ന്യൂഡൽഹി: കാശ്മീരിലേയും ഝാർഖണ്ഡിലേയും തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞു. ഇനി ഡൽഹിയിലാണ് പോരാട്ടം. ബിജെപിയും ആംആദ്മിയുമാണ് നേർക്കു നേർ. ഡൽഹി പിടിക്കാൻ അരയും കച്ചയും മുറുക്കി ബിജെപിയും ആംആദ്മിയും രംഗത്തുണ്ട്. കരുതലോടെയാണ് ഓരോ ചുവടു വയ്‌പ്പും. അതിനിടെ ന്യൂഡൽഹി മണ്ഡലത്തിൽ വീണ്ടുമൊരു കൈ നോക്കാൻ ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി അരവിന്ദ് കെജ്രിവാൾ എത്തുമെന്ന് വ്യക്തമായി. എന്നാൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കെതിരെ മത്സരിക്കാൻ ഭയമായതിനാലാണ് കെജ്രിവാൾ, ന്യൂഡൽഹിയെ വീണ്ടും മത്സര മണ്ഡലമാക്കുന്നതെന്നാണ് ബിജെപിയുടെ ആക്ഷപം.

ന്യൂഡൽഹി നിയമസഭാ മണ്ഡലത്തിൽ ആരായിരിക്കും ആം ആദ്മിയുടെ സ്ഥാനാർത്ഥിയെന്നതിനെക്കുറിച്ച് ചൂടൻ ചർച്ചകളും ആകാംക്ഷകളും നിലനിന്നിരുന്നു. അതു സംബന്ധിച്ച് ബിജെപിയും കോൺഗ്രസും ചില പ്രചാരണങ്ങൾ നടത്തുകയും ചെയ്തിരുന്നു. എന്നാൽ എല്ലാ അഭ്യൂഹങ്ങൾക്കും വിരാമിട്ട് കൊണ്ട് ആം ആദ്മി കെജ്‌രിവാളിനെത്തന്നെ ന്യൂഡൽഹിയിലെ സ്ഥാനാർത്ഥിയായി ബുധനാഴ്ച പ്രഖ്യാപിച്ചത്.

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ മുൻ ഡൽഹി മുഖ്യമന്ത്രി ഷീലാദീക്ഷിത്തിനെ 22,000 വോട്ടുകൾക്കായിരുന്നു കെജ്രിവാൾ പരാജയപ്പെടുത്തിയിരുന്നത്. ഇപ്പോൾ ആം ആദ്മി അഞ്ചാമത് പുറത്തിറക്കിയ സ്ഥാനാർത്ഥി ലിസ്റ്റിലാണ് പാർട്ടിയുടെ തലവന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്. 69 സ്ഥാനാർത്ഥികൾ കെജ്രിവാളിന്റെ പേര് നിർദ്ദേശിക്കുകയായിരുന്നുവെന്നാണ് ആംആദ്മി വൃത്തങ്ങൾ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.

തങ്ങൾ കെജ്രിവാളിന്റെ പേര് പ്രഖ്യാപിക്കാത്തതിനെത്തുടർന്ന് അദ്ദേഹം സീറ്റ് മാറുന്നുവെന്ന പ്രചാരണം കോൺഗ്രസും ബിജെപിയും നടത്തുകയായിരുന്നുവെന്നും ഇത് തെറ്റായി സൂചനയ്ക്ക് വഴിയൊരുക്കിയെന്നുമാണ് ആം ആദ്മി പറയുന്നത്. എന്നാൽ കെജ്രിവാളിന്റെ പേര് പ്രഖ്യാപിച്ചതിന് തൊട്ടുപിറകെ ആം ആദ്മിയെ ആക്രമിക്കാൻ ബിജെപി രംഗത്തെത്തി. കെജ്രിവാളിന്റെ മറ്റൊരു മലക്കം മറിയലാണ് ഇപ്പോൾ കാണാൻ കഴിഞ്ഞതെന്നാണ് ബിജെപിയുടെ വിമർശനം.

കെജ്രിവാളിന്റെ സ്ഥാനാർത്ഥിത്വം അവസാനം മാത്രമെ പ്രഖ്യാപിക്കുകയുള്ളുവെന്നും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിക്കെതിരെയാകും അദ്ദേഹം മത്സരിക്കുകയെന്നും ആം ആദ്മി പറഞ്ഞിരുന്നുവെന്നും അതിനെതിരായ മലക്കം മറിച്ചിലാണിപ്പോഴുണ്ടായിരിക്കുന്നതെന്നുമാണ് ബിജെപിയുടെ ആരോപണം. ഇതിലൂടെ കെജ്രിവാൾ തന്റെ പരാജയം സ്വീകരിച്ചിരിക്കുകയോണോയെന്നാണ് ബിജെപിയുടെ ഡൽഹി വക്താവായ ഹരീഷ് ഖുരാന ചോദിക്കുന്നത്. വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കെജ്രിവാൾ മത്സരിച്ച് തോറ്റിരുന്നു.

ഡൽഹി നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കർ ഫത്തേഹ് സിംഗിന് ഗോകുൽപുരി മണ്ഡലത്തിൽ നിന്നും ആം ആദ്മി ടിക്കറ്റ് നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹം ബിജെപി വിട്ട ആംആദിമിയിൽ ചേർന്നത്. ഡൽഹിയിലെ 70 സീറ്റുകളിൽ 59ലും ആം ആദ്മി ഇതുവരെയായി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നരേഷ് ബല്യാൻ, അമനത്തുല്ലാഹ് ഖാൻ, കൈലാഷ് ഗെഹ്ലോട്ട്, രാജേന്ദ്ര ദബാസ്, എസ്.ഡി. ശർമ, രാജേന്ദ്ര ഗൗതം എന്നിവർ അവരിൽ ചിലരാണ്.