- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടച്ചുറപ്പുള്ള വീടോ ശൗചാലയമോ ഇല്ല; രാത്രി 12 മണിക്ക് വരുന്ന കുടിവെള്ളം വെളുപ്പിന് തീരും; മഴ ചെയ്താൽ വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം പുറത്തു പോകില്ല; പെരുമ്പാമ്പിന്റെ വിഹാര കേന്ദ്രവും; കേലാട്ട് കുന്ന് കോളനിയിലെ ദുരിതങ്ങൾ തീർക്കാൻ മനുഷ്യാവകാശ കമ്മീഷന് പിന്നാലെ ബാലാവകാശ കമ്മീഷനും
കോഴിക്കോട് നഗരത്തിൽ നിന്ന് അധികം ദൂരെയല്ല കേലാട്ടു കുന്ന് കോളനി. പൊറ്റമ്മൽ ജംഗ്ഷന് സമീപമുള്ള ഈ കോളനിയിലെ അവസ്ഥ ഏറെ ദയനീയമാണ്. അടച്ചുറപ്പുള്ള വീടോ കുടിവെള്ളമോ ശൗചാലയമോ ഇല്ലാത്ത കേലാട്ടുകുന്ന് കോളനിയിലെ അന്തേവാസികൾ അനുഭവിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കാണാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനു പിന്നാലെ ബാലാവകാശ കമ്മീഷന്റെയും ഇടപെടൽ.
കോഴിക്കോട് ജില്ലാ കളക്ടറും സാമൂഹിക നീതി വകുപ്പ് സെക്രട്ടറിയും കോളനിയിലെ താമസക്കാരുടെ പരാതികൾ വിശദമായി പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബാലാവകാശ കമ്മീഷൻ അംഗങ്ങളും കോളനി സന്ദർശിച്ചു. കോളനി നിവാസികളുടെ ദുരിതപൂർണ്ണമായ ജീവിതസാഹചര്യങ്ങൾ വിവരിക്കുന്ന മാധ്യമവാർത്തകളെ തുടർന്നാണ് സന്ദർശനം.
വൃത്തിയുള്ള ശൗചാലയം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ കോളനിയിലില്ലെന്നും കുട്ടികൾക്കായുള്ള ക്ഷേമപദ്ധതികളെ കുറിച്ച് കോളനിയിലുള്ളവർക്ക് അറിവില്ലെന്നും കമ്മീഷൻ കണ്ടെത്തി. കുട്ടികളെ സ്പോൺസർഷിപ്പ് പദ്ധതിയിലുൾപ്പെടുത്തി സാമ്പത്തികസഹായം നൽകാൻ ജില്ല ശിശു സംരക്ഷണ യൂണിറ്റിന് കമ്മീഷൻ നിർദ്ദേശം നൽകി. വിശദമായ റിപ്പോർട്ട് അടുത്തയാഴ്ച സർക്കാരിന് സമർപ്പിക്കും. കമ്മീഷൻ അംഗങ്ങളായ നസീർ ചാലിയം, ബി.ബബിത എന്നിവരാണ് സന്ദർശനം നടത്തിയത്. മാവൂർ റോഡ് വഴി മെഡിക്കൽ കോളേജിലേക്ക് പോകുമ്പോൾ പൊറ്റമ്മൽ ജംഗ്ക്ഷനിൽ നിന്നും ഇടത്തോട്ടു പോയാൽ കോളനിയിലെത്തും.
നല്ലൊരു നടപ്പാത പോലുമില്ലാത്ത സ്ഥലമാണ് ഇത്. മരവും ഷീറ്റും ടാർപ്പോയും കൊണ്ടാണ് കോളനിയിലെ വീടുകൾ നിർമ്മിച്ചിരിക്കുന്നത്. വാതിലുകൾ ഇല്ലാത്ത വീടുകളിൽ സാരികൾ തൂക്കിയിരിക്കുകയാണ്.27 വർഷം മുമ്പ് 42 കുടുംബങ്ങളാണ് ഇവിടെ താമസമാക്കിയത്.ഇപ്പോൾ 19 കുടുംബങ്ങളാണ് ഇവിടെയുള്ളത്. കോളനി സ്ഥിതി ചെയ്യുന്ന സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലാണുള്ളത്. ഇവർക്ക് പട്ടയമില്ല. സ്വന്തമായി വീടുണ്ടാക്കണമെങ്കിൽ വായ്പയെടുക്കാൻ പട്ടയം വേണം.
പൊതുമരാമത്ത് സ്ഥലം നൽകാൻ തീരുമാനിച്ചെങ്കിലും നടന്നില്ലെന്ന് നാട്ടുകാർ പറയുന്നു.കുടിവെള്ള പൈപ്പ് ഉണ്ടെങ്കിലും പലപ്പോഴും ആവശ്യത്തിന് വെള്ളം ലഭിക്കാറില്ല. രാത്രി 12 മണിക്ക് വരുന്ന കുടിവെള്ളം വെളുപ്പിന് തീരും. കൂലിപ്പണിക്കുപോയി ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരാണ് കോളനി നിവാസികൾ. എല്ലാ വീട്ടിലും കുഴികക്കൂസാണുള്ളത്. അവ തുണി ഉപയോഗിച്ചാണ് മറച്ചിരിക്കുന്നത്. മഴ ചെയ്താൽ വീട്ടിൽ നിന്നു ഒരു തുള്ളി വെള്ളം പുറത്തു പോകില്ല. പെരുമ്പാമ്പിന്റെ വിഹാര കേന്ദ്രമാണ് ഇവിടം. നിരവധി പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ലെന്ന് കോളനി നിവാസികൾ വ്യക്തമാക്കുന്നു.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.