- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ക്രിമിനൽ കുറ്റങ്ങൾ വിചാരണ ചെയ്യേണ്ടത് കോടതി; അന്ന് നശിപ്പിച്ചതൊന്നും സ്പീക്കറുടെ വകയല്ല; ജനങ്ങളുടെ പണം മുടക്കി കോടതിയെ സമീപിക്കാൻ നാണമില്ലേ ഈ സർക്കാരിന്; സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് കെമാൽ പാഷ
കൊച്ചി: നിയമസഭാ കയ്യാങ്കളിക്കേസിൽ സംസ്ഥാന സർക്കാർ ഹർജി തള്ളിയ സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാൽ പാഷ. ക്രിമിനൽ കുറ്റങ്ങൾ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. അത് സ്പീക്കറുടെ അധികാരമല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
പ്രതീക്ഷിച്ച വിധി തന്നെയാണിതെന്നും സാമാന്യ ബുദ്ധി ഉള്ള ഏതൊരാൾക്കും കോടതി വിധി ഇങ്ങനെയേ വരൂ എന്ന് അറിയാമായിരുന്നെന്നും കെമാൽ പാഷ പറഞ്ഞു. ഇത്തരം കേസുകളിൽ സ്പീക്കർക്കല്ല പരമാധികാരമെന്നും കെമാൽ പാഷ ചൂണ്ടിക്കാട്ടി.
'ക്രിമിനൽ കുറ്റങ്ങൾ വിചാരണ ചെയ്യേണ്ടത് കോടതിയാണ്. അത് സ്പീക്കറുടെ അധികാരമല്ല. പൊതുമുതലാണ് നശിപ്പിച്ചത്. സ്പീക്കറുടെ സ്വന്തം വകയല്ല അതൊന്നും. ജനങ്ങളുടേതാണ്. പൊതുമുതൽ നശിപ്പിച്ച കേസ് ചുമത്തപ്പെട്ടാൽ നിയമപരമായി അതിന്റെ വിചാരണ നേരിടണം. അതിനു പകരം ജനങ്ങളുടെ പണം മുടക്കി കോടതിയെ വീണ്ടും വീണ്ടും സമീപിക്കുക. നാണമില്ലേ ഈ സർക്കാരിന് ഇത് ചെയ്യാൻ. സാമാന്യ ബുദ്ധി ഉള്ളൊരാൾക്ക്, തലച്ചോറ് അൽപ്പമെങ്കിലും ഉള്ളൊരാൾക്ക് മനസ്സിലാവും ഇത് ഒരു കോടതിയും ഇതെടുക്കുകയില്ലെന്ന്,' കെമാൽ പാഷ പറഞ്ഞു. എംഎൽഎമാരുടെയും മന്ത്രിമാരുടെയും പ്രിവിലേജല്ല ഇതൊന്നും. ഒരു ക്രിമിനൽ കുറ്റം ചെയ്യുക എന്ന് പറയുന്നതിന് പ്രിവിലേജല്ല. എല്ലാവർക്കും ഒരേ നിയമമാണിവിടെയെന്നും കെമാൽ പാഷ പറഞ്ഞു.
2015 ലെ നിയമസഭാ കൈയാങ്കളിക്കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെയുള്ള കേസിലെ മുഴുവൻ പ്രതികളും വിചാരണ നേരിടണം. സർക്കാർ ഹർജിയിൽ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികൾക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിർവഹിക്കുന്നതിനാണ്. നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആർ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
കേസുകൾ പിൻവലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയിൽ നിയമസഭയുടെ പരിരക്ഷ നൽകാൻ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സർക്കാർ വാദം അംഗീകരിക്കാൻ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ന്യൂസ് ഡെസ്ക്