ഇസിയോലോ: പത്തു വർഷം മുമ്പ് ഇറ്റാലിയൻ ബിഷപ് കൊല്ലപ്പെട്ട കേസിൽ കെനിയൻ പുരോഹിതൻ കുറ്റക്കാരനാണെന്ന് കോടതി. 2005 ജൂലൈയിൽ ഇറ്റാലിയൻ ബിഷപ് ലൂയിഗി ലൊക്കാട്ടി കൊല്ലപ്പെട്ട കേസിലാണ് കെനിയൻ റോമൻ കാത്തലിക് പുരോഹിതനേയും മറ്റു നാലു പേരേയും കോടതി കുറ്റക്കാരാണെന്നു കണ്ടെത്തിയത്.

എഴുപത്തേഴുകാരനായ ബിഷപ്പ് ലൂയിഗി അഞ്ചുപേരുടെ വെടിയേറ്റാണ് മരിക്കുന്നത്. ഇസിയോലോ രൂപതയിലെ പണമിടപാടു സംബന്ധിച്ചുള്ള വാഗ്വാദമാണ് കൊലയിൽ കലാശിച്ചതെന്ന് പ്രോസിക്യൂട്ടർ വെളിപ്പെടുത്തി. കെനിയൻ തലസ്ഥാനത്തിൽ നിന്നും 250 കിലോമീറ്റർ അകലെയുള്ള ഇസിയോലോയിലുള്ള ഒരു പള്ളിയുടെ കോമ്പൗണ്ടിൽ വച്ചാണ് ബിഷപ് കൊല്ലപ്പെടുന്നത്. രൂപതയുടെ അധികാരം സംബന്ധിച്ചും പണമിടപാടു സംബന്ധിച്ചുമുള്ള തർക്കം നിലനിന്നിരുന്ന സാഹചര്യത്തിലാണ് ബിഷപ്പിനെ അഞ്ചംഗ സംഘം കൊലപ്പെടുത്തുന്നത്.

ഈ കൊലയ്ക്കു പിന്നിൽ ഫാ. വാഗോ ഗുയോയാണ് പ്രധാന പങ്കുവഹിച്ചതെന്നും കോടതി കണ്ടെത്തുകയായിരുന്നു. ബിഷപ്പിനെ വകവരുത്തുന്നതിനായി മറ്റു നാലു വാടകക്കൊലയാളികളെ ഫാ.വാഗോ നിയോഗിക്കുകയും ചെയ്തിരുന്നു. ഇവർക്ക് സാമ്പത്തിക സഹായം ചെയ്തു കൊടുക്കുകയും വെടിവയ്ക്കുന്നതിനുള്ള തോക്ക് വാങ്ങുകയും, കൊലപാതകം ആസൂത്രണം ചെയ്യുകയും ചെയ്തു എന്നുള്ളതാണ് ഫാ.വാഗോയുടെ മേലുള്ള കുറ്റങ്ങൾ. എന്നാൽ അഞ്ചു പേരും കുറ്റം നിഷേധിച്ചിരിക്കുകയാണ്. ഇവർക്കുള്ള ശിക്ഷ നാളെ പ്രഖ്യാപിക്കും.

ഇറ്റാലിയൻ പ്രൊവിൻസായ വെൽസെല്ലിയിൽ നിന്നുള്ള വൈദികനായിരുന്നു ബിഷപ് ലൂയിഗി. 1952-ൽ പൗരോഹിത്യം സ്വീകരിച്ച് പത്തു വർഷത്തിനു ശേഷം കെനിയയിലെത്തുകയായിരുന്നു. 1963-ൽ ബിഷപ് ലൂയിഗി സ്ഥാപിച്ചതാണ് ഇസിയോലോ രൂപത. ബിഷപ് ലൂയിഗിയുടെ കൊലപാതകം കെനിയയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു.