ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഗുരുതര ആരോപണങ്ങളുമായി ആം ആദ്മി പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട മുന്മന്ത്രി കപിൽമിശ്ര. കെജ്രിവാൾ കഴിഞ്ഞ വർഷം ഡൽഹി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത് രണ്ട് ദിവസം മാത്രമാണെന്ന് മിശ്ര ആരോപിച്ചു.

അഴിമതി ആരോപണങ്ങൾ തുടർച്ചയായി ഉയരുകയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളിൽ റെയ്ഡുകൾ നടക്കുകയും ചെയ്യുമ്പോൾ മുഖ്യമന്ത്രി ജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാതെ വീട്ടിൽതന്നെ കഴിയുകയാണെന്ന് മിശ്ര ആരോപിച്ചു.

രാജ്യത്തെ മറ്റ് മുഖ്യമന്ത്രിമാരുമായി താരതമ്യം ചെയ്യുമ്പോൾ ജനങ്ങളുമായി ഏറ്റവും കുറച്ച് ഇടപഴകുന്ന മുഖ്യമന്ത്രി കെജ്രിവാൾ ആയിരിക്കും. ഏറ്റവും കുറച്ച് സമയം ജോലിചെയ്യുകയും ഏറ്റവും കൂടുതൽ അവധിയെടുക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും അദ്ദേഹം തന്നെ. സ്വന്തമായി വകുപ്പുകളൊന്നും അദ്ദേഹം കൈകാര്യം ചെയ്യുന്നില്ല. ഏറ്റവും കൂടുതൽ അഴിമതിക്കേസുകൾ നേരിടുന്ന മുഖ്യമന്ത്രിയായി വൈകാതെ അദ്ദേഹം മാറുമെന്നും മിശ്ര ഫേസ്‌ബുക്കിൽ ആരോപിച്ചു.

ആം ആദ്മി പാർട്ടി സർക്കാരിലെ ജല വകുപ്പ് മന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട കപിൽ മിശ്ര മുഖ്യമന്ത്രി കെജ്രിവാളിനെതിരെ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഡൽഹി മന്ത്രി സത്യേന്ദ്ര ജയിനിൽനിന്ന് കെജ്രിവാൾ രണ്ടുകോടിരൂപ കൈപ്പറ്റി എന്നതടക്കമുള്ള ആരോപണങ്ങളാണ് മിശ്ര ഉന്നയിച്ചത്.