തിരുവനന്തപുരം: മട്ടന്നൂരിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്റെ വധം നിയമസഭയെ പ്രക്ഷുബ്ധമാക്കി. വിഷയം സജീവമായി ഉന്നയിച്ച് നിയമസഭയിൽ പ്രതിപക്ഷം രംഗത്തിറങ്ങിയതോടെ സഭാ നടപടികൾ തുടരാനായില്ല. സഭ തുടങ്ങിയ ഉടനെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളകളുമായി എംഎൽഎമാർ പ്രതിഷേധിച്ചു.

ഷുഹൈബിന്റെ ചിത്രങ്ങളുള്ള പ്‌ളക്കാർഡുകളും ബാനറുകളും ഉയർത്തിയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. സിപിഎമ്മിനെതിരെ മുദ്രാവാക്യങ്ങളും എംഎൽഎമാർ വിളിച്ചു. കൊലയാളി പാർട്ടി.. സിപിഎം.. തുടങ്ങിയ മുദ്രാവാക്യം വിളികളാണ് ഉയർന്നത്. ബഹളത്തിനിടെ ചോദ്യോത്തരവേള തുടരാൻ സ്പീക്കർ നിർദ്ദേശിച്ചെങ്കിലും അധികം നീണ്ടില്ല. സ്പീക്കറുടെ ഡയസിന് സമീപത്തേക്കെത്തി ഷുഹൈബിന്റെ ചിത്രങ്ങൾ ഉയർത്തിക്കാട്ടി എംഎൽഎമാർ മുദ്രാവാക്യം വിളി തുടർന്നു. ഇതോടെ 'നിങ്ങളെന്താണ് കാണിക്കുന്നത്' എന്നു ചോദിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ രംഗത്തുവന്നെങ്കിലും സഭാ അധികം നീണ്ടില്ല. ബഹളം തുടർന്നതോടെ ചോദ്യോത്തരവേള സ്പീക്കർ റദ്ദാക്കുകയായിരുന്നു.

വിഷയം അടിയന്തരപ്രമേയമായി അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്നും അത് നൽകുമെന്നും സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞെങ്കിലും അംഗങ്ങൾ ശാന്തരായില്ല. സ്പീക്കറുടെ ഇരിപ്പിടത്തിന് മുന്പിൽ കൂട്ടമായി നിന്ന് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചു. അപ്പോഴും അംഗങ്ങളോട് ശാന്തരാവാൻ സ്പീക്കർ ആവശ്യപ്പെടുന്നുണ്ടായിരുന്നു. ദയവായി അംഗങ്ങൾ സീറ്റിൽ പോണമെന്നും സമൂഹത്തിലെ പലരുടെയു്ം പ്രശ്‌നങ്ങൽ ചർച്ച ചെയ്യാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത് സഭയുടെ മര്യാദയുടെ ലംഘനമാണെന്നും ലോകം മുഴുവൻ ഇതെല്ലാം കാണുന്നുണ്ടെന്നും സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. സ്പീക്കറുടെ നേരെ പ്‌ളക്കാർഡുകൾ നീട്ടിപ്പിടിച്ചും അദ്ദേഹത്തിന്റെ മേശയുടെ മേൽ കൈകൊണ്ട് അടിച്ചും അവർ പ്രതിഷേധം പ്രകടമാക്കി. ഇതിനിടെ ചോദ്യങ്ങൾക്ക് മറുപടിയുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ രംഗത്തിറങ്ങിയെങ്കിലും അതും ബഹളത്തിൽ മുങ്ങി.

കണ്ണൂരിലെ ഷുഹൈബിന്റെ കൊലപാതകം കൂടാതെ മണ്ണാർക്കാട് സഫീറിന്റെ കൊലപാതകവും പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു. കണ്ണൂരിലെ ശുഹൈബ് വധത്തിൽ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം, ഗൂഢാലോചനക്കുറ്റം കൂടി അന്വേഷിക്കുക, അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകം, മണ്ണാർകാട് സഫീറിന്റെ കൊലപാതകം എന്നിവ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി സംഭവത്തിൽ മറുപടി പറയണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

കറുത്ത ബാഡ്ജുകൾ കുത്തിയാണ് പ്രതിപക്ഷ എംഎൽഎമാർ സഭയിലെത്തിയത്. പ്രതിഷേധ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളി ആരംഭിക്കുകയായിരുന്നു. ബഹളം നിയന്ത്രിക്കാൻ സാധിക്കാതെ വന്നതോടെ സ്പീക്കർ ചെയറിൽ നിന്നും പുറത്തേക്ക് പോകുകയായിരുന്നു.