- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെൽട്രോണിൽ പുതിയ പദ്ധതികൾ നാളെ ജനങ്ങൾക്ക് സമർപ്പിക്കും; പദ്ധതികളുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും
തിരുവനന്തപുരം: നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി പൊതുസമൂഹത്തിന് സഹായകമാകുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന പൊതുമേഖലാ വ്യവസായ സ്ഥാപനമാണ് കെൽട്രോൺ. സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ വകുപ്പുകൾക്ക് വേണ്ടി നിരവധി പദ്ധതികളും ഉൽപ്പന്നങ്ങളും അനുബന്ധ സേവനങ്ങളും കെൽട്രോൺ മികച്ച രീതിയിൽ നടപ്പിലാക്കി വരുന്നുണ്ട്. കോവിഡ് സാഹചര്യത്തിൽ മാറി വരുന്ന ബിസിനസ് സാധ്യതകൾക്ക് അനുസരിച്ച് പ്രവർത്തന മേഖല വിപുലീകരിക്കുന്നതിലും വൈവിധ്യവൽക്കരിക്കുന്നതിലും കെൽട്രോൺ ശ്രദ്ധനൽകി വരികയാണ്.
നാല് വർഷം മുൻപ് സി - ഡാക് സാങ്കേതികവിദ്യ ഉപയോഗിച്ച് കോഴിക്കോടുള്ള മൂടാടി യൂണിറ്റിൽ നിന്നും കുറഞ്ഞ നിരക്കിൽ ശ്രവൺ ഡിജിറ്റൽ ഹിയറിങ് എയ്ഡ് നിർമ്മാണത്തിലൂടെ കെൽട്രോൺ മെഡിക്കൽ ഇലക്ട്രോണിക്സ് മേഖലയിൽ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വലുപ്പം കുറഞ്ഞ മിനി ഹിയറിങ് എയ്ഡുകൾ വിപണിയിലെത്തിക്കുവാൻ ഒരുങ്ങുകയാണ് ഇന്ന് കെൽട്രോൺ.
കോളേജ് ഓഫ് എഞ്ചിനീയറിങ് ട്രിവാൻഡ്രത്തിന്റെ ഡിസൈൻ പിന്തുണയോടെ തദ്ദേശീയമായി കെൽട്രോൺ എക്വിപ്മെന്റ് കോംപ്ലക്സിൽ ആദ്യഘട്ടത്തിൽ നിർമ്മിച്ച 500 പൾസ് ഓക്സീമീറ്ററുകൾ വിജയകരമായി പൂർത്തിയായിട്ടുണ്ട്.
വ്യാവസായിക തലത്തിൽ ഹൈപവർ യു പി എസ് സിസ്റ്റം നിർമ്മാണ മേഖലയിൽ വർഷങ്ങളുടെ ആധിപത്യമുള്ള കെൽട്രോൺ 5 കെവിഎ മുതൽ 1000 കെവിഎ വരെ ശ്രേണിയിലുള്ള യു പി എസ് സംവിധാനം നിർമ്മിക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യവകുപ്പിന്റെ ഇ - ഹെൽത്ത് പദ്ധതിക്ക് വേണ്ടി പുതിയ ഡിസൈനിലുള്ള 5 കെവിഎ യു പി എസ് സിസ്റ്റം 170 എണ്ണം നിർമ്മിച്ച് നൽകുന്നതിന് ഓർഡർ ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ഇതിൽ 95 എണ്ണം കെൽട്രോൺ എക്വിപ്മെന്റ് കോംപ്ലക്സ്, - പവർ ഇലക്ട്രോണിക്സ് ഗ്രൂപ്പിൽ പൂർത്തിയായിക്കഴിഞ്ഞു.
കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കുന്ന പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന സോളാർ പമ്പ് കൺട്രോളർ കെൽട്രോൺ കരകുളം യൂണിറ്റിലുള്ള റിസർച്ച് ആൻഡ് ഡെവലപ്മെന്റ് സെന്ററിൽ വികസിപ്പിച്ചതാണ്. ഊർജ്ജ ക്ഷമത ഉറപ്പു വരുത്തുന്നതും, റിമോട്ട് മോണിറ്ററിങ് സാധ്യമായിട്ടുള്ളതും, 1 എച്ച് പി മുതൽ 10 എച്ച് പി വരെ പ്രവർത്തനശേഷിയുള്ളതുമാണ് ഈ നവീന ഉപകരണം.
സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായി, കെൽട്രോൺ എക്വിപ്മെന്റ് കോംപ്ലക്സിനെ പവർ ഇലക്ട്രോണിക്സ് ഹബ്ബാക്കി മാറ്റുന്നതിനുള്ള ആദ്യപടിയായാണ് 5കെവിഎ യു പി എസ്സും സോളാർ പമ്പ് കൺട്രോളറും കെൽട്രോൺ പുറത്തിറക്കുന്നത്.
പ്രസ്തുത കെൽട്രോൺ പദ്ധതികളുടെ ഉദ്ഘാടനം 2021 സെപ്റ്റംബർ 23, 29 തീയതികളിൽ വ്യവസായ, നിയമ, കയർ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കുകയാണ്.
മറുനാടന് മലയാളി ബ്യൂറോ