റിയാദ്: കേളി കലാസാംസ്‌കാരിക വേദിയുടെ റമദാൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബദിയ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'റംസാൻ റിലീഫ് കിറ്റ് ' വിതരണം ചെയ്യാൻ തീരുമാനിച്ചു. ബദിയ ഏരിയയിലുള്ള പ്രവാസി സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്നവരെ കണ്ടെത്തി പരിശുദ്ധ റംസാൻ മാസത്തിൽ ഭക്ഷ്യവസ്തുക്കളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളത്.

നിലവിലെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ബദിയ ഏരിയ വൈസ് പ്രസിഡന്റ് പ്രസാദ് വഞ്ചിപ്പുര അധ്യക്ഷതയും ഏരിയ ജോയിന്റ് സെക്രട്ടറി കിഷോർ.ഇ.നിസാം സ്വാഗതവും പറഞ്ഞു. കേളി പ്രസിഡന്റ് ചന്ദ്രൻ തെരുവത്ത് സംഘാടക സമിതി രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി, ഏരിയ രക്ഷാധികാരി സമിതി കൺവീനർ അലി കെ.വി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, മധു പട്ടാമ്പി, എന്നിവർ യോഗത്തിൽ സംസാരിച്ചു.

ബദിയ ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി അവതരിപ്പിച്ച സംഘാടക സമിതി പാനൽ യോഗം അംഗീകരിച്ചു. സംഘാടക സമിതി ഭാരവാഹികളായി കെ.എൻ.ഷാജി (ചെയർമാൻ), സക്കീർ (വൈസ് ചെയർമാൻ), രഞ്ജിത്ത് സുകുമാരൻ (കൺവീനർ), യക്കോബ് (ജോയിന്റ് കൺവീനർ) എന്നിവരേയും, മധു പട്ടാമ്പി (സാമ്പത്തികം), സുധീർ സുൽത്താൻ (വിഭവസമാഹരണം),മണിയൻ ടി (പാക്കിങ്), ജാർനെറ്റ് നെൽസൺ (ഗതാഗതം) എന്നിവരെ സബ്കമ്മിറ്റി കൺവീനർമാരായും, കോഡിനേറ്ററായി സരസനേയും ഉൾപ്പെടുത്തി 51 അംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്.