ന്യൂഡൽഹി: പാർട്ടി അക്കൗണ്ടിലെ പണമെല്ലാം തീർന്നതിനാൽ ആം ആദ്മി പാർട്ടി സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. പാർട്ടി ഫണ്ടിലേക്ക് പണം സംഭാവന നൽകണമെന്നും ഡൽഹി നിവാസികളോടു കെജ്‌രിവാൾ അഭ്യർത്ഥിച്ചു.

അധികാരത്തിലേറി കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ പാർട്ടി ഫണ്ടെല്ലാം ചെലവായി തീർന്നു. മുന്നോട്ടുള്ള പാർട്ടി പ്രവർത്തനങ്ങൾക്ക് പണം വേണമെന്നാണ് കെജ്‌രിവാൾ പറയുന്നത്.

ജനങ്ങളിൽ നിന്ന് തുക സ്വീകരിക്കാനാണ് ആഗ്രഹിക്കുന്നത്. ഓരോരുത്തരും 10 രൂപയെങ്കിലും വച്ച് സംഭാവന നൽകണമെന്ന് കെജ്‌രിവാൾ ആവശ്യപ്പെട്ടു.വ്യക്തമാക്കി.

ഞങ്ങൾക്കു വേണമെങ്കിൽ മറ്റു പല തെറ്റായ മാർഗങ്ങളിലൂടെയും പണം കണ്ടെത്താം. എന്നാൽ ഒരിക്കലും അങ്ങനെ ചെയ്യുന്നവരല്ല ഞങ്ങൾ. നിങ്ങൾ നൽകുന്ന ഓരോ 10 രൂപയും സത്യസന്ധമായി ഭരണം നടത്താൻ ഞങ്ങളെ പ്രചോദിപ്പിക്കുമെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

ജനങ്ങൾ നൽകുന്ന പണം ഒരിക്കലും ദുരുപയോഗം ചെയ്യില്ല. നിങ്ങൾ നൽകുന്ന ഓരോ രൂപയ്ക്കും വ്യക്തമായ കണക്കുകൾ ഞങ്ങളുടെ പക്കലുണ്ട്. ജനങ്ങളുടെ സഹായത്തിന് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു.

മുൻപും പലതവണ കെജ്‌രിവാൾ പാർട്ടി ഫണ്ടിലേക്ക് പണശേഖരണം നടത്തിയിരുന്നു. തിരഞ്ഞെടുപ്പു സമയത്ത് ഓൺലൈൻ വഴി കോടിക്കണക്കിന് രൂപ പാർട്ടി ഫണ്ടിലേക്ക് എത്തിച്ചേർന്നിരുന്നതായി വാർത്തകൾ പുറത്തുവന്നിരുന്നു.