ന്യൂഡൽഹി: സമരം ചെയ്ത് ജനങ്ങളെ ബുദ്ധിമുട്ടിച്ച് കാര്യം നേടാൻ സാധിക്കുമെന്ന് കരുതേണ്ട. ഇത് ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരാണ്. 70-ൽ 67 സീറ്റ് നേടി അധികാരത്തിലെത്തിയ സർക്കാർ. ഈ സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങൾ തൃപ്തരാണ്. ഒരു പത്ത്-പതിനഞ്ചുവർഷം കൂടി ഞങ്ങൾ ഇവിടെയുണ്ടായെന്ന് വരാം-ഡൽഹിയിലെ ഉദ്യോഗസ്ഥ വൃന്ദത്തോടായി മുഖ്യമന്ത്രി അരവിന്ദ് കെജരീവാൾ പറഞ്ഞു.

സിവിൽ സർവീസ് ദിനത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാരിനെ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരും ഉണ്ടാകാം. എന്നാൽ, 55 ശതമാനത്തിലേറെ വോട്ട് നേടി അധികാരത്തിലേറിയ സർക്കാരിന്റെ നിർദേശങ്ങൾ അനുസരിച്ചേ തീരൂ.

ഉദ്യോഗസ്ഥർക്ക് അവരുടെ ആഗ്രഹത്തിന് അനുസരിച്ച് ജോലി ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും തന്റെ സർക്കാർ നൽകുമെന്ന് കെജരീവാൾ പറഞ്ഞു. 'പാവപ്പെട്ടവർക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണിത്. പുതിയ പുതിയ ആശയങ്ങളുള്ള ഒട്ടേറെപ്പേർ നിങ്ങളുടെ ഇടയിലുണ്ടാകാം. അതുമായി മുന്നോട്ടുവരിക. പുതിയ ആശയങ്ങൾ നൽകാൻ കഴിഞ്ഞവർഷവും ഞാൻ ആവശ്യപ്പെട്ടു. പക്ഷേ, ഒരെണ്ണം പോലും ലഭിച്ചില്ല'-കെജരീവാൾ പറഞ്ഞു.

സമരത്തിന് ഇറങ്ങിപ്പുറപ്പെടുന്നതിന് മുമ്പ് സർക്കാരിനെ അറിയിക്കാനുള്ള ബാധ്യത പോലും ഉദ്യോഗസ്ഥർ കാണിക്കുന്നില്ലെന്ന് കഴിഞ്ഞ ഡിസംബർ 31-ന് നടന്ന സമരത്തെ സൂചിപ്പിച്ചുകൊണ്ട് കെജരീവാൾ പറഞ്ഞു. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിന്റെ പേരിലായിരുന്നു സമരം. എന്നാൽ, എന്തിനായിരുന്നു സസ്‌പെൻഷൻ എന്നുപോലും ആരും അന്വേഷിച്ചില്ല. രാഷ്ട്രീയ പ്രേരിതങ്ങളായ ഇത്തരം സമരങ്ങൾ അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എന്തും സഹിക്കും, പക്ഷേ ഈ രാഷ്ട്രീയാതിപ്രസരം സഹിക്കാനാവില്ലെന്ന് കെജരീവാൾ പറഞ്ഞു. രാഷ്ട്രീയത്തിലാണ് താത്പര്യമെങ്കിൽ സർക്കാർ ജോലി രാജിവെക്കുക. എന്നിട്ട് രാഷ്ട്രീയത്തിലിറങ്ങി തിരഞ്ഞെടുപ്പിൽ മത്സരിച്ച് ഞങ്ങളോട് പോരാടുക-കെജരീവാൾ പറഞ്ഞു.

ഉദ്യോഗസ്ഥരാണ് സ്ഥിരമായുള്ള സർക്കാരെന്ന് തനിക്കൊരു മുതിർന്ന ഉദ്യോഗസ്ഥൻ കത്തെഴുതിയതായി കെജരീവാൾ പറഞ്ഞു. മന്ത്രിമാരല്ല, ഉദ്യോഗസ്ഥരാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും അദ്ദേഹം എഴുതിയിരുന്നു. ജനാധിപത്യമെന്നാൽ ജനങ്ങൾക്കുവേണ്ടി ജനങ്ങൾ തിരഞ്ഞെടുക്കുന്ന സർക്കാരാണെന്ന് എന്റെ മകനോട് ഞാനെങ്ങനെ പറഞ്ഞുകൊടുക്കുമെന്ന് കെജരീവാൾ ഉദ്യോഗസ്ഥരോടായി ചോദിച്ചു.