കോഴിക്കോട്: സർവേകളൊക്ക അന്തിമ ഫലമാണെന്ന് ആരും കരുതുന്നില്ലെന്നും മാധ്യമങ്ങൾക്ക് പരസ്യം കൊടുത്താണ് തുടർഭരണമെന്ന പ്രചാരണം ഇടതു 
സർക്കാർ ഉണ്ടാക്കുന്നതെന്നും മുൻ കെപിസിസി അധ്യക്ഷൻ വി എം സുധീരൻ.

കോടികൾ ചിലവഴിച്ച് പരസ്യം കൊടുക്കുകയാണ് സർക്കാർ. ഇത് കമ്യൂണിസ്റ്റ് പാരമ്പര്യത്തിന് ചേർന്നതല്ല. നീതിയും അനീതിയും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്. ഇതിൽ ഐക്യ ജനാധിപത്യമുന്നണിക്ക് അനുകൂലമായ വിധിയെഴുത്തുണ്ടാകുമെന്നും സുധീരൻ കോഴിക്കോട് പ്രതികരിച്ചു.

നേമത്ത് മുരളീധരന്റെ സ്ഥാനാർത്ഥിത്വം ചരിത്ര സംഭവമായി മാറിയിരിക്കുകയാണ്. മുൻകാലങ്ങളിൽ കോൺഗ്രസിന് വന്നിട്ടുള്ള എല്ലാ പോരായ്മകളും തിരിച്ചറിഞ്ഞ് പരിഹാരം കണ്ടെത്തി കെ.മുരളീധരൻ ചരിത്ര വിജയം നേടുമെന്നും സുധീരൻ പറഞ്ഞു.

പുതു തലമുറകൾക്കായി വഴിമാറികൊടുക്കുന്നുവെന്നും ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നും തന്റെ തിരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതകാലം 25 വർഷം പിന്നിട്ടപ്പോൾ തന്നെ നേതൃത്വത്തെ അറിയിച്ചതാണ്. പക്ഷെ നിർബന്ധത്തിന് വഴങ്ങിയാണ് പിന്നീട് മത്സരിച്ചതെന്നും സുധീരൻ പറഞ്ഞു. ഇത്തവണ തന്റെ പേര് ഉയർന്ന് വന്നിട്ടേയില്ലെന്നും വി എം സുധീരൻ പറഞ്ഞു.