റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ ബദിയ യൂണിറ്റ് മുൻ അംഗത്തിന് യൂണിറ്റിന്റെ നേതൃത്വത്തിൽ ചികിത്സാ സഹായം കൈമാറി. ബദിയയിൽ മജിലിസ് ജോലി ചെയ്തു വന്നിരുന്ന തിരുവനന്തപുരം ശംഖുമുഖം സ്വദേശി ലീൻ ആൻസൺ അസുഖ ബാധിതനാവുകയും ചികിത്സാർത്ഥം നാട്ടിൽ പോവുകയും ചെയ്തിരുന്നു. തുടർ ചികിത്സയ്ക്ക് വന്പിച്ച സാമ്പത്തിക ബാധ്യത വന്നതിനെ തുടർന്ന് ബുദ്ധിമുട്ടിലായ ലീൻ ആൻസനെ സഹായിക്കാൻ ബദിയ യൂണിറ്റ് അംഗങ്ങളും ഏരിയ കമ്മിറ്റി അംഗങ്ങളും സംയുക്തമായി ചികിത്സാ ഫണ്ട് സ്വരൂപിച്ച് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു.

ശംഖുമുഖത്തെ ലീൻ ആൻസൻന്റെ വീട്ടിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ചേർന്ന ചികിത്സാ സഹായം കൈമാറുന്ന ചടങ്ങിൽ സിപിഐ.(എം) വഞ്ചിയൂർ ഏരിയ സെക്രട്ടറി ലെനിൻ, ലീൻ ആൻസണ് ഫണ്ട് കൈമാറി. യോഗത്തിൽ സിപിഐ.(എം) ലോക്കൽ കമ്മിറ്റി അംഗം ജോയി, ശംഖുമുഖം ബ്രാഞ്ച് സെക്രട്ടറി ജോണി, പ്രവീൺ കുമാർ, കേളി മുൻ ജീവകാരുണ്യ കമ്മിറ്റി അംഗം ദിലീപ് കുമാർ, ബദിയ യൂണിറ്റ് അംഗം വിൻസന്റ് ആന്റണി, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങൾ പ്രദേശവാസികൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. ചികിത്സാ സഹായത്തിനും, കൈമാറൽ ചടങ്ങിനും ലീൻ ആൻസൺ നന്ദി പറഞ്ഞു.