ന്യൂഡൽഹി: ലഫ്റ്റനന്റ് ഗവർണർ സ്ഥാനമൊഴിഞ്ഞ നജീബ് ജങ്ങിന്റെ നടപടിയിൽ അത്ഭുതമെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നജീബ് ജങ്ങിന്റെ ഭാവി പദ്ധതികൾക്ക് ആശംസകൾ അറിയിക്കുന്നതായും കെജ്‌രിവാൾ ട്വിറ്ററിൽ കുറിച്ചു.

സേവന കാലാവധി തീരാൻ 18 മാസം മാത്രം ബാക്കി നിൽക്കെയാണ് ജങ്ങിന്റെ രാജി പ്രഖ്യാപനം. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടിയുമായി ഭിന്നതയിലായിരുന്നു ജങ്. ഇതിന്റെ പശ്ചാത്തലത്തിലാണു രാജിയെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ, അദ്ധ്യാപനത്തിലേക്കു മടങ്ങുന്നുവെന്ന വിശദീകരണമാണു ജങ് നൽകുന്നത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് ഭരിക്കുന്നതിനുള്ള അനുമതി നൽകണമെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നജീബ് ജങ് രാജി പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്.