- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷവും കെജ്രിവാൾ രാഷ്ട്രീയം വിടാനൊരുങ്ങി; പ്രതിസന്ധി മൂർച്ചിച്ചപ്പോൾ വീണ്ടും ആലോചന വീട്ടിലിരിക്കാൻ; പിന്തുണയുമായി ലോകമെങ്ങും ആം ആദ്മി വളണ്ടിയേർസ്
ന്യൂഡൽഹി: ഡൽഹിയിൽ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയായി ദിവസങ്ങൾക്കകം പ്രസ്തുത സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോന്ന ചരിത്രമാണ് കെജ്രിവാളിനുള്ളത്. വാഗ്ദാങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കിട്ടിയ സ്ഥാനം വലിച്ചെറിയുന്നത് അപക്വമായ നടപടിയാണെന്ന് അന്ന് കെജ്രിവാളിന്റെ വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കെജ്രിവാൾ ഒരു തൊട്ടാവാടിയായ രാഷ്ട്രീയ

ന്യൂഡൽഹി: ഡൽഹിയിൽ ആദ്യഘട്ടത്തിൽ മുഖ്യമന്ത്രിയായി ദിവസങ്ങൾക്കകം പ്രസ്തുത സ്ഥാനത്ത് നിന്ന് ഇറങ്ങിപ്പോന്ന ചരിത്രമാണ് കെജ്രിവാളിനുള്ളത്. വാഗ്ദാങ്ങൾ പാലിക്കാത്തതിന്റെ പേരിൽ കിട്ടിയ സ്ഥാനം വലിച്ചെറിയുന്നത് അപക്വമായ നടപടിയാണെന്ന് അന്ന് കെജ്രിവാളിന്റെ വിമർശകർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ കെജ്രിവാൾ ഒരു തൊട്ടാവാടിയായ രാഷ്ട്രീയക്കാരനാണെന്ന് തെളിയിക്കുന്ന സന്ദർഭം പിന്നീടും അരങ്ങേറിയിരുന്നുവെന്നാണ് വെളിവായിരിക്കുന്നത്. അതായത് 2014ലുണ്ടായ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ആം ആദ്മിയിലുണ്ടാ അന്തഛിദ്രത്തെ തുടർന്നും കെജ്രിവാൾ രാഷ്ട്രീയം വിടാനൊരുങ്ങിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഇപ്പോൾ ആം ആദ്മിയിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് സജീവമായപ്പോൾ കെജ്രിവാൾ എല്ലാം മതിയാക്കി വീട്ടിലിരിക്കാൻ ആലോചിക്കുന്നുണ്ടെന്നാണ് സൂചന. എന്നാൽ ലോകമെങ്ങുമുള്ള ആം ആദ്മി വളണ്ടിയർമാർ പാർട്ടിയുടെ യോജിച്ചുള്ള പ്രവർത്തനത്തിനുള്ള പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്.
പുതിയ സംഭവവികാസങ്ങൾ കെജ്രിവാളിനെ ഏറെ വിഷമിപ്പിക്കുന്നുണ്ടന്നാണ് ആം ആദ്മിയുടെ ഡൽഹി ഇലക്ഷൻ കമ്മിറ്റി ഗ്രൂപ്പ് മെമ്പറായ അശുതോഷ് ഇന്നലെ വെളിപ്പെടുത്തിയിരിക്കുന്നത്. ആം ആദ്മി വൺമാൻ ഷോയിലേക്ക് നീങ്ങുന്നുവെന്ന ചില സഹപ്രവർത്തകരുടെ ആരോപണമാണത്രെ കെജ്രിവാളിനെ കൂടുതൽ വ്രണപ്പെടുത്തിയിരിക്കുന്നത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് ജൂണിൽ ചേർന്ന ആം ആദ്മിയുടെ നാഷണൽ എക്‌സിക്യൂട്ടീവിൽ വച്ച് താൻ രാഷ്ട്രീയം മതിയാക്കുന്ന കാര്യം കെജ്രിവാൾ വെളിപ്പെടുത്തിയിരുന്നുവെന്നും എന്നാൽ അടുത്ത ദിവസം യോഗേന്ദ്രയാദവും പ്രശാന്ത്ഭൂഷണും സമ്മർദം ചെലുത്തിയതിന്റെ പേരിൽ അദ്ദേഹം പ്രസ്തുത തീരുമാനത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്നുമാണ് കെജ്രിവാളിന്റെ വിശ്വസ്തനായ അശുതോഷ് വെളിപ്പെടുത്തിയിരിക്കുന്നത്. അന്ന് കെജ്രിവാളിന്റെ നേതൃത്ത്വത്തിൽ തങ്ങൾ പ്രവർത്തിച്ചു കൊള്ളാമെന്ന് യാദവും ഭൂഷണും ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
ഭൂഷണും യാദവും ഒരു ഭാഗവും കെജ്രിവാളിനെ പിന്തുണയ്ക്കുന്നവർ മറുഭാഗവുമായി ആം ആദ്മിയിൽ ഭിന്നത രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ വെളിപ്പെടുത്തലുകളുമായി അശുതോഷ് രംഗത്തെത്തിയിരിക്കുന്നത്. ഈ തർക്കത്തെ തുടർന്ന് ഭൂഷണെയും യാദവിനെയും ആം ആദ്മിയുടെ രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് ഈ മാസം നാലിന് പുറത്താക്കുകയും ചെയ്തിരുന്നു. ' ദി ക്രൗൺ പ്രിൻസ്, ദി ഗ്ലാഡിയേറ്റർ ആൻഡ് ദി ഹോപ്പ്' എന്ന തന്റെ പുസ്തകത്തിൽ അശുതോഷ് ഇതു സംബന്ധിച്ച വൈകാരികമായ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. കെജ്രിവാൾ പാർട്ടി കൺവീനർ സ്ഥാനം രാജിവയ്ക്കാൻ ശ്രമിച്ചത് വൈകാരികമായ ഭാഷയിലാണ് അശുതോഷ് ഈ പുസ്തകത്തിൽ എഴുതി വച്ചിരിക്കുന്നത്. നല്ല ജോലിയും മറ്റ് സൗഭാഗ്യങ്ങളും താൻ വിട്ട് വന്നത് പാർട്ടിയുടെ കൺവീനറാവാനല്ലെന്നും ഈ സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും പരിഗണിക്കണമെന്നും കെജ്രിവാൾ ആവശ്യപ്പെട്ടിരുന്നതായി ഈ പുസ്തകത്തിലൂടെ അശുതോഷ് വെളിപ്പെടുത്തിയിട്ടുണ്ട്.
യാദവും ഭൂഷണും കെജ്രിവാളിനെ കൺവീനർ സ്ഥാനത്ത് നിന്നും നീക്കാൻ കുറേക്കാലമായി ശ്രമിക്കുന്നുവെന്നും അതിലൂടെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ആപ്പിനെ തോൽപിക്കുകയായിരുന്നു അവരുടെ ലക്ഷ്യമെന്നും അശുതോഷ് വെളിപ്പെടുത്തുന്നു. എന്നാൽ എല്ലാവരും പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കാനാണ് വന്നിരിക്കുന്നതെന്നും അതിനാൽ കൂടുതൽ ചോദ്യോത്തരങ്ങൾ വേണ്ടെന്നുമാണ് പാർട്ടിയിലെ അഭ്യന്തര കലഹത്തിന്റെ പശ്ചാത്തലത്തിൽ യാദവ് പാർ്ട്ടി പ്രവർത്തകരോട് പറഞ്ഞിരിക്കുന്നത്. പാർട്ടി പ്രവർത്തകർ ഏറെ പ്രതീക്ഷകളോടെയാണ് വന്നിരിക്കുന്നതെന്നും ഇവിടെ നാം പരസ്പരം യുദ്ധം ചെയ്യാനല്ല വന്നതെന്നും മറിച്ച് അഴിമതി ഇല്ലാതാക്കാനാണെന്നും യാദവ് പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി നിരവധി കാര്യങ്ങൾ സംഭവിച്ചുവെന്നും എന്നാൽ എന്ത് തന്നെ സംഭവിച്ചാലും പാർട്ടിയിലുള്ള വിശ്വാസവും പ്രതീക്ഷയും കൈവിടരുതെന്ന് നിരവധി പാർട്ടി പ്രവർത്തകരോട് താൻ അഭ്യർത്ഥിച്ചിട്ടുണ്ടെന്നും പാഞ്ച്കുളയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ യാദവ് പറഞ്ഞു. പാർട്ടിയുടെ ജയ് കിസാൻ അഭിയാൻ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് യാദവ് പാഞ്ച്കുളയിലെത്തിയത്. ബിജെപി സർക്കാറിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെയാണ് പ്രസ്തു പരിപാടി സംഘടിപ്പിക്കുന്നത്.
ആം ആദ്മിയിൽ പോര് മുറുകുന്നതിനിടെ കമ്മിറ്റി മെമ്പർമാർ ഒന്നിച്ച് നിൽക്കണമെന്ന ആഹ്വാനവുമായി പഞ്ചാബി എൻആർഐ കമ്മ്യൂണിറ്റി രംഗത്തെത്തിയിട്ടുണ്ട്. ഇതിനായി ഗണ്ഡി ബജാവോ എന്നൊരു കാംപയിനും ആരംഭിച്ചിട്ടുണ്ട്. ആം ആദ്മിയുടെ വിവിധ രാജ്യങ്ങളിലുള്ള വളണ്ടിയർമാർ ഇക്കാര്യം അറിയിച്ച് കൊണ്ട് പാർട്ടി നേതാക്കൾക്ക് കത്തുകൾ അയച്ചിട്ടുമുണ്ട്. ആം ആദ്മിയോട് ആഭിമുഖ്യമുള്ളവരുടെ വികാരം വെളിപ്പെടുത്താനായി കാംപയിൻ ലോഞ്ച് ചെയ്തിട്ടുണ്ടെന്നാണ് യുകെയിലെ ആം ആദ്മി ഗ്രൂപ്പ് ഓഫ് വളണ്ടിയർമാരുടെ തലവനായ രാജ് റെഡിഗ് ഗിൽ പറയുന്നത്. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളോട് നീതി പുലർത്താനുള്ള ഉത്തരവാദിത്വം നാഷണൽ എക്‌സിക്യൂട്ടീവിലെ അംഗങ്ങൾക്കുണ്ടെന്ന് അവരെ ഓർമിപ്പിക്കേണ്ട ആവശ്യം ആപ്പിന്റെ വളണ്ടിയർമാർക്കുണ്ടെന്നാണ് ഗിൽ പറയുന്നത്. ഇതുവരെ ആപ്പിന്റെ നേതാക്കളുടെ പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങൾ പ്രതികരിച്ചിട്ടില്ലെന്നും ഇപ്പോൾ അതിനുള്ള അവസരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആപ്പിന്റെ നേതാക്കളെ ഇതിനായി വിളിക്കണമെന്ന് വളണ്ടിയർമാരോട് ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനായി കൺവീനർ കെജ്രിവാൾ, വക്താവ് യോഗേന്ദ്ര യാദവ് എന്നിവരടക്കമുള്ള നാഷണൽ എക്‌സിക്യൂട്ടീവ് മെമ്പർമാരുടെ ഫോൺ നമ്പറുകൾ വളണ്ടിയർമാർക്കിടയിൽ വിതരണം ചെയ്തിട്ടുണ്ട്.

