ലോകത്തിന്റെ മുക്കിലും മൂലയിൽനിന്നും ദിവസവും ലക്ഷക്കണക്കിന് രൂപ സംഭാവനകളായി ലഭിച്ചിരുന്ന പാർട്ടിയാണ്. പറഞ്ഞിട്ടെന്തുകാര്യം? ഇപ്പോൾ അന്നന്നത്തെ നിലനിൽപ്പിനുപോലും കഷ്ടപ്പെടേണ്ട അവസ്ഥയിലാണ്. പറഞ്ഞുവരുന്നത് ഇന്ത്യൻ രാഷ്ട്രീയത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട ആം ആദ്മി പാർട്ടിയെക്കുറിച്ചാണ്. ഡൽഹിയിൽ അധികാരത്തിൽ വരികയും 49 ദിവസത്തിനുശേഷം അതു വലിച്ചെറിയുകയും ചെയ്ത എ.എ.പി ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ചെലവുകൾക്കായി പെടാപ്പാടുപെടുകയാണെന്നാണ് റിപ്പോർട്ട്.

തിരഞ്ഞെടുപ്പ് ചെലവുകൾക്കായി പണം കണ്ടെത്താൻ ആം ആദ്മി നേതാവ് അരവിന്ദ് കെജരീവാൾ വീണ്ടും വിരുന്നുകൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ്. വജ്രവ്യാപാരികൾ, ബോളിവുഡ് അഭിനേതാക്കൾ, ബാങ്കിങ് വ്യവസായികൾ തുടങ്ങിയ വൻതോക്കുകൾക്കുവേണ്ടിയുള്ള വിരുന്നിൽ പങ്കെടുക്കുന്നതിന് 20,000 രൂപയാണ് ചെലവ്. അടുത്തയാഴ്ച മുംബൈയിലാണ് 'പ്ലേറ്റിന് 20,000' വിരുന്ന് അരങ്ങേറുക. ഓൺലൈനിലൂടെ ലക്ഷങ്ങൾ കിട്ടിയിരുന്ന പാർട്ടിക്ക് ഇപ്പോൾ സംഭാവനകൾ വെറും ആയിരങ്ങളിലേക്ക് ചുരുങ്ങിയതോടെയാണ് പണച്ചാക്കുകളുടെ സഹായം തേടാൻ കെജരീവാൾ തീരുമാനിച്ചത്.

മുംബൈയിൽ നവംബർ 27-ന് നടക്കുന്ന വിരുന്നിലൂടെ 40 ലക്ഷം രൂപ സമാഹരിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. ആം ആദ്മിയുടെ മഹാരാഷ്ട്ര യൂണിറ്റ് അഞ്ചുകോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യത്തിലാണ്. അടുത്ത രണ്ടുമാസത്തിനിടെ തീവ്ര വിഭവ സമാഹരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്.

ആം ആദ്മി തരംഗമായി നിന്നിരുന്ന കാലത്ത് പ്രതിദിനം 30 ലക്ഷം രൂപയെങ്കിലും അക്കൗണ്ടുലേക്ക് എത്തിയിരുന്നു. ഡൽഹിയിൽ കെജരീവാൾ അധികാരത്തിലേറിയ ദിവസം സംഭാവന 1.46 കോടി രൂപയോളം ഉയർന്നു. തൊട്ടുതലേന്ന് 48 ലക്ഷം രൂപ ലഭിച്ചിടത്താണ് പെട്ടെന്ന് സംഭാവനയുടെ അളവും കുതിച്ചുയർന്നത്. എന്നാൽ, കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭാവനയുടെ വരവ് നിലച്ചു. പല ദിവസങ്ങളിലും അരലക്ഷം രൂപ പോലും തികയാറില്ല.

കഴിഞ്ഞ ഒരുവർഷത്തിനിടെ, 1,14,061 ദാതാക്കളിൽനിന്നായി 37.96 കോടി രൂപ ആം ആദ്മി പാർട്ടിക്ക് സംഭാവനയായിലഭിച്ചുവെന്നാണ് കണക്ക്. അതിനുമുമ്പുള്ള ഒരുവർഷം 20 കോടിയാണ് പാർട്ടിക്ക് ലഭിച്ചിരുന്നത്. വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുവെ, പാർട്ടി സംഭാവന സ്വീകരിക്കുന്നതിനായി രംഗത്തിറങ്ങുകയാണ്. എന്നാൽ, പഴയ ഗ്ലാമർ ആം ആദ്മിക്ക് ഇപ്പോഴില്ല എന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്‌.