ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയിലെ അൻപതിലധികം സ്ഥാനാർത്ഥികൾ വിജയിച്ചത് ഇരുപതിനായിരത്തിൽ കൂടുതൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ. ഇതിൽതന്നെ 15 പേരുടെ ഭൂരിപക്ഷം നാല്പതിനായിരത്തിലെറെയാണ്. അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രിയാക്കാൻ ഡൽഹിയിലെ ബഹുഭൂരിഭാഗം ജനങ്ങളും ആഗ്രഹിച്ചിരുന്നു. അതുതന്നെയാണ് വോട്ടെണ്ണലിൽ പ്രകടമായതും. ആകെ പോൾ ചെയ്ത വോട്ടുകളുടെ 54 ശതമാനം വോട്ടുമായാണ് അവർ അധികാരത്തിലെത്തുന്നത്.

ഭൂരിപക്ഷത്തിലെ റിക്കോർഡും ആപ്പിന്റെ ജനപിന്തുണയ്ക്ക് തെളിവാണ്. വികാസ്പുരി മണ്ഡലത്തിൽനിന്ന് വിജയിച്ച മഹീന്ദർ യാദവിനാണ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം, 77665 വോട്ട്. ഏറ്റവും കൂടുൽ ഭൂരിപക്ഷം ലഭിച്ചവരും മണ്ഡലവും വോട്ടും: സഞ്ജീവ് ഝാ (ബുറാഡി) 67950, അമനത്തുള്ള ഖാൻ (ഒഖ്‌ല) 64532, പ്രകാശ് (ദിയോലി) 63000. അരവിന്ദ് കേജ്‌രിവാൾ ന്യൂഡൽഹിയിൽ വിജയിച്ചത് 31583 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്.

ശക്തമായ ത്രികോണ മത്സരമുണ്ടായിട്ടും ഡൽഹിയിലെ വോട്ടർമാരിൽ പകുതിയിലേറെ അരവിന്ദ് കേജ്‌രിവാളിനും കൂട്ടർക്കുമൊപ്പം നിലയുറപ്പിക്കുകയായിരുന്നു.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിലേറിയെങ്കിലും ബിജെപിക്ക് ആകെ വോട്ടുകളുടെ 31 ശതമാനം മാത്രമാണ് ലഭിച്ചത്. 2012ൽ ഉത്തർപ്രദേശിൽ വൻ ഭൂരിപക്ഷം നേടിയ സമാജ്‌വാദി പാർട്ടിക്ക് ലഭിച്ചതാകട്ടെ 30 ശതമാനവും. 40 ശതമാനത്തിലധികം വോട്ട് ഒരു പാർട്ടിക്കു മാത്രമായി ലഭിച്ച ചരിത്രം സമീപകാല തിരഞ്ഞെടുപ്പുകളിലുണ്ടായിട്ടില്ല. ആദ്യമായി വോട്ടു ചെയ്ത യുവ വോട്ടർമാരും ന്യൂനപക്ഷ വോട്ടുകളും ആം ആദ്മി സ്ഥാനാർത്ഥികൾക്കൊപ്പം നിന്നു.ട

എഴുപതംഗ നിയമസഭയിൽ 67 സീറ്റു നേടിയ ആം ആദ്മിക്ക് 54 ശതമാനം വോട്ടർമാരുടെ പിന്തുണ കിട്ടി. നാലു സീറ്റുകളിൽ മാത്രം ജയിച്ച ബിജെപിക്ക് 32 ശതമാനം വോട്ടുകൾ ലഭിച്ചു. പൂജ്യത്തിലൊതുങ്ങിയ കോൺഗ്രസിനു പത്തു ശതമാനം പോലും നേടാനായില്ല. 2013ൽ 28 സീറ്റുകളിൽ ജയിക്കാൻ ആം ആദ്മി പാർട്ടിക്ക് 29.49 ശതമാനം വോട്ടുകളാണ് ലഭിച്ചത്. 2013ൽ 31 സീറ്റു നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് 33.07 ശതമാനം വോട്ടു ലഭിച്ചിരുന്നു. 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന്റെ വോട്ടുകൾ 24. 55 ശതമാനമായി കുറഞ്ഞപ്പോഴാണ് എട്ടു സീറ്റിലേക്ക് ഒതുങ്ങിയത്. മൂന്നു സീറ്റിലൊതുങ്ങിയെങ്കിലും ബിജെപിയുടെ വോട്ടുകളിൽ ഒരു ശതമാനത്തിന്റെ കുറവു മാത്രമാണുണ്ടായത്.

ന്യൂനപക്ഷവും കെജ്രിവാളിനൊപ്പം

മുസ്‌ളിം ഭൂരിപക്ഷ പ്രദേശങ്ങളായ ഓൾഡ് ഡൽഹിയിലെ ചാന്ദ്‌നി ചൗക്ക്, സദർബസാർ, ദക്ഷിണ ഡൽഹിയിലെ അംബേദ്കർ നഗർ, ബദർപൂർ, ഓഖ്‌ല, ബല്ലിമാരൻ, മാട്ടിയ മഹൽ തുടങ്ങിയ മണ്ഡലങ്ങളിൽ ആം ആദ്മിക്കാണ് വിജയം.ക്രിസ്ത്യൻ വോട്ടുകളും പാർട്ടിക്ക് ലഭിച്ചിട്ടുണ്ട്. പള്ളികൾക്കെതിരെ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി വിരുദ്ധ വികാരം ശക്തമായിരുന്നു. പള്ളികളിൽ ആം ആദ്മി പാർട്ടിക്ക് വോട്ടു ചെയ്യാൻ ആഹ്വാനവും നൽകിയിരുന്നു.

ബിജെപി ഓഫീസ് മൂകം

നരേന്ദ്ര മോദി അധികാരത്തിലെത്തിയ ശേഷം ബിജെപി ഓഫീസിൽ രാവും പകലും തിരക്കായിരുന്നു. പക്ഷേ ഇന്നലെ ആരും അവിടെ എത്തിയില്ല. എന്നാൽ പട്ടേൽ നഗറിലെ പ്രധാന ഓഫീസിൽ മാത്രമല്ല, നഗരത്തിലെ ആം ആദ്മി പാർട്ടിയുടെ എല്ലാ ഓഫീസുകളും വൻ വിജയം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. പണ്ഡിറ്റ് പന്ത് മാർഗിലെ ബിജെപി ആസ്ഥാനത്താകട്ടെ തയ്യാറെടുപ്പുകളൊന്നുമില്ലായിരുന്നു. ചില ഭാരവാഹികളും മാദ്ധ്യമപ്രവർത്തകരും ഒഴിച്ച് പ്രധാന നേതാക്കളാരും അവിടെ ഇല്ലായിരുന്നു.

ജനങ്ങൾ ആപ്പിന് ഒരവസരം കൂടി നൽകുമെന്നാണ് എക്‌സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ പറഞ്ഞിരുന്നു. പി.സി.സി ആസ്ഥാനമായ രാജീവ് ഭവനിൽ പത്തിൽ താഴെ പ്രവർത്തകരും ഭാരവാഹികളുമാണ് ഇന്നലെ ഉണ്ടായിരുന്നത്. പരാജയം മുൻകൂട്ടി കണ്ട പോലെയായിരുന്നു അവിടത്തെ അന്തരീക്ഷം.

പ്രചാരണ രംഗത്ത് കഠിനാദ്ധ്വാനം നടത്തിയതാണെന്നും ഫലപ്രഖ്യാപനം ദിവസം വരെ വിശ്രമിക്കാനും പ്രവർത്തകരോട് കേജ്‌രിവാൾ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ പ്രവർത്തകർ വിശ്രമിച്ചില്ലെന്നുമാണ് പാർട്ടി ഓഫീസുകളിലെ കാഴ്ചകൾ വ്യക്തമാക്കിയത്. നോർത്ത് അവന്യൂവിലെ ആസ്ഥാനത്തും കൗശംഭിയിലെ കേജ്‌രിവാളിന്റെ വസതിയിലുമെല്ലാം മാദ്ധ്യമങ്ങളുടെ വൻപടയായിരുന്നു.

അപ്പിനെ ചതിച്ചവരുടെ കഥ കഴിഞ്ഞു

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റിനായും പദവികൾക്കായും പാർട്ടികൾ മാറിയവർ ഏറെയാണ്. മറ്റ് പാർട്ടികളിൽ നിന്ന് ആം ആദ്മി പാർട്ടിയിലേക്കും നേതാക്കൾ ചാടിയിരുന്നു. എന്നാൽ ഫലം വന്നപ്പോൾ ആപ്പിലേക്ക് ചാടിയവരെല്ലാം ജയിച്ചും മറ്റുള്ളവർ തോറ്റു.

കേജ്‌രിവാളിന്റെ ആദ്യ സർക്കാർ കാലത്ത് സ്പീക്കറായിരുന്ന എം.എസ്.ധിർ ജംഗ്പുര മണ്ഡലത്തിൽ ഇത്തവണ ബിജെപി സ്ഥാനാർത്ഥിയായിരുന്നു. 25,000 വോട്ടിനാണ് അദ്ദേഹം തോറ്റത്. ആം ആദ്മിയിൽ നിന്ന് ആദ്യം പുറത്താക്കപ്പെട്ട എംഎ‍ൽഎയായ വിനോദ് കുമാർ ബിന്നി ബിജെപിക്കായി മത്സരിച്ചു. പക്ഷേ പട്പഡ്ഗഞ്ചിൽ മനീഷ് സിസോഡിയയോട് 30,000 വോട്ടിന് ബിന്നി തകർന്നു. കഴിഞ്ഞതവണ ആം ആദ്മിക്ക് വേണ്ടി അംബേദ്കർ നഗറിൽ വിജയിച്ച അശോക് കുമാർ ഇത്തവണ ബിജെപി ടിക്കറ്റിൽ 42,000 വോട്ടിനാണ് തോറ്റത്. കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാർത്ഥിയുമായ കൃഷ്ണ തിരാത്ത് പട്ടേൽ നഗറിൽ 34000 വോട്ടിന് തോറ്റു.

കഴിഞ്ഞ തവണ ജെ.ഡി.യു ടിക്കറ്റിൽ മാതിയ മഹാളിൽ നിന്ന് വിജയിച്ച ഷൊയ്ബ് ഇക്‌ബാൽ ഇത്തവണ കോൺഗ്രസിൽ ടിക്കറ്റിൽ മത്സരിച്ചു. അഞ്ച് തവണ ഇവിടെ വിജയിച്ച ഇഖ്ബാൾ മൂന്ന് പാർട്ടികൾ ചാടി കടന്നാണ് ഇത്തവണ കോൺഗ്രസിലെത്തിയത്. പക്ഷേ 26000 വോട്ടിന് തോറ്റു.
അതേസമയം, ആം ആദ്മിയിൽ എത്തിയ മുൻ എ.ഐ.സി.സി സെക്രട്ടറി അൽക്കാ ലാംബ (ചാന്ദ്‌നി ചൗക്ക്), മുൻ ബിജെപി നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ഫത്തെ സിങ് എന്നിവർ വൻഭൂരിപക്ഷത്തിൽ ജയിച്ചു.

ആം ആദ്മി പാർട്ടിയുടെ അൽക ലാംബ (ചാന്ദ്‌നി ചൗക്ക്), സാഹിറാം (തുഗ്‌ളക്കാബാദ്) എന്നിവരാണു കാലുമാറ്റത്തിനിടയിലും ജയം കണ്ടവർ. 18287 വോട്ടുകൾക്കു ജയിച്ച അൽക മുൻപ് എൻഎസ്‌യു സ്ഥാനാർത്ഥിയായി ഡൽഹി സർവകലാശാലാ അധ്യക്ഷസ്ഥാനത്തേക്കു ജയിച്ചയാളാണ്. മാസങ്ങൾക്കു മുൻപാണ് ഇവർ ആം ആദ്മിയിലെത്തിയത്. സാഹിറാം ബിഎസ്‌പിയിൽനിന്നാണ് ആം ആദ്മിയിലെത്തിയത്.

സിപിഎമ്മിന് ഒരിടത്തും 1000 വോട്ട് കിട്ടിയില്ല

ഡൽഹി നിയമസഭയിലേക്കു മൽസരിച്ച ഇടതു സ്ഥാനാർത്ഥികൾക്കെല്ലാം കെട്ടിവച്ച കാശു പോയി. മൊത്തം 14 മണ്ഡലങ്ങളിലേക്കായി 15 ഇടതു സ്ഥാനാർത്ഥികളാണു മൽസരിച്ചത്. ഒരിടത്തുപോലും വോട്ട് 1000 കടന്നില്ല. സിപിഎമ്മിലെ എല്ലാ സ്ഥാനാർത്ഥികൾക്കുമായി ലഭിച്ചത് 1226 വോട്ടുകൾ മാത്രം. തർക്കത്തെ തുടർന്ന് സിപിഎമ്മും എസ്‌യുസിഐയും വെവ്വേറെ മൽസരിച്ച ബുറാഡി മണ്ഡലത്തിൽ എസ്‌യുസിഐ 930 വോട്ടു നേടി അഞ്ചാമതും സിപിഐ(എം) 250 വോട്ടുമായി 11ാം സ്ഥാനത്തുമെത്തി.

ശക്തികേന്ദ്രങ്ങളിൽ മാത്രമാണ് സിപിഐ(എം) സ്ഥാനാർത്ഥികളെ നിറുത്തിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. അല്ലാത്തിടങ്ങളിൽ ആംആദ്മിക്ക് പിന്തുണയും നൽകി. അങ്ങനെ ഒരു പ്രഖ്യാപനം മുൻകൂട്ടി നടത്താനായതുമാത്രമാണ് സിപിഎമ്മിനും ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിനുമുള്ള ഏക ആശ്വാസം.