തിരുവനന്തപുരം: ത്രിതല പഞ്ചായത്തിലെ വാർഡ് വിഭജനത്തിലെ അപാകത ചൂണ്ടിക്കാട്ടി നിയമസഭയിൽ പ്രതിപക്ഷ എംഎൽഎമാർ രംഗത്തെത്തി. വിഭജനത്തില് അപാകത സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവസ്യപ്പെട്ട് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് സ്പീക്കർ അവതാരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് ഇതേതുടർന്ന് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

തോമസ് ഐസക് എംഎ‍ൽഎയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയത്. മുസ്ലിം ലീഗിന്റെ താൽപര്യത്തിന് വിധേയമായി സാമുദായികമായാണ് വാർഡ് വിഭജനം നടത്തിയതെന്ന് ഐസക് പറഞ്ഞു. സംസ്ഥാനത്തെ വാർഡ് വിഭജനം രാഷ്ട്രീയ ലക്ഷ്യം വച്ചിട്ടാണ്. സർക്കാർ തീക്കളിയാണ് കളിക്കുന്നത്. ഹിന്ദുപഞ്ചായത്തും മുസ്ലിം പഞ്ചായത്തും എന്ന രീതിയിലാണ് പല പഞ്ചായത്തുകളും വിഭജിച്ചിരിക്കുന്നതെന്നും തോമസ് ഐസക് എംഎ‍ൽഎ ആരോപിച്ചു.

എന്നാൽ വിഭജനം ശാസ്ത്രീയമാക്കുകയാണ് ചെയ്തതെന്ന് മന്ത്രി മുനീർ മറുപടി പറഞ്ഞു. അരുവിക്കരയിലെ തോൽവിക്ക് ശേഷം കാർഡ് മാറ്റിക്കളിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആരോപണം. മലപ്പുറത്ത് രണ്ട് ബ്ലോക്കുകൾ അനുവദിച്ചത് ജനസംഖ്യക്ക് ആനുപാതികമായിട്ടാണ്. സാമുദായികമായാണ് വാർഡ് വിഭജനം നടത്തിയതെന്ന് ആരോപണം നേരത്തെ ഉയർന്നിട്ടില്ല. ഇക്കാര്യത്തിൽ ആരും ഒരു പരാതി പോലും നൽകിയിട്ടില്ലെന്നും മന്ത്രി എം.കെ മുനീർ പറഞ്ഞു.

മുസ്ലിംലീഗ് മുരണ്ടാൽ പേടിക്കുന്നയാളാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ നിയമസഭയിൽ പറഞ്ഞു. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്തേതിനേക്കാൾ കുറവ് വാർഡ് വിഭജനമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി കെ.സി ജോസഫ് പറഞ്ഞു. അരുവിക്കരയ്ക്ക് ശേഷം ഭൂരിപക്ഷ പ്രീണനം നടത്താനാണ് എൽ.ഡി.എഫിന്റെ ശ്രമമെന്ന് മന്ത്രി മഞ്ഞളാംകുഴി അലി ആരോപിച്ചു.

മന്ത്രിമാരുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മുസ്ലിം ലീഗിന്റെ താൽപര്യങ്ങൾക്ക് മുന്നിൽ സർക്കാർ അടിയറവു പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദൻ പറഞ്ഞു.

വാർഡ് വിഭജനത്തിൽ അപാകതകളുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ വിഭജനത്തെ സാമുദായികമായി കണ്ടത് നിർഭാഗ്യകരമാണ്. പ്രതിപക്ഷം ഏത് വഴിക്കാണ് ചിന്തിക്കുന്നതെന്നതിന്റെ തെളിവാണ് ഈ ആരോപണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.