആദ്മിക്ക് ഇനിയും ഭരണത്തിലെത്താൻ കഴിയുമെന്നാണ് താൻ കരുതന്നതെന്നും ബിജെപിയാകും പ്രധാന എതിരാളിയെന്നും കെജരീവാൾ പറയുന്നു. മോദിയെ ഉയർത്തിക്കാട്ടി ഡൽഹിയിലെ ജനങ്ങളെ കബളിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഡൽഹി ഭരിക്കുന്നത് മോദിയല്ലെന്നോർക്കണമെന്നും കെജരീവാൾ പറയുന്നു.

ഒരു മുഖ്യമന്ത്രിയെ ഉയർത്തിക്കാട്ടിയാവില്ല നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുകയെന്ന് ബിജെപി പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്രയിലും ഹരിയാണയിലുമൊക്കെ വിജയം കണ്ട മോദി തരംഗം തന്നെയാവും ഡൽഹിയിലും ബിജെപിയുടെ മുഖ്യ ആയുധം. അത് വിജയം കാണുമെന്ന് നിരീക്ഷകർ കരുതുമ്പോൾ, മോദിപ്രഭ ഡൽഹിയിൽ വാഴില്ലെന്ന് കെജരീവാൾ പ്രഖ്യാപിക്കുന്നു. ഇനിയും അധികാരത്തിലെത്താനാവുമെന്നും, എത്തിയാൽ താൻ രാജിവെക്കില്ലെന്നും കെജരീവാൾ പറയുന്നത് ഈ സാഹചര്യത്തിലാണ്.

ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചശേഷം വാരണാസിയിൽ മോദിക്കെതിരെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെജരീവാൾ മത്സരിച്ചിരുന്നു. പ്രതീക്ഷിച്ചതുപോലെ വലിയ ഭുരിപക്ഷത്തിൽ മോദി വിജയിച്ചിക്കുകയും ചെയ്തു. മോദി നല്ല പ്രാസംഗികനാണെന്നും പ്രവർത്തനമൊന്നുമില്ലെന്നുമാണ് കെജരീവാളിന്റെ നിരീക്ഷണം. ജനങ്ങളുടെ പ്രതീക്ഷ ഉയർത്താൻ എൻഡിഎ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും എന്നാൽ, നൽകുന്ന വാഗ്ദാനങ്ങൾ സമയത്ത് നിറവേറ്റുന്നതിൽ മോദി പലപ്പോഴും പരാജയപ്പെടുകയാണെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.

ഏതായാലും, കഴിഞ്ഞ തിരഞ്ഞെടുപ്പുകാലത്ത് ഉണ്ടായിരുന്ന സ്വാധീനം ഇക്കുറി ആം ആദ്മിക്ക് ഡൽഹിയിൽ ലഭിക്കില്ലെന്ന് കരുതുന്നവരാണേറെയും. പ്രതിസന്ധി ഘട്ടത്തിൽ ഭരണം ഉപേക്ഷിച്ചുപോയ കെജരീവാളിന്റെ നടപടി തന്നെയാണ് ആം ആദ്മിയ്‌ക്കെതിരായ ഏറ്റവും വലിയ പ്രചാരണമായി മാറുക. ബിജെപിയാകട്ടെ, ഡൽഹി തൂത്തുവാരാമെന്ന പ്രതീക്ഷയിലുമാണ്.