തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്ന് മികച്ച സംരംഭകനുള്ള അവാർഡ് വാങ്ങിയ കെൻസ ഹോൾഡിംസിന്റെ ശിഹാബ് ഷാ ഗൾഫ് മലയാളികളെ കേന്ദ്രീകരിച്ച് നടത്തിയ മറ്റൊരു തട്ടിപ്പിന്റെ കഥ മറുനാടൻ നേരത്തേ പുറത്തുവിട്ടിരുന്നു. തട്ടിപ്പിനിരയായ ​ഗൾഫ് മലയാളികൾ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും നിരവധി തവണ പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങുകയും ചെയ്തിട്ടും നീതി ലഭിക്കാതെ വന്നതോടെ ഒടുവിൽ കോടതിയെ സമീപിച്ച് അനുകൂല വിധി നേടിയിരിക്കുകയാണ്. കോടതിയിൽ നിന്നും നിക്ഷേപകർക്ക് അനുകൂലമായ വിധിയാണ് ഉണ്ടായിരിക്കുന്നത്. ജനുവരി 12ന് ശിഹാബ് ഷായുടെ പേരിലുള്ള പതിനെട്ടോളം പ്രോപ്പർട്ടികളും അറ്റാച്ച് ചെയ്ത് നൽകി. 29ന് കോടതിയിൽ നിന്നും ആമീൻ പോയി അറ്റാച്ച്മെന്റ് പ്രോസസുകൾ പൂർത്തിയാക്കി കഴിഞ്ഞു. പൊലീസും ഭരണകൂടവും രാഷ്ട്രീയ പ്രേരിതമായ കേസ് എന്ന് നിസ്സാരവത്ക്കരിക്കാൻ ശ്രമം തട്ടിപ്പിലാണ് ഇപ്പോൾ കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ കയ്യിൽ നിന്ന് മികച്ച സംരംഭകനുള്ള അവാർഡ് വാങ്ങിയ കെൻസ ഹോൾഡിംസിന്റെ ശിഹാബ് ഷായ്ക്ക് എതിരെയാണ് വില്ലാ തട്ടിപ്പിന്റെ പേരിൽ ഗൾഫ് മലയാളികൾ മുഖ്യമന്ത്രിക്ക് തന്നെ പരാതി നൽകിയത്. കോടികളാണ് വില്ലാ പ്രോജക്റ്റിന്റെ പേര് പറഞ്ഞു കെൻസ ഹോൾഡിംസ് തട്ടിച്ചത്. പ്രവാസി മലയാളികൾ തന്നെയാണ് വില്ലാ തട്ടിപ്പിന്റെ ഈ കഥ മറുനാടനോട് പറഞ്ഞത്. 2016 ൽ പൂർത്തിയാകും എന്ന് പറഞ്ഞ 2015-ൽ തന്നെ മുഴുവൻ പണവും വാങ്ങിയ വില്ലാ-റിസോർട്ട് പ്രോജക്റ്റ് ആറു വർഷം കഴിഞ്ഞിട്ടും ഒന്നുമായില്ല. തങ്ങൾ പണം മുടക്കിയ പ്രോജക്റ്റ് മാറ്റി മറിച്ചും വേറെ നിക്ഷേപം ക്ഷണിച്ചും ശിഹാബ് ഷാ തട്ടിപ്പ് നടത്തുന്നു എന്നാണ് പ്രവാസി മലയാളികൾ നൽകിയ പരാതി.

വയനാടൻ പ്രകൃതി ഭംഗി നുകർന്ന് മമ്മൂട്ടിക്കും കാവ്യാ മാധവനും സുനിൽ ഷെട്ടിക്കും ഒപ്പം അയൽക്കാരായി വില്ലകളിൽ താമസിക്കാം. 45 ലക്ഷം മുതൽ 75 ലക്ഷം വരെ മുടക്കി ഒരു വില്ല വാങ്ങിയാൽ വർഷം തോറും 15 ലക്ഷം വരുമാനം കിട്ടും എന്നൊക്കെയാണ് ദുബായിലെ മലയാളികൾക്ക് മുൻപിൽ തന്റെ വയനാട്ടിലെ വില്ലാ പ്രോജക്റ്റിനെക്കുറിച്ച് കെൻസ ഹോൾഡിങ്‌സിന്റെ ശിഹാബ് ഷാ പറഞ്ഞത്. ഓരോ വർഷവും നിങ്ങൾക്ക് 15 ദിവസം വില്ലയിൽ കുടുംബ സഹിതം ഫ്രീയായി താമസിക്കാം എന്ന് കൂടി പറഞ്ഞതോടെയാണ് കെൻസയുടെ വില്ലാ പ്രോജക്ടിൽ ഗൾഫ് മലയാളികൾ പണം മുടക്കിയത്. 2015-ൽ തുടങ്ങിയ റിസോർട്ട് വില്ലാ പ്രോജക്റ്റ് 2016 ൽ പൂർത്തിയാകും എന്നാണ് പറഞ്ഞത്. എന്നാൽ പിന്നീട് പ്രോജക്റ്റ് കൂടെക്കൂടെ മാറ്റുന്നതും ഇതേ പ്രോജക്ടിൽ കൂടുതൽ പേരിൽ നിന്നും ശിഹാബ് ഷാ നിക്ഷേപം ക്ഷണിക്കുന്നതുമാണ് നിക്ഷേപകർ കണ്ടത്.

20 വില്ലകൾ പിന്നീട് 48 വില്ലകൾ ആയി മാറുകയും റിസോർട്ട് പ്രോജക്റ്റ് വെൽനെസ് ആശുപത്രി പ്രോജക്റ്റ് ആവുകയുമൊക്കെ ചെയ്തു. 2016-ൽ പൂർത്തിയാക്കും എന്ന പറഞ്ഞ വില്ലാ പ്രോജക്ടിന്റെ വാലും തുമ്പും പോലും ഇതുവരെ ആയിട്ടുമില്ല. ഇതോടെയാണ് തട്ടിപ്പ് മനസിലാക്കി ഗൾഫ് മലയാളികൾ പരാതിയുമായി രംഗത്ത് വന്നത്. വില്ലാ പ്രോജക്ടിന്റെ പോഎരിൽ ഗൾഫ് മലയാളികളിൽ നിന്നും കോടികളാണ് സ്വപ്നങ്ങളുടെ ഈ വ്യാപാരി കവർന്നത്. മുഖ്യമന്ത്രിക്കും ഡിജിപിക്കുമൊക്കെ തട്ടിപ്പിന്നിരയായർ പരാതി നല്കിയിരുന്നു. എന്നാൽ അതിന് അനുകൂലമായ സമീപനമല്ല അവരിൽ നിന്നും ഉണ്ടായതെന്ന് പരാതിക്കാർ വ്യക്തമാക്കി.

തൃശൂർ ആസ്ഥാനമാക്കിയുള്ള കമ്പനിയാണ് തട്ടിപ്പ് നടത്തിയത് എന്നതിനാൽ നടപടികൾ കേരളത്തിൽ സ്വീകരിക്കണം. ഗൾഫിൽ നിന്നും നടപടികൾ സ്വീകരിക്കാൻ പ്രയാസമുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ വന്നു കെൻസയ്ക്ക് എതിരായ നടപടികൾക്ക് നിക്ഷേപകർ തയ്യാറായത്. തൃശൂരിൽ രൂപീകരിച്ച് ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന കമ്പനിയാണ് കെൻസ ഹോൾഡിങ്‌സ്. വയനാട് വൈത്തിരിയിൽ ബാണാസുരസാഗർ ഡാമിനോട് ചേർന്ന് റിസോർട്ട്, വില്ലകൾ എന്ന ആകർഷകമായ വാഗ്ദാനം നൽകി ഗൾഫ് മലയാളികളിൽ നിന്നും കോടികൾ അടിച്ചുമാറ്റി എന്നാണ് കെൻസ ഹോൾഡിങ്‌സിനെതിരെയുള്ള പരാതി. നിരവധി മലയാളികളാണ് കെൻസ ഹോൾഡിങ്‌സ് ചെയർമാൻ ശിഹാബ് മുഹമ്മദ് എന്ന ശിഹാബ് ഷായുടെ തട്ടിപ്പിന് ഇരയായിരിക്കുന്നത്.

ഷായ്ക്ക് മികച്ച സംരഭകനുള്ള അവാർഡ് നൽകിയത് പിണറായി വിജയൻ

മുഖ്യമന്ത്രിയിൽ നിന്ന് മികച്ച സംരഭകനുള്ള അവാർഡ് നേടിയ വ്യക്തിയാണ് ഡോ.ശിഹാബ് മുഹമ്മദ് എന്ന ശിഹാബ് ഷാ. സ്പീക്കർ ശ്രീരാമകൃഷ്ണനും വ്യവസായമന്ത്രി ഇ.പി.ജയരാജനും സംബന്ധിച്ച ചടങ്ങിലാണ് ഈ അവാർഡ് ശിഹാബ് ഏറ്റുവാങ്ങിയത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ റിയൽ എസ്റ്റേറ്റ് വെൽനെസ് ടൂറിസം മേഖലയിലും മികവ് തെളിയിച്ച ശിഹാബ് ഷാ തൃശൂർ വെങ്കിടങ്ങ് സ്വദേശിയാണ്. വെൽനെസ് ടൂറിസം രംഗത്ത് വ്യത്യസ്ത ആശയങ്ങളോടെ ബിസിനസ് രംഗത്ത് വിജയം കൈവരിച്ച വ്യക്തിത്വമാണ് ശിഹാബ് ഷാ എന്നാണ് ഈ അവാർഡ് പരിപാടിയിൽ പ്ലേ ചെയ്ത പ്രൊഫൈൽ വീഡിയോയിൽ പറയുന്നത്. ഇന്ത്യയിലും മിഡിൽ ഈസ്റ്റിലും വേരുറപ്പിച്ച കെൻസ ഹോൾഡിങ്‌സിന്റെ ചെയർമാൻ. ആകാശത്തോളമുള്ള സ്വപ്നങ്ങളും ആശയങ്ങളും യാഥാർഥ്യമാക്കാനുള്ളതാണ് എന്ന് ഉറച്ച് വിശ്വസിക്കുകയും ചെയുന്നു ശിഹാബ് ഷാ. ഇതെല്ലാം കേട്ട് ചേർത്ത് നിർത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശിഹാബ് ഷായ്ക്ക് ബിസിനസ് മാൻ ഓഫ് ദ ഇയർ പുരസ്‌ക്കാരം നൽകുന്നത്. ഈ രീതിയിൽ ഉള്ള വ്യവസായി തങ്ങളെ ചതിക്കും എന്ന് കരുതാതിരുന്നതുകൊണ്ടാണ് മലയാളികൾ ശിഹാബ് ഷായുടെ വാക്കുകളിൽ വീണത്.

ഒരു തവണ പണം മുടക്കിയവരെ പിന്നീട് വിളിക്കില്ല

ഒരു തവണ പണം മുടക്കി വഞ്ചിതരായവരെ ഇതേ പ്രോജക്റ്റ് വേറെ രീതിയിൽ അവതരിപ്പിക്കുമ്പോൾ കെൻസ ക്ഷണിക്കില്ല. മുൻപ് കുറെ ആളുകൾ മുതൽ മുടക്കിയ ഭൂമിയിലാണ് തങ്ങളും നിക്ഷേപം നടത്തുന്നത് എന്നത് അറിയാതെയാണ് അടുത്ത സംഘം നിക്ഷേപകർ പണം നിക്ഷേപിക്കുന്നത്. തൃശൂർ കേന്ദ്രമാക്കി കെൻസ ഹോൾഡിങ്‌സ് രൂപീകരിക്കുകയും ഗൾഫ് നാടുകളിൽ കറങ്ങി നടന്നു തട്ടിപ്പ് നടത്തുകയുമാണ് കെൻസയുടെ ശിഹാബ് ഷാ ചെയ്തത്. പിടി വീഴാത്തതിനാൽ തട്ടിപ്പുകൾ തുടരാനും ശിഹാബ് ഷായ്ക്ക് കഴിയുന്നു. വേറൊരാളുടെ ഭൂമി കാണിച്ച് പണം സ്വീകരിച്ച് തട്ടിപ്പ് നടത്തിയതിനു ശിഹാബ് ഷായുടെ പേരിൽ കേസുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ കേസിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം എടുത്ത് ഗൾഫിൽ സുഖലോലുപതയിൽ തട്ടിപ്പും നടത്തി കഴിയുകയാണ് ശിഹാബ് ഷാ എന്നാണ് കെൻസയുടെ തട്ടിപ്പിന്നിരയായവർ പറയുന്നത്.

മമ്മൂട്ടിയുടെയും സുനിൽ ഷെട്ടിയുടെയും കാവ്യയുടെയും പേര് പറഞ്ഞു കബളിപ്പിക്കൽ:

കെൻസ ഹോൾഡിങ്‌സ് വയനാട്ടിൽ റിസോർട്ട് തുടങ്ങുന്നു. നിങ്ങൾക്ക് ഒരു വില്ല വാങ്ങാം എന്നാണ് പറഞ്ഞത്. 45 ലക്ഷവും അറുപത് ലക്ഷവും വില്ലയ്ക്ക് മുടക്കിയവരുണ്ട്. വയനാട് ബാണാസുര സാഗർ ഡാമിന്റെ തീരത്ത് കുറച്ച് സ്ഥലം കണ്ടെത്തിയാണ് കെൻസ റിസോർട്ട് വില്ല പ്രോജ്കറ്റ് ഗൾഫിൽ അനൗൺസ് ചെയ്തത്. ഗൾഫ് മലയാളികളെ ഉന്നം വച്ചാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചത് എന്നതിനാൽ തട്ടിപ്പിന്നിരയായത് ഗൾഫ് മലയാളികളാണ്. വില്ലയ്ക്കായി പണം മുടക്കുമ്പോൾ അബുദാബിയിൽ മെക്കാനിക്കൽ എഞ്ചിനീയർ ആയ സന്തോഷ് കുമാറിനോട് ശിഹാബ് ഷാ പറഞ്ഞത് നിങ്ങളുടെ തൊട്ടടുത്തുള്ള വില്ല കാവ്യാ മാധവന്റെതാണ് എന്നാണ്.. സുനിൽ ഷെട്ടി ഇവിടെ വില്ല വാങ്ങുന്നുണ്ട് എന്ന് പറഞ്ഞ ശിഹാബ് ഷാ പിന്നീട് പറഞ്ഞത് മമ്മൂട്ടിക്കും അവിടെ വില്ലയുണ്ട് എന്നാണ്. നടി ഭാമ വില്ല വാങ്ങിയ ചിത്രവും പുറത്തു വിട്ടിരുന്നു.

അൻപത് ലക്ഷം നിക്ഷേപിച്ചാൽ അഞ്ച് വർഷം കഴിഞ്ഞാൽ ഒരു കോടിയാകും

ഇതേ രീതിയിൽ സിനിമാ താരങ്ങളുടെ പേര് പറഞ്ഞു കബളിപ്പിച്ചാണ് കോടികൾ തട്ടിയത്. സുനിൽ ഷെട്ടിയും ശിഹാബ് ഷായും മമ്മൂട്ടിയും ശിഹാബ് ഷായും ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ ശിഹാബ് ഷാ പുറത്ത് വിടുകയും ചെയ്തിരുന്നു. നാൽപ്പത്തിയഞ്ചു ലക്ഷത്തിനു വില്ല വാങ്ങിയാൽ ആജീവാന്ത സമ്പാദ്യം. പത്ത് വർഷത്തേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ല. ഒരു വർഷം കഴിഞ്ഞു വില്ല പൂർത്തിയാകുമ്പോൾ 25000 രൂപ നിങ്ങളുടെ അക്കൗണ്ടിലേക്ക് വരും. അഞ്ച് വർഷം കഴിഞ്ഞാൽ നിങ്ങളുടെ മുടക്ക് മുതൽ ഒരു കോടി രൂപയാകും. വില്ലകൾ ടൂറിസ്റ്റുകൾക്ക് നൽകും. നിങ്ങൾക്ക് വില്ലയിൽ വന്നാൽ ഭക്ഷണം ഉൾപ്പെടെ പതിനഞ്ചു ദിവസം താമസിക്കാം എന്നൊക്കെയുള്ള മോഹനവാഗ്ദാനമാണ് ശിഹാബ് ഷാ നിരത്തിയത്. പറഞ്ഞ പണം നൽകിയെങ്കിലും പിന്നീടൊന്നും നടന്നില്ല. പതിനഞ്ചു ലക്ഷം മുതൽ 60 ലക്ഷം വരെ കയ്യിൽ നിന്നും നഷ്ടമായവരുണ്ട്. അഞ്ചോ ആറോ വില്ലയുടെ പണി മാത്രം തുടങ്ങിയിട്ടുണ്ട്. -കെൻസയുടെ തട്ടിപ്പിന്നിരയായവർ പറയുന്നു.

തട്ടിപ്പിന്നിരയായ സന്തോഷ് പറയുന്നത് ഇങ്ങനെ:

ബഷിർ അലി ശിഹാബ് തങ്ങൾ ആണ് 2015 ൽ പ്രൊജക്റ്റ് ലാഞ്ച് ചെയ്തത്. അതുകൊണ്ട് തന്നെ ഞങ്ങൾക്ക് ഒരു വിശ്വാസമുണ്ടായിരുന്നു. അതൊക്കെ കണ്ടിട്ട് തന്നെയാണ് പണം നൽകിയത്. നാല്പത്തിയഞ്ചു ലക്ഷം രൂപയാണ് എനിക്ക് നഷ്ടമായത്. അഞ്ചു വർഷം മുൻപ് നൽകിയ തുക. അവിടെ ഒരു റിസോർട്ട് വരുമെന്നും വില്ല ജീവിതകാലം ആദായം കിട്ടാൻ വഴിയോരുങ്ങുമെന്നും മനസ്സിൽ കരുതി. പക്ഷെ പിന്നീടാണ് ഈ പ്രോജ്കക്റ്റ് നിരന്തരം മാറ്റുന്നതായും വേറെ പരിപാടികൾ ഇതേ ഭൂമിയിൽ ആസൂത്രണം ചെയ്തു ശിഹാബ് മുഹമ്മദ് പണം തട്ടുന്നതായും വ്യക്തമാകുന്നത്. കാവ്യാ മാധവന്റെ വില്ലയാണ് തൊട്ടടുത്ത് ഉള്ളത് എന്നാണ് എന്നോടു പറഞ്ഞത്.

നല്ല റിസോർട്ട് പ്രോജക്റ്റ് ആയി തോന്നുകയും ചെയ്തു. ആകർഷകമായ ഓഫർ ആണ് നൽകിയിരുന്നത്. നാൽപ്പത്തിയഞ്ചു ലക്ഷം നൽകി ഒരു വില്ല വാങ്ങിയാൽ അത് നമ്മുടെ പേരിൽ ആജീവനാന്ത പ്രോപ്പർട്ടിയായി കിടക്കുകയും ചെയ്യും. തട്ടിപ്പ് ആണെന്ന് മനസിലാക്കാൻ വൈകുകയും ചെയ്തു.