റിയാദ്: കേരള സർക്കാരിന്റെ ആവശ്യങ്ങളെയും അഭ്യർത്ഥനകളെയും പരിഗണിക്കാതെ തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് അമ്പതു വർഷത്തേക്ക് തീറെഴുതി കൊടുക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് റിയാദ് കേളി കലാസാംസ്‌കാരിക വേദി ആവശ്യപ്പെട്ടു.

രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ കോർപ്പറേറ്റ് കമ്പനികൾക്ക് വിറ്റ് കാശാക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്. 170 കോടി രൂപ വാർഷിക ലാഭം ലഭിക്കുന്ന വിമാനത്താവളമാണ് തിരുവനന്തപുരം. വിമാനത്താവളത്തിന് ഇതുവരെ കേരളം സൗജന്യമായി 635 ഏക്കർ ഭൂമിയാണ് നൽകിയത്. വീണ്ടും 18 ഏക്കർ സ്ഥലം ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചു വരികയാണ്.

വിമാനത്താവളം സ്വാകാര്യവൽക്കരിക്കാനുള്ള തീരുമാനം വന്ന ഉടനെ ടെണ്ടർ നടപടികൾ ഇല്ലാതെ പ്രത്യേക കമ്പനി രൂപീകരിച്ച് വിമാനത്താവളം ഏറ്റെടുക്കാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ ടെണ്ടറിൽ പങ്കെടുക്കാനായിരുന്നു കേന്ദ്രനിർദ്ദേശം. കെ.എസ്‌ഐ.ഡി.സി വഴി സംസ്ഥാന സർക്കാർ ടെണ്ടറിൽ പങ്കെടുത്തു. അദാനി ഗ്രൂപ്പ് മുന്നോട്ടുവെച്ച തുകയേക്കാൾ കൂടുതൽ നൽകാമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടും അതവഗണിച്ച് മോദിയുടെ സന്തതസഹചാരിയായ അദാനിക്ക് ദാനം ചെയ്യാനുള്ള തീരുമാനം തികച്ചും പ്രതിഷേധാർഹമാണ്.

വിമാനത്താവളം അദാനിക്ക് നൽകാനുള്ള തീരുമാനം പിൻവലിക്കണമെന്നും സ്വകാര്യവൽക്കരിക്കുന്നതിനെതിരെ നടക്കുന്ന എല്ലാവിധ സമരപരിപാടികൾക്കും ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും കേളി സെക്രട്ടറിയറ്റിന്റെ പ്രസ്താവനയിൽ പറയുന്നു.