- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് മികച്ച പോളിങ്; മൂന്നരയോടെ 60 ശതമാനം പിന്നിട്ടു; ത്രികോണ മത്സരങ്ങൾ നടക്കുന്ന മണ്ഡലങ്ങളിൽ പോളിങ് ശതമാനം കുതിക്കുന്നു; കോവിഡ് വ്യാപന ഭീതിയും, വേനൽചൂടും വക വയ്ക്കാതെ വോട്ടർമാർ; പ്രതീക്ഷയോടെ മുന്നണികൾ; വിവിധ ഇടങ്ങളിൽ സംഘർഷം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിൽ സംസ്ഥാനത്ത് മികച്ച പോളിങ്. ഉച്ച കഴിഞ്ഞ് മൂന്നര മണിയോടെ പോളിങ് ശതമാനം 60 കടന്നു. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ കനത്ത പോളിങ് ആണ് രേഖപ്പെടുത്തിയത്. കനത്ത ത്രികോണ മത്സരം നടക്കുന്ന നേമം, കഴക്കൂട്ടം, മഞ്ചേശ്വരം മണ്ഡലങ്ങളിലടക്കം മികച്ച പോളിങ് ഉണ്ടായതിൽ മുന്നണികളിൽ ഒരുപോലെ പ്രതീക്ഷയിലാണ്.
കോവിഡ് വ്യാപന ഭീതിയും, പൊള്ളുന്ന വേനൽചൂടും വക വയ്ക്കാതെ ജനം കൂട്ടത്തോടെ പോളിങ് ബൂത്തിലേക്ക് ഒഴുകുന്നതാണ് രാവിലെ മുതൽ കണ്ടത്. പതിനൊന്ന് മണിയോടെ വോട്ടിങ് മന്ദഗതിയിൽ ആയെങ്കിലും ഉച്ചതിരിഞ്ഞതോടെ പോളിങ് നില മെച്ചപ്പെട്ടു. പോളിങ് ആരംഭിച്ച് പകുതി സമയം കഴിയുമ്പോൾ അമ്പത് ശതമാനത്തിന് മുകളിൽ രേഖപ്പെടുത്തിയത് മുന്നണികളെ അമ്പരപ്പിച്ചു. മിക്ക ബൂത്തുകളിലും ജനങ്ങൾ വോട്ട് ചെയ്യാനായി ക്യൂനിൽക്കുന്ന കാഴ്ചയാണുള്ളത്.
ജില്ലാടിസ്ഥാനത്തിൽ പോളിങ് ഉച്ചകഴിഞ്ഞ് 3.30 വരെ
തിരുവനന്തപുരം 55.2
കൊല്ലം 57.7
പത്തനംതിട്ട 56.6
ആലപ്പുഴ 60.2
കോട്ടയം 53.5
ഇടുക്കി 56.6
എറണാകുളം 60.5
തൃശൂർ 61.3
പാലക്കാട് 62.9
മലപ്പുറം 57.8
കോഴിക്കോട് 63.5
വയനാട് 60.01
കണ്ണൂർ 64.63
കാസർകോട് 59.8
മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരടക്കമുള്ള നേതാക്കൾ രാവിലെ തന്നെ കുടുംബത്തോടൊപ്പമെത്തി വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ തോതിൽ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തു. ആന്തൂരിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദിനു നേരെ കൈയേറ്റമുണ്ടായെന്ന് പരാതി ഉയർന്നു. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം.-ബിജെപി. സംഘർഷമുണ്ടായി. നാല് ബിജെപി. പ്രവർത്തകർക്ക് പരിക്കേറ്റു. ബൂത്ത് ഓഫീസുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എൻ.ഡി.എ. സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ ബൂത്തിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കള്ളവോട്ട് തടയാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് ചിലയിടങ്ങളിൽ തർക്കങ്ങളുണ്ടായത്. ചില സ്ഥലങ്ങളിൽ വോട്ടിങ് മെഷീനിലെ തകരാറും പോളിങ് തടസപ്പെടാൻ കാരണമായി.
ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി. പ്രവർത്തകർ തടഞ്ഞുവെച്ചു. തമിഴ്‌നാട്ടിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷി മായ്ക്കുന്നതിനിടെയാണ് ഇവരെ പിടികൂടിയതെന്ന് ബിജെപി.-കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. കമ്പംമേട്ടിലെത്തിയ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
പോളിങ് ബൂത്തിൽ മന്ത്രിമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചെന്നാരോപിച്ച് കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലെ ബൂത്തിൽ സംഘർഷാവസ്ഥയുണ്ടായി. 51-ാം നമ്പർ ബൂത്തിലാണ് രാവിലെ 9.45-ഓടെ പ്രശ്‌നമുണ്ടായത്. ബൂത്തിൽ ഉപയോഗിച്ച പത്ര കടലാസിലാണ് മന്ത്രിമാരുടെ ചിത്രങ്ങളുണ്ടായിരുന്നത്. യു.ഡി.എഫ്. പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ഇത് നീക്കംചെയ്തു.
തന്നെ ബൂത്തിൽ കൈയേറ്റം ചെയ്യാൻ ശ്രമമുണ്ടായെന്ന് ബാലുശ്ശേരിയിലെ യു.ഡി.എഫ്. സ്ഥാനാർത്ഥി ധർമജൻ ബോൾഗാട്ടി ആരോപിച്ചു. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ ഡി.വൈ.എഫ്‌ഐ. പ്രവർത്തകർ കൈയേറ്റം ചെയ്തുവെന്നാണ് ധർമജന്റെ ആരോപണം.
എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രാവിലെ ഉയർത്തിയ ശബരിമല വിഷയം ഏറ്റെടുത്താണ് യു.ഡി.എഫ്. നേതാക്കൾ പോളിങ് ദിനത്തിൽ പ്രസ്താവനകൾ നടത്തിയത്. അയ്യപ്പനും ദേവഗണങ്ങളും സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. പിന്നീട് ഇതിനെ ചുറ്റിപ്പറ്റി ഇരു മുന്നണികളിലെയും നേതാക്കൾ രംഗത്തെത്തി.
വോട്ടിങ് യന്ത്രങ്ങൾ തകരാറിലായ സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കൽപ്പറ്റയിൽ വോട്ടിങ് മെഷീനിൽ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് വോട്ടെടുപ്പ് ഒരു മണിക്കൂർ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അൻസാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പർ ബൂത്തിലാണ് തകരാർ കണ്ടെത്തിയത്. ഉദ്ദേശിച്ച സ്ഥാനാർത്ഥിക്കു പകരം മറ്റൊരു സ്ഥാനാർത്ഥിക്ക് വോട്ട് പോകുന്നതായാണ് പരാതിയുയർന്നത്. തുടർന്ന് ബൂത്തിൽ ഒരു മണിക്കൂറോളം വോട്ടെടുപ്പ് നിർത്തിവെച്ചു. തുടർന്ന് കളക്ടറേറ്റിൽനിന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി വോട്ടിങ് മെഷീൻ പരിശോധിച്ച ശേഷമാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.
കേരളത്തിൽ നൂറ്റിനാൽപ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിനിർണയിക്കുന്നത്. ഇവർക്കായി 40,771 പോളിങ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കുന്നുള്ളു. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.
രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കോവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്.
ന്യൂസ് ഡെസ്ക്