വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ നവ കേരള പീപ്പിൾസ് പാർട്ടി നിർണായക ശക്തിയാകുമെന്ന് നടൻ ദേവൻ. തന്റെ പാർട്ടി ആറ് സീറ്റുകളിൽ വിജയിച്ച് നിർണായക ശക്തിയായി മാറുമെന്നാണ് ദേവൻ അവകാശപ്പെടുന്നത്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ദേവന്റെ അവകാശവാദം. മുന്നണികൾക്ക് സർക്കാർ രൂപീകരിക്കാൻ തന്റെ സഹായം തേടേണ്ടി വരുമെന്നും ദേവൻ പറയുന്നു.

ആറ് മണ്ഡലങ്ങളിൽ തന്റെ പാർട്ടി വിജയിക്കുമെന്നാണ് സർവേഫലമെന്ന് താരം വെളിപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കും. 20 മണ്ഡലങ്ങളിൽ സ്ഥാനാർത്ഥിയുണ്ടാകും.സർക്കാർ രൂപീകരിക്കാൻ ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യമായിരിക്കുമെന്നും ദേവൻ പറഞ്ഞു. പഠന കാലത്ത് കോൺഗ്രസിനോടായിരുന്നു ആഭിമുഖ്യമുണ്ടായിരുന്നത്. വി എം.സുധീരന്റെ ആദർശങ്ങൾ കണ്ടാണ് കെ.എസ്.യുവിലെത്തിയത്. സിനിമയിൽ എത്തിയപ്പോഴും രാഷ്ട്രീയം നിരീക്ഷിച്ചിരുന്നു.എന്നാൽ ഉമ്മൻ ചാണ്ടിയും എ.കെ.ആന്റണിയും വി എം.സുധീരനുമെല്ലാം അധികാരത്തിലെത്തിയിട്ടും നിസഹായരായി നോക്കിനിൽക്കുകയായിരുന്നു. ഒഴുക്കിനൊപ്പം നീന്തുകയായിരുന്നു അവർ. അതിൽ തനിക്ക് അസ്വസ്ഥതയുണ്ടാക്കി. രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള കാരണമിതാണ്. മൂന്ന് മുന്നണികളും വ്യക്തികളുടെ സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടിയാണ് നിൽക്കുന്നത്.

രാഷ്ട്രീയം മലിനമാക്കപ്പെട്ടിട്ടുണ്ട്. പെട്ടെന്ന് മാറ്റാൻ കഴിയില്ല. ശുദ്ധികലശം വേണം. അഴിമതിക്കാരായ എല്ലാ രാഷ്ട്രീയക്കാരെയും പരാജയപ്പെടുത്തുകയാണ് തന്റെ പാർട്ടിയുടെ ലക്ഷ്യം. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനായിചിലവഴിച്ച പണം മൂലധനമാണ്. മതിലുകളിലല്ല, ജനങ്ങളുടെ ഹൃദയത്തിലാണ് താൻ പോസ്റ്ററുകൾ ഒട്ടിക്കുന്നതെന്നും ദേവൻ പറഞ്ഞു. 2004ൽ വടക്കാഞ്ചേരിയിൽ മത്സരിച്ചത് ആശയപ്രചരണത്തിന് വേണ്ടിയായിരുന്നു. ഇപ്പോൾ വിജയിക്കാനാണ് മത്സരിക്കുന്നത്. ആത്മവിശ്വാസമുണ്ട്. 20 വർഷമാണ് അന്ന് ആവശ്യപ്പെട്ടത്. 16 വർഷം പിന്നിടുമ്പോൾ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും ദേവൻ അവകാശപ്പെട്ടു.