'കൊച്ചുമകളെ വിവാഹം ചെയ്തയച്ചിരിക്കുന്നത് അങ്ങ് കെപ്ലർ452 ബി ഗ്രഹത്തിലേക്കാ.... ചെക്കൻ അവിടെ സോഫ്റ്റ് വെയർ എൻജിനറാ....'. വർഷങ്ങൾക്ക് ശേഷം ഇത്തരത്തിൽ സംസാരിക്കുന്ന അപ്പൂപ്പന്മാരുണ്ടായേക്കാം. നാസയുടെ കെപ്ലർ സ്‌പേസ് ടെലിസ്‌കോപ് കണ്ടെത്തിയ പുതിയ ഗ്രഹമാണ് കെപ്ലർ452ബി. ഏറെക്കൂറെ ഭൂമിക്ക് സമാനമായ ഗ്രഹമാണിതെന്നാണ് നാസ വെളിപ്പെടുത്തിയിരിക്കുന്നത്. മലനിരകളും നദികളും കൊടുമുടികളും സൂര്യപ്രകാശവും ഈ പുതിയ ഗ്രഹത്തിൽ ഉണ്ടത്രെ. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ നമ്മുടെ കൊച്ചു മക്കൾ ജീവിക്കുന്നത് ഈ പുതിയ ഭൂമിയിലാകാൻ സാധ്യതയേറെയാണ്. അതായത് ഭൂമിയിൽ സ്ഥലമില്ലാതാകുമ്പോൾ ഈ ഗ്രഹത്തിലെ അനുകൂല സാഹചര്യം മുതലെടുത്ത് ഇവിടെ മനുഷ്യന് ആവാസ വ്യവസ്ഥകൾ സൃഷ്ടിക്കാനാവുമോയെന്നാണ് ശാസ്ത്രജ്ഞന്മാർ ഇപ്പോൾ ആലോചിച്ച് കൊണ്ടിരിക്കുന്നത്.

ഭൂമിയുടെ ഇരട്ട സഹോദരിയാകാനുള്ള എല്ലാവിധ യോഗ്യതകളുമുള്ള ഗ്രഹമാണിതെന്നാണ് ആസ്‌ട്രോണമേർസ് പറയുന്നത്. സൂര്യന് സമാനമായ ഒരു നക്ഷത്രത്തെയാണീ ഗ്രഹം ചുറ്റുന്നത്. സൂര്യനിൽ നിന്നും ഭൂമിയുടെ ഓർബിറ്റിലേക്കുള്ള ദൂരത്തിന്റെ ഏതാണ് അതേ ദൂരത്തിലാണീ ഗ്രഹവും നക്ഷത്രവും തമ്മിലുള്ള ദൂരവുമെന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാൽ ഈ ഗ്രഹത്തിൽ ജീവന് നിലനിൽക്കാനുള്ള അനുകൂലമായ സാഹചര്യങ്ങളുണ്ടെന്നാണ് നാസ പറയുന്നത്. ഇവിടേക്ക് സസ്യങ്ങൾ പറിച്ച് നടുകയാണെങ്കിൽ അവ അതിജീവിക്കുമെന്നും നാസ പറയുന്നു.

ഭൂമിയുടെ ഇരട്ട സഹോദരിയാണെങ്കിലും ഭൂമിയേക്കാൾ 60ശതമാനം വലുതാണ് കെപ്ലർ 452ബി. അടുത്തിടെ നാസയുടെ കെപ്ലർ സ്‌പേസ് ടെലിസ്‌കോപ് കണ്ടെത്തിയ 1030 പുതിയ ഗ്രഹങ്ങളിൽ പെടുന്ന ഗ്രഹമാണിത്. ഇതിനെ ഭൂമിയുടെ ഇരട്ട ഗ്രഹമമെന്ന് പറയാമെന്നാണ് നാസയുടെ സയൻസ് മിഷൻ ഡയറക്ടറേറ്റ് അസോസിയേറ്റ് അഡ്‌മിനിസ്‌ട്രേറ്ററായ ജോൺ ഗ്രുൻസ്‌ഫെൽഡ് പറയുന്നത്. കെപ്ലർ 452 ഭൂമിയേക്കാൾ വലുതാണെങ്കിലും ഭൂമിയോട് ഏറെക്കൂറെ തുല്യമായ രീതിയിൽ 385 ദിവസമെടുത്താണ് ഇത് അതിന്റ മാതൃനക്ഷത്രത്തെ ഭ്രമണം ചെയ്യുന്നത്. അതായത് ഈ ഗ്രഹത്തിലെ ഒരു വർഷത്തിന് 385 ദിവസങ്ങളുണ്ടാകുമെന്ന് ചുരുക്കം. ഹാബിറ്റബിൾ സോൺ എന്ന മേഖലയിലാണീ ഗ്രഹം സ്ഥിതിചെയ്യുന്നത്. അതായത് ഇത്തരം മേഖലകളിലുള്ള ഗ്രഹങ്ങളിൽ ദ്രവരൂപത്തിലുള്ള ജലം ഉണ്ടാകാനുള്ള സാധ്യതയേറെയാണെന്ന് ഗവേഷകർ പറയുന്നു.

സൂര്യനിൽ നിന്നും ഭൂമിയിലെത്തുന്ന ഏതാണ്ട് അതേ അളവിലുള്ളപ്രകാശമാണ് മാതൃനക്ഷത്രത്തിൽ നിന്നും കെപ്ലർ 452ലുമെത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടെന്നാണ് നോട്ടിങ്ഹാം ട്രെന്റ് യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോണമി വിദഗ്ധനായ ഡോ. ഡാനിയേൽ ബ്രൗൺ പറയുന്നത്. അവിടെയൊരു അന്തരീക്ഷമുണ്ടെങ്കിൽ ഭൂമിയിലെ ചെടികൾക്ക് ആ ഗ്രഹത്തിൽ വളരാൻ സാധിക്കുമെന്നാണിത് നൽകുന്ന സൂചന. ഭൂമിയിൽ നിന്നും 1400 പ്രകാശവർഷങ്ങൾ അകലെയാണീ ഗ്രഹം സ്ഥിതിചെയ്യുന്നത്. 6 ബില്യൺ വർഷങ്ങളാണ് ഈ ഗ്രഹത്തിന്റെ പ്രായം. നമ്മുടെ സൂര്യനേക്കാൾ 1.5 ബില്യൺ വയസ് ഈ ഗ്രഹത്തിനുണ്ട്. എന്നാൽ ഈ ഗ്രഹത്തിന്റ ഘടനയെക്കുറിച്ചൊന്നും വെളിവായിട്ടില്ല. എന്നാൽ പാറകൾ നിറഞ്ഞ ഗ്രഹമായിരിക്കാൻ സാധ്യതയുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്.