- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കെൻസ ഹോൾഡിംസ് ഉടമ ശിഹാബ് ഷായുടെ തട്ടിപ്പിൽ മലയാളികൾ മാത്രമല്ല, ഗുജറാത്തികളും കുടുങ്ങി; സൂറത്ത് സ്വദേശിനിയായ അഭിഭാഷകയുടെ പക്കൽ നിന്നും മുഴുവൻ പണവും വാങ്ങിയ ശേഷവും ഫ്ളാറ്റ് പൂർത്തിയാക്കി നൽകിയില്ല; അഡ്വ. ദീപിക ചവ്ദയുടെ പരാതിയിൽ കെൻസക്ക് 63 ലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചത് റെറ
കൊച്ചി: നിരവധി തട്ടിപ്പ് പരാതികൾ ഉയർന്നിട്ടുള്ള കെൻസാ ഹോൾഡിങ് റിസോർട്സ് ഡെവലപ്പേഴ്സിനെതിരെ റെറയുടെ വിധി. കാലാവധി കഴിഞ്ഞ ശേഷവും കെട്ടിടനിർമ്മാണം പൂർത്തിയാക്കി ഫ്ളാറ്റ് കൈമാറാത്തതിന് കെൻസയിൽ നിന്നും 63 ലക്ഷം രൂപ ഈടാക്കാനാണ് റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അഥോറിറ്റി (റെറ)യുടെ ഉത്തരവ്. ഗുജറാത്ത് സൂറത്ത് സ്വദേശിനിയായ അഭിഭാഷകയുടെ പക്കൽ നിന്നും മുഴുവൻപണവും വാങ്ങിയശേഷവും ഫ്ളാറ്റ് പൂർത്തിയാക്കി നൽകിയില്ലെന്ന പരാതിയിലാണ് തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കെട്ടിടനിർമ്മാതാക്കളായ കെൻസാ ഹോൾഡിങ് റിസോർട്സ് ഡെവലപ്പേഴ്സിൽ നിന്നും വാങ്ങിയ തുകയും പലിശയും നഷ്ടപരിഹാരവും കോടതി ചെലവുമുള്ളപ്പെടെ ഈടാക്കാനാണ് റെറ ജഡ്ജി ടിയു മാത്തുക്കുട്ടി ഉത്തരവിട്ടത്.
വയനാട്ടിലെ വൈത്തിരിയിൽ നിർമ്മിക്കുന്ന ഒരു ബെഡ് റൂം ഫ്ളാറ്റിനായി 40 ലക്ഷം രൂപ വാങ്ങിയശേഷം വഞ്ചിച്ചെന്നാണ് പരാതി. ഗുജറാത്ത് സൂറത്ത് സ്വദേശിനിയായ അഡ്വ. ദീപിക ചവ്ദ ആണ് പരാതി നൽകിയത്. സമാനമായ നിരവധി ആരോപണങ്ങൾ കെൻസയ്ക്കെതിരെ നേരത്തെ ഉണ്ടായിട്ടുണ്ട്. വില്ല പ്രോജക്ടിന്റെ പേരിൽ പണം തട്ടിയെന്ന് ആരോപിച്ച് കെൻസ ഹോൾഡിംസ് ഉടമ ശിഹാബ് ഷായ്ക്ക് എതിരെ ഗൾഫ് മലയാളികൾ ഒരുവർഷം മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിരുന്നു.
കോടിക്കണക്കിന് രൂപ വില്ലാ പ്രോജക്റ്റിന്റെ പേര് പറഞ്ഞു കെൻസ ഹോൾഡിംസ് തട്ടിച്ചത് എന്നായിരുന്നു അന്നത്തെ പരാതി. വില്ല പ്രോജക്ട് 2016 ൽ പൂർത്തിയാകും എന്ന് പറഞ്ഞ് 2015-ൽ തന്നെ മുഴുവൻ പണവും വാങ്ങിയ വില്ലാ-റിസോർട്ട് പ്രോജക്റ്റ് ആറു വർഷം കഴിഞ്ഞിട്ടും ഒന്നുമായില്ല. തങ്ങൾ പണം മുടക്കിയ പ്രോജക്റ്റ് മാറ്റി മറിച്ചും വേറെ നിക്ഷേപം ക്ഷണിച്ചും ശിഹാബ് ഷാ തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രവാസി മലയാളികൾ ആരോപിക്കുന്നത്.
വയനാടൻ പ്രകൃതി ഭംഗി നുകർന്ന് മമ്മൂട്ടിക്കും കാവ്യാ മാധവനും സുനിൽ ഷെട്ടിക്കും ഒപ്പം അയൽക്കാരായി വില്ലകളിൽ താമസിക്കാം. 45 ലക്ഷം മുതൽ 75 ലക്ഷം വരെ മുടക്കി ഒരു വില്ല വാങ്ങിയാൽ വർഷം തോറും 15 ലക്ഷം വരുമാനം കിട്ടും എന്നൊക്കെയാണ് ദുബായിലെ മലയാളികൾക്ക് മുൻപിൽ തന്റെ വയനാട്ടിലെ വില്ലാ പ്രോജക്റ്റിനെക്കുറിച്ച് കെൻസ ഹോൾഡിങ്സിന്റെ ശിഹാബ് ഷാ പറഞ്ഞത്. ഓരോ വർഷവും നിങ്ങൾക്ക് 15 ദിവസം വില്ലയിൽ കുടുംബ സഹിതം ഫ്രീയായി താമസിക്കാം എന്ന് കൂടി പറഞ്ഞതോടെയാണ് കെൻസയുടെ വില്ലാ പ്രോജക്ടിൽ ഗൾഫ് മലയാളികൾ പണം മുടക്കിയത്. 2015-ൽ തുടങ്ങിയ റിസോർട്ട് വില്ലാ പ്രോജക്റ്റ് 2016 ൽ പൂർത്തിയാകും എന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് പ്രോജക്റ്റ് കൂടെക്കൂടെ മാറ്റുന്നതും ഇതേ പ്രോജക്ടിൽ കൂടുതൽ പേരിൽ നിന്നും ശിഹാബ് ഷാ നിക്ഷേപം ക്ഷണിക്കുന്നതുമാണ് നിക്ഷേപകർ കണ്ടത്.
20 വില്ലകൾ പിന്നീട് 48 വില്ലകൾ ആയി മാറുകയും റിസോർട്ട് പ്രോജക്റ്റ് വെൽനെസ് ആശുപത്രി പ്രോജക്റ്റ് ആവുകയുമൊക്കെ ചെയ്തു. 2016-ൽ പൂർത്തിയാക്കും എന്ന പറഞ്ഞ വില്ലാ പ്രോജക്ടിന്റെ വാലും തുമ്പും പോലും ഇതുവരെ ആയിട്ടുമില്ല. ഇതോടെയാണ് തട്ടിപ്പ് മനസിലാക്കി ഗൾഫ് മലയാളികൾ പരാതിയുമായി രംഗത്ത് വന്നത്. വില്ലാ പ്രോജക്ടിന്റെ പോഎരിൽ ഗൾഫ് മലയാളികളിൽ നിന്നും കോടികളാണ് സ്വപ്നങ്ങളുടെ ഈ വ്യാപാരി കവർന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ തട്ടിപ്പിന്നിരയായവരെ പരാതി നല്കിയിട്ടുണ്ട്. നിയമ നടപടികൾ സ്വീകരിക്കാൻ മലയാളികൾ ഇപ്പോൾ കേരളത്തിലും എത്തിയിട്ടുണ്ട്.
തൃശൂർ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് തട്ടിപ്പ് നടത്തിയത് എന്നതിനാൽ നടപടികൾ കേരളത്തിൽ സ്വീകരിക്കണം. ഗൾഫിൽ നിന്നും നടപടികൾ സ്വീകരിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ വന്നു കെൻസയ്ക്ക് എതിരായ നടപടികൾക്ക് നിക്ഷേപകർ തുടക്കമിടുന്നത്. തൃശൂരിൽ രൂപീകരിച്ച് ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കെൻസ ഹോൾഡിങ്സ്. വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി ഗൾഫ് മലയാളികളിൽ നിന്നും കോടികൾ അടിച്ചുമാറ്റി എന്നാണ് കെൻസ ഹോൾഡിങ്സിനെതിരെയുള്ള പരാതി. നിരവധി മലയാളികളാണ് കെൻസ ഹോൾഡിങ്സ് ചെയർമാൻ ശിഹാബ് മുഹമ്മദ് എന്ന ശിഹാബ് ഷായുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.