- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കോടിയേരിയുടെ മകന്റെ പേരുണ്ടായാൽ ക്രിമിനൽ കേസ് സിവിൽ! അറബിയുടെ വാർത്താ സമ്മേളനം വിലക്കി സബ് കോടതി; അപ്പീൽ അനുവദിക്കാതിരിക്കാൻ ഹൈക്കോടതിയിൽ ജഡ്ജി കാത്തിരുന്നു; അത് അറിയാതെ സ്റ്റേ ചെയ്തപ്പോൾ വന്നത് ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസിന്റെ വിളി; ജുഡീഷ്യറി തരികിടകൾ പറഞ്ഞ് ജസ്റ്റിസ് കെമാൽപാഷ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ കുറ്റവിമുക്തനാക്കിയതും, അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന് മൂൻകൂർ ജാമ്യം അനുവദിച്ചതിന്റെയെല്ലാം പശ്ചാത്തലത്തിൽ, ജുഡീഷ്യറിയുടെ വിശ്വാസ്യതയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അടക്കം വലിയ സംവാദങ്ങൾ ഉയരുന്ന കാലമാണിത്. എന്നാൽ ജുഡീഷ്യറിയിലെ പുഴുക്കുത്തുകളെക്കുറിച്ചും, കേസ് അട്ടിമറിക്കാൻ നടക്കുന്ന ചില ആസൂത്രിതമായ സംഭവങ്ങളെക്കുറിച്ചും തുറന്നടിക്കുകയാണ്, റിട്ടയേഡ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി കെമാൽപാഷ. സഫാരി ടീവിയിലെ 'ചരിത്രം എന്നിലൂടെ' എന്ന പരിപാടിയിലൂടെയാണ് അദ്ദേഹം തനിക്കുണ്ടായ ചില ദുരനുഭവങ്ങൾ പങ്കുവെക്കുന്നത്.
്സർവീസിൽ ഉടനീളം നീതിമാനായ, ജുഡീഷ്യൽ ഓഫീസർ എന്ന് പേരെടുത്ത കെമാൽപാഷ, ആലുവക്കൂട്ടക്കൊലയും, കെ.എം മാണിയൂടെ രാജിക്ക് ആധാരമായ വിധിയും അടക്കമുള്ള സംഭവബഹുലമായ തന്റെ ഔദ്യോഗിക ജീവിതമാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. അതിനിടയിലാണ് സ്വയം വിമർശനമെന്നോണം അദ്ദേഹം ജുഡീഷ്യറിയിലെ കളികളും പുറത്തുവിടുന്നത്.
അറബിയൂടെ വാർത്താസമ്മേളനത്തിന് വിലക്ക്
ജനാധിപത്യത്തിൽ കേട്ടുകേൾവിയില്ലാത്ത കാര്യമാണ് ഒരു വാർത്താസമ്മേളനം കോടതി ഇടപെട്ട് വിലക്കുക എന്നത്. പക്ഷേ അതും കേരളത്തിൽ ഉണ്ടായി. താൻ ഹൈക്കോടതിയിൽ ജഡ്ജിയായിരിക്കേ ഉണ്ടായ സംഭവം കമാൽപാഷ വിശദീകരിക്കുന്നത് ഇങ്ങനെ. ''കോടിയേരി ബാലകൃഷന്റെ മകന്റെ ഒരു പ്രശ്നവുമായി ഒരു അറബി വന്നു. പണം തട്ടിയെന്നാണ് സംഭവം. വിജയൻ പിള്ള എന്ന കരുനാഗപ്പള്ളി എംഎൽഎയുടെ മകനും പ്രതിയാണ്. അങ്ങനെ അറബി ഇവിടെ വന്ന് പത്രസമ്മേളനം നടത്താൻ തീരുമാനിച്ചു. ഉടനെ വിജയൻ പിള്ളയുടെ മകൻ വാദിയായിക്കൊണ്ട് കരുനാഗപ്പള്ളി സബ് കോടതിയിൽ, ഒരു കേസ് കൊടുക്കയാണ്. നിരോധനത്തിന്. ഇയാൾ വാ തുറക്കരുത്. ഒന്നും പുറത്തുപറയുരത്്, സംസാരിക്കാൻ പാടില്ല. സബ് ജഡ്ജി അങ്ങനെ ഒരു ഓഡറും കൊടുത്തു!
ശരിക്കും തെറ്റിപ്പോയതാണ്. സബ്ജഡ്ജി ഒരു ഓർഡർ അങ്ങ് പാസാക്കിപ്പോയതാണ്. വലിയ വിമർശമായി. ഇത് മീഡിയകളുടെ എല്ലാം വായടപ്പിക്കുന്നതിന് തുല്യമാണെല്ലേ. വലിയ പ്രശ്നമായി. അത് ഹൈക്കോടതിക്ക് തന്നെ നാണക്കേടായി. അങ്ങനെ ഇരിക്കേ, ഒരു ദിവസം ശ്രീ ദണ്ഡപാണി, അന്ന് അദ്ദേഹം സീനിയർ അഡ്വക്കേറ്റാണ്, എന്റെ കോടതിയിൽ ഒരു മാറ്റർ പോയിന്റ് ഔട്ട് ചെയ്തു. ''യുവർ ലോർഡ് ഷിപ്പ് ഒരു അർജന്റ് മാറ്റർ ഉണ്ട്, രജിസ്ട്രി ഇൻസിസ്റ്റ് ചെയ്യുന്നു അത് സിവിൽ ആയിട്ട് നമ്പർ ചെയ്യണമെന്ന്.'' ഒരു ക്രമിനൽ കേസിനെ സംബന്ധിച്ച് ക്രൈമിലെ വിവരങ്ങൾ പുറത്തുവരുരുത് എന്ന് പറഞ്ഞ് ഒരു നിരോധനത്തിന്റെ ഉത്തരവ് തെറ്റായി പാസാക്കി. അതിനെ ചലഞ്ച് ചെയ്യുകയാണ്. അത് സിവിൽ ആയിട്ടേ നമ്പർ ചെയ്യത്തുള്ളൂ. അങ്ങനെ നിർദ്ദേശം ഉണ്ടെന്നാണ് പറയുന്നത്. അപ്പോൾ എവിടെനിന്നോ നിർദ്ദേശം ഉണ്ടെന്ന് ഉറപ്പാണെല്ലോ.
ആരാ നിർദ്ദേശിക്കുന്നത്, ഞാനല്ലേ തീരുമാനിക്കേണ്ടത് എന്ന് ഞാൻ ചോദിച്ചു. ആ ഫയലിങ്ങ് കൊണ്ടുവരാൻ പറഞ്ഞു. ഞാൻ അത് എടുത്തൂവെച്ച് നോക്കി. വാദം കേട്ടു. എന്നിട്ട് നമ്പർ ചെയ്തുകൊണ്ടുവരാൻ പറഞ്ഞു. ക്രമിനിൽ ആയി കേസ് കേൾക്കാൻ. ഞാൻ കരുനാഗപ്പള്ളി കോടതിയുടെ വിധി സ്റ്റേ ചെയ്തു. യഥാർഥത്തിൽ ഹൈക്കോടതിയുടെ മുഖം രക്ഷിക്കുക അല്ലായിരുന്നോ ഞാൻ ചെയ്തത്. അത്രയും നാണേക്കേട് ഉണ്ടായതാണ്. മീഡിയയുടെ കൈയിനിന്ന് വലിയ ആക്രമണമാണ് ജുഡീഷ്യറിക്കെതിരെ വന്നത്. പക്ഷേ ഞാൻ ഈ ഓർഡറിൽ ഇടപെട്ടത് തെറ്റാണെന്നും, കരുനാഗപ്പള്ളി സബ് കോടതിയുടെ അധികാര പരിധിയിലുള്ള ഒരു കാര്യം ഞാൻ ഫയൽ വരുത്തി ഓഡർ പാസാക്കിയെന്നും ശ്രീ സെബാസ്റ്റ്യൻ പോൾ, ടീവിയിലിരുന്ന് എന്നെ വിമർശിച്ച കൂട്ടത്തിൽ പറയുന്നത് കേട്ടു. പക്ഷേ എനിക്ക് അതിനുള്ള അധികാരം ഉണ്ട്.
പിന്നെയും ചില പ്രശ്നങ്ങൾ ഉണ്ടായി. വൈകാതെ ആക്റ്റിങ്് ചീഫ് ജസ്റ്റിസിന്റെ ചാർജിലുള്ള ജഡ്ജിയുടെ വിളിയെത്തി. ''കമാൽപാഷ, കമാൽപാഷയെ കളിപ്പിച്ച് മനോരമക്ക് വേണ്ടി ദണ്ഡപാണി ഒരു ഓഡർ വാങ്ങിക്കൊണ്ടുപോയി''' എന്നാണ് അദ്ദേഹം പറയുന്നത്. ''മനോരമയോ, എനിക്കറിയില്ല,'' എന്ന് മറുപടിയും കൊടുത്തു. ഞാൻ വാദിയുടേയും പ്രതിയുടെയും പേരൊന്നും നോക്കാറില്ല. സത്യമാണ്. കക്ഷികൾ ആരായാലും ശരി ഓഡർ കൊടുക്കേണ്ടതാണെങ്കിൽ കൊടുക്കും.
തുടർന്ന് ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസ് ഇങ്ങനെ പറഞ്ഞു. ''അത് ക്രമിനലല്ല സിവിൽ അല്ലേ വരേണ്ടത്. അത് ഇന്നാര് കേൾക്കാനിരുന്നതാണ്.''- നോക്കണം. കാത്തിരിക്കയായിരുന്നു ആ ജഡ്ജി. അതാണ് രസം. വന്നാൽ ഉടനെ ഇത് നോക്കി ഇന്നാളുടെ ബഞ്ചിലേക്ക് മാറ്റാൻ ഇരുന്നതാണ്. അവിടെ തള്ളാനായിട്ട് ഒരു ജഡ്ജിയുണ്ടായിരുന്നു.
ഞാൻ ഡ്രൈവർ കേൾക്കുമെന്ന് കരുതി കോൾ കട്ടുചെയ്ത് പിന്നീട് വിളിക്കാമെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു. ഞാൻ നിയമപ്രകാരമാണ് ചെയ്തതെന്ന് ബോധ്യപ്പെടുത്തി. ''സാർ നിങ്ങൾക്ക് എന്താണ് ഇതിൽ പ്രത്യേകിച്ച് താൽപ്പര്യം. നിങ്ങൾക്ക് ഇപ്പോൾ ചീഫിന്റെ ചാർജ് ഉണ്ടല്ലോ. നിങ്ങൾക്ക് വേണമെങ്കിൽ ആ ഫയലുകൾ വിളിച്ചുവരുത്തി സ്റ്റേ ഒഴിവാക്കാം. പക്ഷേ സംഭവം പുറത്തറിയും''- ഞാൻ പറഞ്ഞു. അന്നേരമാണ് അദ്ദേഹത്തിന് കഴുപ്പം മനസ്സിലായത്. 'ഞാൻ ഇതൊന്നും ചോദിച്ചിട്ടുമില്ല നമ്മളു തമ്മിൽ ഒന്നും പറഞ്ഞിട്ടുമില്ല.' അങ്ങനെ പറഞ്ഞ് അദ്ദേഹം ഫോൺ വെച്ചു''- ഇങ്ങനെയാണ് കെമാൽപാഷ ഈ സംഭവം വിശദീകരിക്കുന്നത്.
ജുഡീഷ്യൽ ഓഫീസർമാർക്കും പീഡനം
ജൂനിയർ ജുഡീഷ്യൽ ഓഫീസർമാരോട് കണ്ണിൽചോരയില്ലാതെയാണ് പല ഹൈക്കോടതി ജഡ്ജിമാരും പെരുമാറുന്നത് എന്നും, തന്റെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ കെമാൽ പാഷ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ-''പഞ്ചാബകേശൻ എന്നൊരു ജില്ലാ ജഡ്ജിയുണ്ടായിരുന്നു. അയാൾ പണ്ട് ഒരു ക്യാമ്പസിൽ ഒരു പ്രശ്നം ഉണ്ടാക്കി. പരാതിയുണ്ടായി. അതിൽ ശിക്ഷ കൊടുത്തു. ഇതേകാര്യം പറഞ്ഞ് അയാളെ ടെർമിനേറ്റ് ചെയ്യണം എന്നാണ് പുതിയ നീക്കം വന്നത്. 55 വയസ്സിലും 58 വയസ്സിലുമെല്ലാം ജൂഡീഷ്യൽ ഓഫീസർമാർക്ക് സക്രൂട്ടിനിയുണ്ട്. ഇതിന്റെ ഭാഗമായി ഇയാളെ പിരിച്ചുവിടണം എന്നാണ് ഫുൾ കോർട്ട് മുമ്പാകെ വന്നത്. ഞാൻ ഇത് പഠിച്ചു. തെറ്റാണ് എന്ന് മനസ്സിലായി. പിരിച്ചുവിടത്തക്ക കുറ്റം അയാൾ ചെയ്തിട്ടില്ല. ആ തെറ്റിന് ഒരുതവണ ശിക്ഷ കൊടുത്തതാണ്.
ഇത് പിന്നെയും വന്നിരിക്കുന്നു. ഫുൾ കോർട്ടിൽ ഞാൻ ഇത് ശക്തിയുക്തം എതിർത്തു. പലരും കേസ്് നോക്കിയിട്ടുപോലുമില്ല. അവിടെ വന്നിരുന്ന് വടയും ചായയും കഴിച്ച് പോകും. ബധിരകർണ്ണങ്ങളിലാണ് ഇത്തരം പരാതികൾ പതിക്കാറുള്ളത്. തർക്കമായപ്പോൾ പഠിച്ചിട്ട് പറയാമെന്ന് ഒരുപാട് പേർ പറഞ്ഞു. വിഷയം അടുത്ത ഫുൾ കോർട്ടിന് വിട്ടു. അപ്പോൾ നാലോ അഞ്ചോ ജഡ്ജിമാർ മാത്രമെയുണ്ടായിരുന്നു അനുകൂലിക്കാൻ. ബാക്കിയുള്ളവർ മൊത്തം പഞ്ചാബകേശന് ഒപ്പം നിന്നു.
അതുപോലെ അനിൽ എന്നു പറയുന്ന മറ്റൊരാൾ ഉണ്ടായിരുന്നു. ചീഫ് ജുഡീഷ്യേൽ മജിസ്ട്രേറ്റ് ആയിരിക്കയാണ്. ഇയാളെ ജില്ലാ ജഡ്ജി പാനലിൽ നിന്ന് ഒഴിവാക്കണം എന്നാണ് ഫുൾ കോർട്ടിൽ വന്നത്. ഞാൻ വിഷയം പഠിച്ചു. വളരെ വലിയ അനീതി. അയാളുടെ മുകളിൽ ആറുമാസത്തോളം ജില്ലാ ജഡ്ജി ആയിരുന്നു ഒരാൾക്ക് തോന്നിയ വിരോധമാണ് ഈ പ്രശ്നത്തിന് കാരണം. ഇയാളൂടെ സർവീസ് ബുക്ക് എഴുതി നശിപ്പിച്ചിരിക്കയാണ്. സർവീസിൽനിന്ന് പറഞ്ഞുവിടേണ്ട സ്ഥിതിവിശേഷം ഉണ്ടാക്കി. ഓഡറിൽ തെറ്റൊക്കെ വരാം. പക്ഷേ കറപ്റ്റായ ഓഫീസർ അല്ല അനിൽ. അത് എനിക്ക് നന്നായി അറിയാം. വിരോധത്തിനുള്ള കാരണം അനിൽ എന്നെ വന്നു കണ്ട് പറഞ്ഞു. അത് ഞാൻ പറയുന്നില്ല. ജുഡീഷ്യറിയുടെ പ്രതിഛായക്ക് മങ്ങലേൽപ്പിക്കുനന കാര്യമാണ്.
ഞാൻ ഈ ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസിനെ വീട്ടിൽപോയി കണ്ടു. അനിലിന്റെ കാര്യത്തിൽ ഇങ്ങനെ ചെയ്യരുത്. അത് അനീതിയാണെന്ന് പറഞ്ഞു. അപ്പോൾ, നമ്മുടെ ഒരു ജഡ്ജി അല്ലേ എഴുതിയത് എന്നായി അദ്ദേഹത്തിന്റെ ചോദ്യം. പക്ഷേ ഒരാളുടെ കഞ്ഞിയിൽ പാറ്റയിടരുതെന്നും ഇത് തിരുത്തിയില്ലെങ്കിൽ ഞാൻ എതിർക്കും പറഞ്ഞു. അങ്ങനെ ഫുൾ കോർട്ടിൽ അനിലിനുവേണ്ടി വാദിച്ചു. കുറേ ജഡ്ജിമാർ ശരിയായി വാദിച്ചു. അവസാനം വോട്ടിനിട്ടു. 5 പേർ ഒഴിച്ച് ബാക്കിയുള്ളവർ എതിർത്ത് വോട്ടു ചെയ്തു. ജുഡീഷ്യറിയിൽ നീതി മരിച്ചിട്ടില്ല എന്ന് അങ്ങനെ തെളിഞ്ഞു. ''- കെമാൽ പാഷ പറയുന്നു.
ജഡ്ജിമാർ പലരും രാജാക്കന്മാരെപ്പോലെ
മജിസ്ട്രേറ്റായിരിക്കുന്ന ലേഡിയുടെ പീഡന അനുഭവമാണ് കെമാൽ പാഷ അടുത്തതായി പറയുന്നത്. ''സെയിൽ ടാക്സ് ഓഫീസറായി ജോലി രാജിവെച്ച്, ഈ ജോലിയോടുള്ള താൽപ്പര്യം കൊണ്ട് മജിസ്ട്രേറ്റ് പണിക്ക് വന്നതാണ് അവർ. അഴിമതിക്കാരിയാണെങ്കിൽ അവർക്ക് എത്രകാലം വേണമെങ്കിലും ആ ജോലിയിൽ തുടരാമായിരുന്നു. അവർ കല്യാണം കഴിച്ചിട്ടില്ലായിരുന്നു. അങ്ങനെയുള്ളവർക്ക് ചില പ്രശ്നങ്ങൾ വരുമല്ലോ. ജില്ലാ ജഡ്ജിയുമായി തെറ്റണ്ടേിവന്നു. അപ്പോൾ അയാൾ ഒരു കാരണം കണ്ടെത്തി. ഈ ലേഡിക്ക് കേസ് തീർപ്പാക്കൽ അഥവാ ഡിസ്പോസൽ കുറവാണ്.
അതിന്റെ പേരിൽ ഒരുപാട് ഹരാസ് ചെയ്തു. ഈ സ്ത്രീ നന്നായി ജോലിചെയ്യുന്നുണ്ട്. പക്ഷേ കേസ് തീർപ്പാക്കൽ കുറവാണ്. പരാതി വന്നപ്പോൾ അവർ, അഞ്ചാറുവർഷം സർവീസുള്ള മജിസ്ടേറ്റിനോട് അഭിപ്രായം ചോദിച്ചു. അയാൾക്ക് ഒരുപാട് ഡിസ്പോസലുണ്ട്. അയാൾ ഒരു കുറുക്കുവഴി പറഞ്ഞുകൊടുത്തു. ഒരു തവണ അയച്ചിട്ട് സാക്ഷി വരുന്നില്ലെങ്കിൽ ക്ലോസ് ചെയ്ത് കേസ് അങ്ങ് വിട്ടേക്കുക!
ഈ ലേഡി മജിസ്ട്രേറ്റും അങ്ങനെ ചെയ്തു. അപ്പോൾ ഡിസ്പോസൽ കൂടി. ജില്ലാ ജഡ്ജി അമ്പരന്നു. അയാൾ ഫയൽ പഠിച്ചപ്പോൾ കാര്യം മനസ്സിലായി. അത് അദ്ദേഹം ഹൈക്കോടതിക്ക് റിപ്പോർട്ട് ചെയ്തു. ഈ ലേഡിക്ക് ഹൈക്കോടതി മെമോ കൊടുത്തു. അവർ പേടിച്ച് കരഞ്ഞ് എന്നെ കാണാൻ വന്നു. അന്ന് അവരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്തിട്ടില്ല. പണി പോകുമെന്ന് ഉറപ്പായി. പക്ഷേ ഇതേ കുറ്റം ചെയ്ത അഞ്ചുവർഷം സർവീസുള്ളയാളെ ഒരു അന്വേഷണം നടത്തി പരമാവധി ഒരു ഇൻക്രിമന്റ് കട്ട് ചെയ്യാനെ കഴിയുകയുള്ളൂ.
ഞങ്ങൾ ഹൈക്കോടതി കോൺഫറസ് റൂമിൽ ചായകുടിക്കാൻ എത്താറുണ്ട്. അപ്പോൾ ഞാൻ പതുക്കെ ഈ ആക്റ്റിങ്ങ് ചീഫ് ജസ്റ്റിസിന്റെ അടുത്തുപോയി ഇത് ഇങ്ങനെ സംഭവിച്ചതാണെന്ന് പറഞ്ഞു. അവള് പോയി പണി നോക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 'അങ്ങനെ ആണെന്നല്ലേ. എന്നാൽ പിന്നെ നമുക്ക് അവിടെ വെച്ച് കാണാം.' എന്ന് ഞാനും മറുപടി കൊടുത്തും. ഇതും ഫുൾ കോർട്ടിൽ എത്തി. നീതിയുക്തമായി തീരുമാനം എടുക്കുന്ന ഒരുപാട് ജഡ്ജിമാർ കേരള ഹൈക്കോടതിയിൽ ഉണ്ട്. അവർ എതിർത്തു. അത് ചെയ്യാൻ പാടില്ല. രണ്ടുപേർക്ക് ഒരു രണ്ട് നീതിപാടില്ല. അങ്ങനെ ആ നീക്കവും പാളി. ഇതോടെ ഇവരിൽ ചിലർക്ക് എന്നോട് വൈര്യാഗ്യവുമായി.
ചില ഹൈക്കോടതി ജഡ്ജിമാർ ഇപ്പോഴും രാജക്കന്മാരെപ്പോലെയാണ് പെരുമാറുന്നത്. അവരെ കണാൻ പോലും താഴെയുള്ള ജുഡീഷ്യൽ ഓഫീസർമാരെ അനുവദിക്കില്ല. ജുഡീഷ്യൽ ഓഫീസർ അവരുടെ ബോസിനെയാണ് കാണാൻ വരുന്നത്. ആ കാര്യം കേട്ടൂടെ. അതിനുപോലും അവർ തയ്യാറാവില്ല. നേരത്തെ പറഞ്ഞ പഞ്ചാബകേശൻ ഈ അനുഭവം എന്നോട് പറഞ്ഞിട്ടുണ്ട്. അയാളെ പണ്ട് ശിക്ഷിച്ചതാണ്. അതുപോലും ആരും നോക്കിയില്ല. തന്റെ കാര്യം പറയാനായി അയാൾ സീനിയർ ജഡ്ജിയെ കാണാനെത്തി. പക്ഷേ ഭാര്യയും മക്കളുടെയും മുന്നിലിരുത്തി അദ്ദേഹം ആക്ഷേപിക്കയായിരുന്നു. ഇരിക്കാൻ പോലും പറഞ്ഞില്ല. അത് പറയുമ്പോൾ പഞ്ചാബകേശൻ കരഞ്ഞുപോയി. ജഡ്ജിമാർക്ക് മരിയാദ വേണ്ടേ. അവരാണ് ഏറ്റവും മരിയാദ കാണിക്കേമണ്ട വർഗം.''- കെമാൽ പാഷ ചൂണ്ടിക്കാട്ടി.