തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമണത്തിന് ഇരയായ സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ കാര്യങ്ങളും സർക്കാർ കൃത്യമായി കോടതിയിൽ അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. വിഷയത്തിൽ പിടി തോമസ് എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. സഭ നിർത്തിവച്ച് വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം. ഇതിനിടെയാണ് കുറ്റവാളികൾ എത്ര പ്രബലരായാലും പിഴുതെറിയണമെന്ന് പിടി തോമസ് ആവശ്യപ്പെട്ടത്.ട്ടു.

വിഷയത്തിൽ ഗൂഢാലോചന ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്ന് നിയമസഭയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് ക്യത്യമായി വിഷയത്തിൽ ഇടപെട്ടു, ഊർജ്ജ്വസ്വലമായി പ്രവർത്തിച്ചതിനാലാണ് പ്രതികളെ പിടികൂടാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന തകർച്ചയെ കുറിച്ച് സഭയിൽ ആക്ഷേപം ഉന്നയിച്ച പ്രതിപക്ഷം ചോദ്യോത്തരവേള തടസപ്പെടുത്താൻ ശ്രമിക്കുകയും ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എംഎൽമാർ സ്പീക്കറുടെ ഡയസിന് സമീപമെത്തി മുദ്രാവാക്യം മുഴക്കി. കേരളത്തിലെ സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഇത് അനുവദിക്കില്ലെന്ന് പറഞ്ഞ സ്പീക്കർ ശൂന്യവേളയിൽ അടിയന്തരപ്രമേയത്തിനുള്ള നോട്ടീസ് പരിഗണിക്കാമെന്ന് ഈ അവസരത്തിൽ സ്പീക്കർ പറഞ്ഞു.

ക്ഷുഭിതരായ പ്രതിപക്ഷ എംഎൽഎമാർ സർക്കാരിനെതിരെ മുദ്രാവാക്യം മുഴക്കുകയും ബാനർ ഉയർത്തിക്കാട്ടി സഭ ബഹിഷ്‌കരിക്കുകയും ചെയ്തു. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിഷേധത്തിൽ സഭ തടസപ്പെടുത്തിയ പ്രതിപക്ഷം, പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ പ്രതിപക്ഷ ബഹളത്തിലാണ് നിയമസഭ നടന്നത്.