വെയ്ൽസ്: ക്രിസ്മസ് എന്നാൽ മറക്കാത്ത ഒരു അനുഭവമാക്കി മാറ്റണം എന്നാണ് ഏവർക്കും ആഗ്രഹം. ക്രിസ്മസ് എന്നല്ല ഏത് ആഘോഷമാണെങ്കിലും. എന്നാൽ അടുത്ത 14 വർഷത്തേക്ക് ക്രിസ്മസ് എന്നത് ഓവൻ വില്യംസിന് മറക്കാനാവാത്ത അനുഭവമാകാൻ പോവുകയാണ്. 14 വർഷത്തേക്കുള്ള സമ്മാനം അയൽവാസിക്കായി കാത്തു വച്ച് കെൻ യാത്രയായപ്പോൾ സ്‌നേഹംകൊണ്ട് കണ്ണ് നിറയുകയാണ് ഓവൻ വില്യംസിന്. സമീപവാസിയായ കെന്നിന്റെ പുത്രി വലിയൊരു സഞ്ചിയുമായി വീട്ടിലെത്തിയപ്പോൾ അത് സമ്മാനമാണെന്ന് ഓവൻ ഒരിക്കലും കരുതിയില്ല. എന്നാൽ തന്റെ കുരുന്നിനായി അയൽവാസി കെൻ 14 വർഷത്തേക്ക് സൂക്ഷിക്കാൻ പാകത്തിൽ ക്രിസ്മസ് സമ്മാനം ഒരുക്കിയതാണെന്ന് അറിഞ്ഞപ്പോൾ ഓവനിന്റെ കണ്ണുകൾ നിറഞ്ഞോഴുകി.

ഇഹലോകത്ത് നിന്നും യാത്രയാകും മുൻപ് കുഞ്ഞിനായി കരുതിയ സമ്മാനം കണ്ട് ലോകത്തിന്റെ നാനാ ഭാഗത്ത് നിന്നും പ്രശംസയുടെ കടലാണ് കെന്നിന് സമർപ്പണമായി എത്തിയത്. പക്ഷേ ഇത്രയും കാലത്തേക്കുള്ള സമ്മാനം ശേഖരിച്ച് ഒരുക്കിവെച്ചത് തന്നെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട കെന്നനാണെന്ന് അറിഞ്ഞ അയാൾക്ക് സന്തോഷിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയായി. ഇക്കഴിഞ്ഞ ഒക്ടോബറിലായിരുന്നു കെന്നിന്റെ മരണം. മൂന്നു വർഷം മുമ്പാണ് ഓവനും ഭാര്യയും കെന്നിന്റെ വീട്ടിനടുത്ത് താമസത്തിനെത്തിയത്. അന്നു മുതൽ ഇരുവീട്ടുകാരും തമ്മിൽ നല്ല ബന്ധത്തിലായിരുന്നു. അവിടെയെത്തി അടുത്ത കൊല്ലമാണ് ഓവന് മകൾ ജനിക്കുന്നത്. കുഞ്ഞ് കാഡിയുടെ മുത്തച്ഛന്റെ സ്ഥാനത്തായിരുന്നു കെൻ. സ്വന്തം കൊച്ചുമകളെ പോലെയായിരുന്നു കെന്നിന് അവൾ.

അവൾക്ക് സ്നേഹവും വാൽസല്യവും കെൻ നിർലോഭം നൽകി. കഴിഞ്ഞ ക്രിസ്മസിന് കാഡിക്ക് സമ്മാനം നൽകുകയും ചെയ്തിരുന്നു. ഈ സമ്മാനക്കൂമ്പാരം കണ്ട് താൻ കുറച്ചു സമയത്തേക്ക് സ്തബ്ദനായിപ്പോയി എന്ന് ഓവൻ പറയുന്നു. സമ്മാനസഞ്ചി കണ്ട് ഭാര്യയും ഭാര്യയോട് വീഡിയോ ചാറ്റിലായിരുന്ന ഭാര്യാമാതാവും കരച്ചിലടക്കാൻ പാടുപെട്ടുവെന്നും ഓവൻ പറയുന്നു. സമ്മാനങ്ങളെ കുറിച്ച് ഓവൻ ട്വിറ്ററിൽ കുറിച്ചു. ധാരാളം പേർ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. സമ്മാനങ്ങളെല്ലാം ഇപ്പോൾ തുറന്നു പരിശോധിക്കണോയെന്ന് ട്വിറ്റർ സുഹൃത്തുക്കളോട് ചോദിക്കുകയും ചെയ്തു. അൻപതിനായിരത്തിലധികം പേർ അഭിപ്രായവുമായി ട്വിറ്ററിലെത്തിയിരുന്നു.

 പുസ്തകങ്ങളും കളിപ്പാട്ടങ്ങളും അടങ്ങുന്ന സമ്മാനശേഖരം അടുത്ത പതിനാലു വർഷത്തേക്ക് സൂക്ഷിക്കണോയെന്നാണ് ഓവന്റെ സംശയം. കാരണം സമ്മാനങ്ങൾ മുഴുവൻ ചെറിയ പ്രായത്തിലുള്ള കുട്ടിക്കുള്ളതാണ്. ഇപ്പോൾ തന്നെ അതൊക്കെ മകൾക്ക് നൽകാമെന്നാണ് ഓവൻ കരുതുന്നത്. വർഷങ്ങൾ കഴിയുമ്പോൾ വലിയ കുട്ടിയാവുന്ന കാഡിക്ക് അപ്പോൾ ഈ സമ്മാനങ്ങൾ ആവശ്യമില്ലല്ലോ എന്നതിനാലാണ് ഇപ്പോൾ തന്നെ ഇതൊക്കെ അവൾക്ക് നൽകാണെന്ന തീരുമാനമെടുക്കാൻ ഓവനെ പ്രേരിപ്പിച്ചത്.