- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തുടർഭരണം ലക്ഷ്യമിട്ട് വോട്ട് തേടുന്നത് നേട്ടങ്ങളോരോന്നും എണ്ണിപറഞ്ഞ്; എതിരാളിയുടെ കുറവുകളെക്കാൾ സ്വന്തം മികവുകൾ ജനങ്ങൾക്ക് മുന്നിൽ നിരത്തി മുഖ്യമന്ത്രി; പിണറായി വിജയന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ അണികളിലും ആവേശം
തിരുവനന്തപുരം: തുടർഭരണം ലക്ഷ്യമിട്ട് ഇടതുപക്ഷം അങ്കത്തിനിറങ്ങുമ്പോൾ താരപ്രചാരകന്റെ റോളിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. ആളിനെ കൂട്ടുന്ന മാസ്മരിക പ്രസംഗമല്ലെങ്കിലും അളന്ന് കുറിച്ച ആ വാക്കുകൾ കേൾക്കാൻ തയ്യാറായി എത്തുന്നത് ആയിരങ്ങളാണ്. സമയനിഷ്ഠയുടെ കാര്യത്തിൽ വിട്ടുവീഴ്‌ച്ചയില്ലാത്ത ഈ കമ്മ്യൂണിസ്റ്റ് നേതാവ് കേരളത്തിലെ മറ്റ് രാഷ്ട്രീയ നേതാക്കളിൽ നിന്നും വ്യത്യസ്തനാകുന്നതും തന്റെ വാക്കും പ്രവർത്തിയും ഒന്നായതുകൊണ്ടാണ്. പറഞ്ഞ വാക്കുകൾ, അതെത്ര പരുഷമായിരുന്നെങ്കിലും മാറ്റി പറയാത്ത നേതാവാണ് പിണറായി വിജയൻ. ഈ തെരഞ്ഞെടുപ്പിൽ എല്ലാ മണ്ഡലങ്ങളിലും പര്യടനം നടത്തി തന്റെ സർക്കാരിന് രണ്ടാമൂഴം നൽകണമെന്ന് ആവശ്യപ്പെടുമ്പോൾ അണികളും ചരിത്ര വിജയത്തിനായുള്ള പരിശ്രമത്തിലാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വി എസ് അച്ചുചാനന്ദനായിരുന്നു ഇടതുപക്ഷത്തിന്റെ താരപ്രചാരകനെങ്കിൽ ഇക്കുറി സഖാക്കൾക്ക് ആവേശമാകുന്നത് തങ്ങളുടെ ക്യാപ്റ്റനായ പിണറായി വിജയന്റെ സാന്നിധ്യമാണ്. നീട്ടിയും കുറുക്കിയുമുള്ള വി എസിന്റെ ശൈലിയല്ല പിണറായിയുടേത്. ഒരില വീണാൽ കേൾക്കാവുന്ന നിശബ്ദതയിൽ മുഴങ്ങി കേൾക്കുക ആലോചിച്ച് ഉറച്ച് പറയുന്ന വാക്കുകളാണ്.
പോളിറ്റ് ബ്യൂറോ ബൂത്ത് പിടുത്തത്തിലൂടെ മുഖ്യമന്ത്രിയാക്കിയ വ്യക്തി എന്നായിരുന്നു പിണറായി വിജയൻ മുഖ്യമന്ത്രി ആയപ്പോൾ ഉയർന്ന പ്രധാന വിമർശനം. വി എസിനെ കാണിച്ച് തെരഞ്ഞെടുപ്പ് ജയിച്ച ശേഷം പിണറായി വിജയൻ മുഖ്യമന്ത്രി ആകുകയായിരുന്നു. മുഖ്യമന്ത്രി കസേരയിൽ ഇരിക്കുമ്പോഴും അത്രമേൽ ജനപ്രിയൻ ഒന്നുമായിരുന്നില്ല പിണറായി. പിണറായി നേരിട്ട് നയിച്ച് ഒരു തെരഞ്ഞെടുപ്പും വിജയിച്ചില്ലെന്നും അവർ ആരോപിച്ചു. പക്ഷേ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിലെ ഗംഭീര വിജയം ഈ ധാരണകളെ മാറ്റിമറിച്ചു. പിന്നീട് വന്ന പ്രളയവും ഇപ്പോഴൂള്ള കോവിഡും അദ്ദേഹത്തിന്റെ ജനപ്രീതി ഉയർത്തി. അടുത്തവന്ന പല അഭിപ്രായ സർവേകളിലും പിണറായിയുടെ ജനപ്രീതി ഉയർന്നതായാണ് ചൂണ്ടിക്കാട്ടുന്നത്. അസുഖ ബാധിതനായിട്ടും മിനസോട്ടയിലെ മായോ ക്ലിനിക്കിലെ ചികിത്സതേടാൻ പോകേണ്ടിയിരുന്നു അദ്ദേഹം ആ യാത്രമാറ്റിവച്ചാണ് പ്രളയകാലത്ത് കേരളത്തിനൊപ്പം നിന്നത്. എല്ലാദിവസവും മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി. എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടാത്ത മാധ്യമങ്ങളെ അകറ്റിനിർത്തുന്ന രാഷ്ട്രീയനേതാവ് എന്ന ആക്ഷേപത്തിന് സ്വന്തം പ്രവർത്തി കൊണ്ട് അദ്ദേഹം ഉചിതമായ മറുപടി നൽകി. സമാനമായ സംഭവങ്ങളാണ് കോവിഡ് കാലത്തും കണ്ടത്.
ശബരിമലയിൽ പിഴച്ച ജനപ്രീതി കോവിഡിൽ പിണറായി തിരിച്ചുപിടിക്കുന്ന കാഴ്ചകളാണ് കേരളം കണ്ടത്. അതുകൊണ്ടുതന്നെ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ഒരു രണ്ടാമൂഴം കൂടി പലരും സ്വപ്നം കാണുന്നുണ്ട്. വലിയതോതിലുള്ള പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഭരണത്തുടർച്ചയുണ്ടാകുമെന്ന് എൽഡിഫ് കേന്ദ്രങ്ങൾ പ്രതീക്ഷിക്കുന്നു. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഇടതുപക്ഷത്തിന് മുന്നാട്ടുവെക്കാൻ ആകെയുള്ള ഒരു തുറുപ്പു ചീട്ട് പിണറായി മാത്രമാണ്.
പിണറായിയുടെ രാഷ്ട്രീയ ജീവിതം ഒറ്റനോട്ടത്തിൽ
1964 ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി(മാർക്സിസ്റ്റ്)യിൽ ചേർന്നു
1968 സിപിഎംന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1970 കൂത്തുപറമ്പ് നിയോജകമണ്ഡലത്തിൽ നിന്നും പി എസ് പിയുടെ തായത്ത് രാഘവനെ പരാജയപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ആദ്യ കേരള അസംബ്ലി തിരഞ്ഞെടുപ്പിൽ വിജയിച്ചു.
1972 സിപിഐ (എം) നു വേണ്ടി കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായി
1977 ആർ എസ് പിയുടെ അബ്ദുൾഖാദറെ പരാജയപ്പെടുത്തിക്കൊണ്ട് രണ്ടാം തവണ കൂത്തുപറമ്പിൽ നിന്നും തിരഞ്ഞെടുപ്പ വിജയിച്ചു.
1978 സിപിഐ (എം) കേരള സംസ്ഥാന കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
1986 സിപിഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
1988 സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി.
1991 ഐ എൻ സിയുടെ പി രാമകൃഷ്ണനെ പരാജയപ്പെടുത്തി കൂത്തുപറമ്പിൽ നിന്നും മൂന്നാം തവണ തിരഞ്ഞെടുപ്പിൽ വിജയിച്ചു.
1996 കേരളത്തിൽ വൈദ്യുതി മന്ത്രിയായും സഹകരണ മന്ത്രിയായും സേവനമനുഷ്ഠിച്ചു.
1996 ഐ എൻ സിയുടെ കെ എൻ കണ്ണോത്തിനെ പരാജയപ്പെടുത്തിക്കൊണ്ട് പയ്യന്നൂർ സീറ്റിൽ നിന്നും അസംബ്ലി തിരഞ്ഞെടുപ്പ് ജയിച്ചു.
1998 സിപിഐ (എം)ന്റെ കേരള സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
2002 സിപിഐ (എം) പോളിറ്റ് ബ്യൂറോ അംഗമായി
2016 ധർമ്മടം നിയോജകമണ്ഡലത്തിൽ ഐ എൻ സിയുടെ മമ്പറം ദിവാകരനെ പരാജയപ്പെടുത്തിയതിനുശേഷം കേരള മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ