തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മാധ്യമങ്ങൾ സർവ്വേ നടത്തി തന്നെയും യുഡിഎഫിനെയും തകർക്കാൻ ആസൂത്രിതമായ നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ് കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

സർക്കാരിനെ അനുകൂലിക്കുന്ന സർവേകളെ യുഡിഎഫിനു വിശ്വാസമില്ല. അഴിമതികളൊന്നും പ്രശ്‌നമല്ലെന്നു പറയുന്ന സർവേകൾ ജനങ്ങൾ തൂത്തെറിയും. ന്യായമായി ലഭിക്കേണ്ട പരിഗണന പോലും പ്രതിപക്ഷത്തിനു ലഭിക്കുന്നില്ലെന്നും അഭിപ്രായസർവേകൾ ജനഹിതം അട്ടിമറിക്കാൻ ഉപയോഗിക്കുന്നെന്നും ചെന്നിത്തല ആരോപിച്ചു.

പിണറായിക്ക് സർവേക്കാർ 2% റേറ്റിങ് ആണ് നൽകിയത്. പിന്നീട് അദ്ദേഹം മുഖ്യമന്ത്രിയായി. എനിക്ക് ആരുടെയും റേറ്റിങ് വേണ്ട. 20 കോടിയുടെ പരസ്യത്തിന്റെ ഉപകാരസ്മരണയാണു നടക്കുന്നത്. ഇതു മോദി പയറ്റുന്ന അതേ രീതിയാണ്.

ജനങ്ങളുടെ സർവേ യുഡിഎഫിന് അനുകൂലമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് 12 മുതൽ 15 സീറ്റ് വരെ പറഞ്ഞു. പാലക്കാട്ട് യുഡിഎഫിന് മൂന്നാം സ്ഥാനം പറഞ്ഞവരുണ്ട്. പ്രചാരണത്തിൽ സിപിഎമ്മും ബിജെപിയും പണം വാരിയെറിയുന്നു. ഇതിന്റെ ഉറവിടം അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മാധ്യമ ധർമ്മം മറന്നുകൊണ്ട് കേരളത്തിലെ മാധ്യമങ്ങൾ ഇതുവരെ പ്രവർത്തിച്ചിട്ടില്ല. പക്ഷേ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വസ്തുതകൾ പരിശോധിച്ചാൽ കേരളത്തിലെ മാധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുന്നുവെന്ന് മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.

വിവിധ മാധ്യമങ്ങൾ എൽഡിഎഫിന് അനുകൂലമായി തിരഞ്ഞെടുപ്പ് സർവ്വേ ഫലം പുറത്തുവിട്ട പശ്ചാത്തലത്തിലാണ് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ ചെന്നിത്തലയുടെ പ്രതികരണം.

സർക്കാരിനെതിരെ ആരോപണം ഉന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. എല്ലാ ആരോപണങ്ങൾക്ക് മുമ്പിലും സർക്കാരിന് മുട്ട് മടക്കേണ്ടിവന്നു. തന്നെ തകർക്കാൻ സിപിഎമ്മിനൊ സർക്കാരിനൊ കഴിയാത്തത് മൂലം അഭിപ്രായ സർവ്വേയിലൂടെ തകർക്കാമെന്ന് കരുതിയാൽ ഞങ്ങളിതൊക്കെ കുറേ കണ്ടിട്ടുള്ളതാണെന്ന് മാത്രമെ പറയാനുള്ളു.

ഭരണകക്ഷിക്ക് ലഭിക്കുന്ന പരിഗണന ഒരു ശതമാനമെങ്കിലും യുഡിഎഫിന് ലഭിക്കേണ്ടേ? എന്തൊരു മാധ്യമ ധർമ്മമാണ് ഇത്. ഡൽഹിയിൽ ചെയ്യുന്നത് പോലെയാണ് ഇവിടെ മാധ്യമങ്ങളെ വിരട്ടിയും പരസ്യങ്ങൾ നൽകിയും വലയിലാക്കാനുള്ള ശ്രമം നടത്തികൊണ്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

പ്രതിപക്ഷത്തിന് ന്യായമായി ലഭിക്കേണ്ട ഇടം പോലും തരാതെ ഭരണ കക്ഷിക്കുവേണ്ടി കുഴലൂത്ത് നടത്തുന്ന രീതിയിലേക്ക് മാധ്യമങ്ങൾ മാറിപ്പോകുന്നത് ശരിയാണോ?. ചില അവതാരകർ അഞ്ച് വർഷം കൂടി കഴിഞ്ഞ് അടുത്ത അഞ്ചുവർഷം കൂടി പിണറായി വിജയൻ ഭരിക്കുമെന്ന മട്ടിലാണ് ചിത്രീകരിക്കുന്നത്. ഇതൊക്കെ എന്ത് മാധ്യമ ധർമ്മമാണ്.

സർക്കാർ ഓരോ പ്രതിസന്ധിയിൽ വീഴുമ്പോഴും അതിൽ നിന്ന് കരകയറാൻ സർവ്വേക്കാർ വരുന്നു. രസകരമായ വസ്തുത മൂന്ന് സ്ഥാപനങ്ങൾക്ക് വേണ്ടി ഒരു കമ്പനിയാണ് സർവ്വേ നടത്തിയത്. കേരളത്തിലെ വോട്ടർമാരുടെ ഒരു ശതമാനം മാത്രമാണ് ഇത്തരം സർവ്വേകളുടെ ഭാഗമാകുന്നത്. ജനങ്ങളുടെ ബോധ്യത്തെയും ചിന്താശക്തിയെയും അട്ടിമറിക്കാനുള്ള നീക്കമാണ് സർവ്വേകളിലൂടെ നടക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.