കടിക്കുന്ന നായയാണ് ലോകായുക്ത എന്ന് പറഞ്ഞ മുഖ്യമന്ത്രി, നായയുടെ പല്ല് പിഴുതെടുത്തത് എന്തിനാണ്? മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമെന്ന് പ്രതിപക്ഷ നേതാവ്; ഗവർണർ ഒപ്പിട്ട ഓർഡിനൻസ് ചോദ്യം ചെയ്യുന്നത് തെറ്റായ കീഴ്വഴക്കമെന്ന് നിയമ മന്ത്രിയും; പ്രമേയാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്നിറങ്ങിപ്പോയി. ഇനി എന്തിനാണ് ലോകായുക്തയെന്നും, പിരിച്ചുവിടൂവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു. ഓർഡിനൻസ് ഇറക്കാൻ എന്തായിരുന്നു തിടുക്കമെന്ന് പ്രതിപക്ഷം ചോദിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് എതിരെ കേസ് വന്നപ്പോഴാണ് ലോകായുക്ത നിയമം ഭേദഗതി ചെയ്തത്.
ഇഷ്ടക്കാരെ രക്ഷിക്കാൻ നിയമം ദുർബലപ്പെടുത്തിയെന്ന് സതീശൻ വിമർശിച്ചു. മുഖ്യമന്ത്രിയെ ഭരിക്കുന്നത് ഭയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നിയമ ഭേദഗതിയെക്കുറിച്ച് മുന്നണിയിൽ പോലും ചർച്ച ചെയ്തില്ല. മുഖ്യമന്ത്രി എന്തിനാണ് ഭയപ്പെടുന്നത്. ഇക്കാര്യത്തിൽ മന്ത്രിയും സർക്കാരും പറയുന്ന കാര്യം അടുത്തിരിക്കുന്ന സിപിഐ മന്ത്രിമാരെ ബോദ്ധ്യപ്പെടുത്തൂവെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ലോകായുക്ത അടക്കമുള്ള അഴിമതി വിരുദ്ധ സംവിധാനങ്ങൾ ദുർബലപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പേരാവൂർ എംഎൽഎ സണ്ണി ജോസഫാണ് അടിയന്തര പ്രമേയ നോട്ടിസ് നൽകിയത്. എന്നാൽ അടിയന്തര പ്രമേയം ചട്ടവിരുദ്ധമാണെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നിയമമന്ത്രി പി രാജിവ് നൽകിയ മറുപടിയിലാണ് ഗവർണർ ഒപ്പുവച്ച ഓർഡിനൻസിനെതിരെ അടിയന്തര പ്രമേയം കൊണ്ടുവരുന്നത് ചട്ടവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയത്.
ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് വിചിത്രമാണ്. ലോകായുക്തയുടെ ഒരു അധികാരവും സർക്കാർ എടുത്ത് കളഞ്ഞിട്ടില്ലെന്നും പി രാജീവ് ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമങ്ങൾക്ക് അനുസൃതമായ ദേഭഗതിയാണ് ലോകായുക്ത നിയമത്തിൽ സർക്കാർ കൊണ്ടുവന്നത്. എജിയുടെ പരിശോധനയ്ക്ക് ശേഷമാണ് സർക്കാർ ഭേദഗതിക്ക് തീരുമാനിച്ചത്. ലോകായുക്തയുടെ അധികാരം കവരുന്നു എന്ന ആരോപണം വസ്തുതയ്ക്ക് നിരക്കാത്തതാണ്. അഴിമതി കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയുടെ വാദങ്ങളെ പ്രതിരോധിച്ച സണ്ണി ജോസഫ് സഭ പാസാക്കിയ ലോകായുക്ത നിയമത്തിൽ സർക്കാർ മുന്നോട്ടോ പിന്നോട്ടോ എന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭരണ തലങ്ങളിൽ അഴിമതി ശക്തമാണ്, കോവിഡ് പ്രതിസന്ധി പോലും കൊള്ളയടിക്കാനുള്ള അവസരമാക്കിമാറ്റിയെന്നും കുറ്റപ്പെടുത്തി. ഇതിന് മറുപടി പറഞ്ഞ നിയമ മന്ത്രി ലോക്പാൽ നിയമം പാസാക്കിയിട്ടും നിയമനം നടത്താത്തവരാണ് ഓർഡിനൻസ് ചോദ്യം ചെയ്യുന്നത് എന്ന് കുറ്റപ്പെടുത്തി. ഭരണഘടന പരമായ ഉത്തരാവാദിത്വമാണ് സർക്കാർ നടപ്പാക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഓർഡിനൻസ് വിഷയത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ പരസ്പരം വാക്പോരും അരങ്ങേറി. കടിക്കുന്ന നായയാണ് ലോകായുക്ത എന്ന് പറഞ്ഞ മുഖ്യമന്ത്രി, നായയുടെ പല്ല് പിഴുതെടുത്തത് എന്തിനാണ്. മുഖ്യമന്ത്രിക്കെതിരെ നാല് കേസുകൾ ലോകായുക്തയിൽ വന്നത് കാരണമാണ് ഓർഡിനൻസ് കൊണ്ടുവന്നത് എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇനി എന്തിനാണ് ലോകായുക്ത എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ഓർഡിനൻസ് വിഷത്തിൽ ആദ്യം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ ബോധ്യപ്പെടുത്തണം എന്നും പ്രതിപക്ഷത്ത് നിന്നും ആവശ്യം ഉയർന്നു.എന്നാൽ, സഭയിലെ രമേശ് ചെന്നിത്തലയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി നിയമ മന്ത്രി ആരോപണങ്ങളെ പ്രതിരോധിച്ചു. ആദ്യം പ്രതിപക്ഷ നേതാക്കൾക്കിടയിലെ തർക്കം പരിഹരിക്കണം. നിരാകരണ പ്രമേയം കൊണ്ടുവരുമെന്ന് പറഞ്ഞ മുൻ പ്രതിപക്ഷനേതാവ് എവിടെ എന്നും നിയമ മന്ത്രി ചോദിച്ചു.
അതേസമയം, ലോകായുക്ത വിഷയം കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണെന്നും അടിയന്തിര പ്രമേയ നോട്ടീസായി പരിഗണിക്കാൻ കഴിയാത്തതാണ് എന്നും സ്പീക്കർ എംബി രാജേഷും ചൂണ്ടിക്കാട്ടി. ഓർഡിനൻസ് നിരാകരണ പ്രമേയം കൊണ്ടുവരാം. അത് ബിൽ അവതരണ വേളയിലാകണം. എങ്കിലും പൊതുവായ കാര്യങ്ങൾ അവതരിപ്പിക്കാമെന്നും അദ്ദേഹം സഭയെ അറിയിച്ചു. മന്ത്രിയുടെ മറിപടിക്ക് പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും വാക്കൗട്ട് നടത്തി.
മറുനാടന് മലയാളി ബ്യൂറോ