ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ച സർക്കാർ ഫാർമസിസ്റ്റ് രാജേഷ് കുമാർ ഭരദ്വാജിന്റെ കുടുംബത്തിന് ഡൽഹി സർക്കാരിന്റെ വക ഒരുകോടി രൂപ. ഒരു കോടി രൂപയുടെ ചെക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കൈമാറി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചാണ് അദ്ദേഹം ചെക്ക് കൈമാറിയത്. സിഡിഎംഒ ഓഫീസിലാണ് ഭരദ്വാജ് ജോലി ചെയ്തിരുന്നത്. ജൂൺ 29 ന് കോവിഡ് സ്ഥിരീകരിച്ച അദ്ദേഹം ഡൽഹിയിലെ ബി.എൽ കപൂർ ഹോസ്പിറ്റലിൽ ചികിത്സ തേടി. ജൂലായ് 20 ന് അദ്ദേഹം കോവിഡ് ബാധിച്ച് മരിച്ചു. 

ഡൽഹിയിലെ ജനങ്ങൾക്കുവേണ്ടി സേവനം ചെയ്യുന്നതിനിടെ ജീവൻ നഷ്ടപ്പെട്ട ഭരദ്വാജിനെ പോലെയുള്ള കോവിഡ് പോരാളികളെ ഓർത്ത് അഭിമാനിക്കുന്നുവെന്ന് കെജ്‌രിവാൾ പറഞ്ഞു. കുടുംബത്തെ അനുശോചനം അറിയിച്ച കെജ്‌രിവാൾ ഭാവിയിൽ എന്ത് സഹായവും കുടുംബത്തിന് നൽകാൻ തയ്യാറാണെന്നും അറിയിച്ചു. സഹായധനം കുടുംബത്തിന് ആശ്വാസം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഫരീദാബാദിലാണ് അദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്.