റിയാദ്: മതനിരപേക്ഷ-പുരോഗമനോന്മുഖ നിലപാടുകൾ കൈക്കൊള്ളുകയും തന്റെ സർഗാത്മക കൃതികളിൽ അത് ശക്തമായിത്തന്നെ പ്രതിഫലിപ്പിക്കുകയും ചെയ്തു യു.എ.ഖാദറിന്റെ നിര്യാണത്തിൽ റിയാദ് കേളി കലാസാംസ്‌കാരിക വേദി അനുശോചനം രേഖപ്പെടുത്തി.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഭാഗമായി എന്നും നിലകൊണ്ട അദ്ദേഹത്തിന്റെ വിയോഗം മലയാള സാഹിത്യത്തിന് പൊതുവിലും പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന് വിശേഷിച്ചും നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയതെന്ന് കേളി സാംസ്‌കാരിക വിഭാഗത്തിന്റെ അനുശോചനക്കുറിപ്പിൽ പറഞ്ഞു. തൃക്കോട്ടൂർ പെരുമ പോലെയുള്ള കൃതികളിലൂടെ പ്രാദേശിക ചരിത്രം കഥകളിലൂടെ വരച്ചിട്ട എഴുത്തുകാരനായിരുന്നു അദ്ദേഹം. ഒരു കമ്യൂണിസ്റ്റ് അനുഭാവി കൂടിയായ അദ്ദേഹം കമ്മ്യൂണിസത്തോടുള്ള ഇഷ്ടം തന്റെ കൃതികളിൽ സന്നിവേശിപ്പിക്കാൻ എന്നും ശ്രമിച്ചിട്ടുണ്ട്.

മ്യാന്മാറിൽ ജനിച്ച യു.എ.ഖാദർ കേരളീയമായ ഭാഷാ സംസ്‌കൃതിയെ ഉൾക്കൊണ്ടുകൊണ്ട്, മലയാളത്തനിമ നിറഞ്ഞ കൃതികൾ രചിച്ച് വായനക്കാരുടെ മനസ്സിൽ ഇടം പിടിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വേർപാടിലൂടെ കേരളത്തിന്റെ സാഹിത്യ, സാംസ്‌കാരിക മണ്ഡലങ്ങൾക്കും മതനിരപേക്ഷതയടക്കമുള്ള ജനാധിപത്യമൂല്യങ്ങൾക്കാകെയും കനത്ത നഷ്ടമാണ് ഉണ്ടായതെന്നും കേളിയുടെ അനുശോചനക്കുറിപ്പിൽ പറഞ്ഞു.