ന്യുഡൽഹി: നല്ല മനുഷ്യനാണ് ലഫ്റ്റനന്റ് ഗവർണർ നജീബ് ജങ്ങെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എന്നാൽ, അദ്ദേഹത്തിനു മുകളിലുള്ള രാഷ്ട്രീയ തലവന്മാർ നെറികെട്ടവരാണെന്നു കെജ്രിവാൾ കുറ്റപ്പെടുത്തി.

ആ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയതുകൊണ്ട് യാതൊരു കാര്യവുമില്ലെന്നും, പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദേശങ്ങൾ അതേപടി അനുസരിക്കുക മാത്രമാണ് അദ്ദേഹം ചെയ്യുന്നതെന്നും അരവിന്ദ് കെജ്രിവാൾ പറഞ്ഞു.

ലഫ്റ്റനന്റ് ഗവർണറായ നജീബ് ജങ്ങിനെ മാറ്റണമെന്ന് കോൺഗ്രസും, ബിജെപിയും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നുണ്ടോ, അദ്ദേഹം പരാജയമാണോ എന്ന ചോദ്യത്തിനുത്തരമായാണ് കെജ്രിവാൾ തന്റെ ട്വിറ്ററിൽ മറുപടി കുറിച്ചത്. ബിജെപി നേതാവായ ഉദിത് രാജ് കഴിഞ്ഞ ദിവസം നജീബ് ജങ്ങിനെ ആ സ്ഥാനത്ത് നിന്നും മാറ്റണമെന്നും, അദ്ദേഹം അമിതാധികാര പ്രവണത കാട്ടുന്നെന്നും ആരോപിച്ചിരുന്നു.

ഫെഡറൽ സംവിധാനത്തിന് യോജിച്ച വിധമല്ല ലെഫ്റ്റനന്റ് ഗവർണറുടെ നടപടികളെന്ന് കോൺഗ്രസും വ്യക്തമാക്കിയിരുന്നു. കേന്ദ്രഭരണ പ്രദേശമായ ഡൽഹിയിൽ ആദ്മി പാർട്ടി അധികാരത്തിൽ എത്തിയ നാളുകൾ മുതൽ ലെഫ്റ്റനന്റ് ഗവർണറുമായി അഭിപ്രായ ഭിന്നതകൾ രൂക്ഷമാണ്. ഇതിനൊടുവിലാണ് ജങ്ങിന്റെ തലയ്ക്കു മുകളിൽ ഉള്ളവരാണു പ്രശ്‌നക്കാർ എന്ന തരത്തിൽ കെജ്‌രിവാൾ ട്വീറ്റു ചെയ്തത്.