ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഗത്ഭർ തമ്മിലുള്ള പോരാട്ടമായി മാറുന്നതോടെ പ്രചരണ ചൂടിലാണ് സൈബർ ലോകവും. കിരൺ ബേദിയും അരവിന്ദ് കെജ്രിവാളും തമ്മിലാണ് പോരാട്ടം നടക്കുന്നതെന്ന വ്യക്തമായതോടെ മുഖ്യധാര മാദ്ധ്യമങ്ങളുടെ അകമഴിഞ്ഞ പിന്തുണ ബിജെപിക്ക് ഒപ്പമാണ്. അതേസമയം സോഷ്യൽ മീഡിയയിലൂടെയാണ് ആംആദ്മിയുടെ പ്രചരണങ്ങൾ. കഴിഞ്ഞ ദിവസം ബിജെപി കിരൺ ബേദിയാണ് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് വ്യക്തമാക്കിയിരുന്നു.

അതിനിടെ കിരൺ ബേദിയെ തുറന്ന സംവാദത്തിനു ക്ഷണിച്ച് ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാൾ രംഗത്തെത്തിയതോടെ പോരാട്ടം കടുത്ത ചൂടിലേക്ക് നീങ്ങി. പക്ഷപാതമില്ലാത്ത ഒരാളെ മോഡറേറ്ററായി വച്ചുള്ള സംവാദത്തിന് ബേദിയെ ക്ഷണിക്കുന്നു എന്നാണ് കെജ്രിവാൾ പറഞ്ഞത്. അതേസമയം, കേജ്‌രിവാളിന്റെ വെല്ലുവിളി സ്വീകരിക്കുന്നുവെന്ന് കിരൺ ബേദി തിരിച്ചടിച്ചു. കേജ് രിവാൾ സംവാദത്തിലാണ് വിശ്വസിക്കുന്നത്. താൻ പ്രവർത്തിയിലും. അതിനാൽ നിയമസഭയ്ക്കുള്ളിൽ നേരിടാമെന്നും ബേദി പറഞ്ഞു.

കിരൺ ബേദി തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തുവെന്നും അത് മാറ്റണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. എന്നാൽ ഒരു വർഷം മുൻപാണ് താൻ കേജ്‌രിവാളിനെ ബ്ലോക്ക് ചെയ്തതെന്നും സഭ്യമില്ലാത്ത സംസാരങ്ങൾ വന്നതിനാലാണ് ഇങ്ങനെ ചെയ്തതെന്നും ബേദി പ്രതികരിച്ചു. ഇങ്ങനെ സൈബർ ലോകത്ത് ബിജെപിയും ആം ആദ്മിയു തമ്മിൽ പോര് മുറുകുമ്പോൾ കാഴ്‌ച്ചക്കാരുടെ റോളിലാണ് ബിജെപി.

'5 സാൽ കെജ്രിവാൾ' എന്ന ചിത്രം ഫേസ്‌ബുക്ക് പ്രൊഫൈാലാക്കി പ്രചരിപ്പിക്കണമെന്നാണ് ഡൽഹിക്കാരോട് അഭ്യർത്ഥിക്കുന്നത്. പ്രചരണത്തിനായി കൂടുതൽ വീഡിയോകളും ആം ആദ്മി പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.