ന്യൂഡൽഹി: ഇന്ത്യയിലെ ഓരോ പൊതുപ്രവർത്തകനും കഥാപാത്രങ്ങളാകുന്ന പോപ് സംഗീതവുമായി പലാഷ് സെന്നിന്റെ ബാൻഡ് വീണ്ടുമെത്തുന്നു. 15 വർഷത്തിനുശേഷം പലാഷ് സെന്നിന്റെ യൂഫോറിയ ബാൻഡ് പുറത്തുവിട്ട സിംഗൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾത്തന്നെ വൈറലായിക്കഴിഞ്ഞു.

ഹല്ലാ ബോൽ എന്ന് പേരിട്ടിട്ടുള്ള സിംഗിൾ ഇന്ത്യയിലെ സമകാലിക സംഭവങ്ങളെയെല്ലാം ഹാസ്യരൂപേണ സ്പർശിക്കുന്നുണ്ട്. ജെഎൻയു സംഭവമുൾപ്പെടെയുള്ള രാഷ്ട്രീയ സംഭവ വികാസങ്ങൾ മുതൽ അർണബ് ഗോസ്വാമി വരെ ഇതിൽ കടന്നുവരുന്നു. കനയ്യ കുമാറും അരവിന്ദ് കെജരീവാളും വിജയ് മല്യയും സൽമാൻ ഖാനും ഒക്കെ കഥാപാത്രങ്ങളാണ്.

സോഷ്യൽ മീഡിയയിലെ ട്രോളുകൾ, സെൽഫിയെടുക്കാനുള്ള പെടാപ്പാട് തുടങ്ങി പുതുതലമുറയുടെ വേവാലാതികളെയും പലാഷ് സെൻ വിഷയമാക്കുന്നു. ദീക്ഷന്ത് സെഹ്‌രാവത്തുമായി ചേർന്നാണ് പലാഷ് സെൻ ഇതിന്റെ രചന നിർവഹിച്ചിരിക്കുന്നത്. സംഗീതം അദ്ദേഹം തന്നെ.

ആളുകൾ മാറ്റം ആഗ്രഹിക്കുന്നുവെന്നതാണ് ഈ സിംഗിളിന്റെ പ്രമേയം. എല്ലായ്‌പ്പോഴും ഒരേ കാര്യങ്ങൾ തന്നെയല്ല അവർക്കുവേണ്ടതെന്നും അദ്ദേഹം ഇതിലൂടെ വാദിക്കുന്നു. മറ്റെന്തിനെക്കാളും മീതെയാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. പലാഷ് സെന്നിന്റെ തിരിച്ചുവരവിനെ സോഷ്യൽ മീഡിയ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്.