സ്വപ്നയെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമസംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവെന്ന് വീണാ ജോർജ്ജ്; പ്രതിപക്ഷ അംഗങ്ങൾക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്ന് ജെയിസ് മാത്യു എംഎൽഎയും; സ്പീക്കറെ പ്രതിരോധിച്ച് പ്രതിപക്ഷത്തെ കടന്നാക്രമിച്ച് ഭരണപക്ഷ അംഗങ്ങൾ
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം ചർച്ചക്കെടുക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങളെ കടന്നാക്രമിച്ചു ഭരണപക്ഷ അംഗങ്ങൾ. സ്പീക്കറെ പ്രതിരോധിച്ചു കൊണ്ടാണ് പ്രതിപക്ഷ അംഗങ്ങൾ രംഗത്തെത്തിയത്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ തൊട്ടടുത്തിരുത്തി ഭക്ഷണം കൊടുത്ത് നർമ സംഭാഷണം നടത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ആറന്മുള എംഎൽഎ വീണ ജോർജ്ജ് കുറ്റപ്പെടുത്തി.
സ്പീക്കർക്കെതിരെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണത്തിന് അടിസ്ഥാനമില്ല. സംസ്ഥാന സർക്കാർ ഭരണമികവിൽ രാജ്യത്ത് ഒന്നാമതെന്ന റെക്കോർഡുകൾ നേടുമ്പോൾ ഏറ്റവും കൂടുതൽ അംഗങ്ങൾ ഏറ്റവും കൂടുതൽ കാലം ജയിലിൽ കിടന്ന റെക്കോർഡാണ് പ്രതിപക്ഷത്തിനെന്നും വീണ ജോർജ് പറഞ്ഞു.
നാലര വർഷക്കാലം ദിവസവും രണ്ടോ മൂന്നോ വട്ടം വാർത്താ സമ്മേളനം നടത്തി സർക്കാരിനെ വിമർശിച്ചു കൊണ്ടിരുന്ന പ്രതിപക്ഷ നേതാവിനെ മാറ്റി വേറൊരാളെ പ്രതിഷ്ഠിക്കുന്ന ലാഘവത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. സ്പീക്കർക്കെതിരെ എം ഉമ്മർ ഉന്നയിച്ച ആരോപണങ്ങളിൽ അദ്ദേഹത്തിന് തന്നെ വിശ്വാസമില്ല. അടിസ്ഥാനമില്ലാതെ സ്വാർത്ഥലാഭത്തിന് വേണ്ടി സഭയെ കളങ്കപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രമേയം അവതരിപ്പിച്ചത്.
ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ 145 കോടിയുടെ പദ്ധതി ടെണ്ടർ ഒഴിവാക്കി ഊരാളുങ്കലിന് ഏൽപ്പിക്കാൻ എഴുതിയ കത്തും വീണ ജോർജ് ഉയർത്തിക്കാട്ടി. 2018 ൽ തന്നെ സഭ ടിവിയുമായി ബന്ധപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. സഭ ടിവി പ്രവർത്തനം തുടങ്ങിയ ഉടൻ പ്രതിപക്ഷ നേതാവിന്റെ അഭിമുഖം ഉടൻ എടുക്കണമെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് വിളി വന്നു. രാജ്യത്ത് ധ്വംസിക്കപ്പെടുകയും ആശയ സംവാദത്തിനുള്ള സാഹചര്യം ഇല്ലാതിരിക്കുമ്പോൾ അതിനെ പ്രതിരോധിക്കാനാണ് ഫെസ്റ്റിവൽ ഓഫ് ഡെമോക്രസി നടത്തിയത്. അന്നതിനെ പ്രതിപക്ഷം പ്രകീർത്തിച്ചു. കേന്ദ്ര ഏജൻസികളെ കാട്ടി കേരളത്തിലെ ഇടതുമുന്നണിയെ വിരട്ടാമെന്ന് കരുതണ്ടെന്നും വീണ ജോർജ്ജ് എംഎൽഎ പറഞ്ഞു.
അതേസമയം നിയമസഭയിലെ പ്രതിപക്ഷ അംഗങ്ങൾക്ക് അടിയന്തര മാനസിക ചികിത്സ വേണമെന്നാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണനെതിരെ അടിയന്തര പ്രമേയം കൊണ്ടുവന്നതിലൂടെ വ്യക്തമാകുന്നതെന്ന് എൽഡിഎഫ് എംഎൽഎ ജെയിംസ് മാത്യു ആരോപിച്ചു. കേന്ദ്രസർക്കാരിന്റെ സർവമാന അന്വേഷണ ഏജൻസികളും യുഡിഎഫും മാധ്യമങ്ങളും ചേർന്ന എൽഡിഎഫ് സർക്കാരിനെ വേട്ടയാടുകയാണ്. എന്നാൽ ഈ കുതന്ത്രങ്ങളെല്ലാം തദ്ദേശതെരഞ്ഞെടുപ്പ് ഫലത്തോടെ അവസാനിച്ചുവെന്നാണ് ഞങ്ങൾ കരുതിയത്. എന്നാൽ ഈ പൊറാട്ടു നാടകത്തിന്റെ രണ്ടാം അങ്കത്തിനാണ് ഈ അവിശ്വാസ പ്രമേയത്തിലൂടെ യുഡിഎഫ് തുടക്കമിടുന്നത്. ഇന്നലത്തെ അടിയന്തര പ്രമേയത്തോടെ ഇവർ വിവരമില്ലാത്തവരും നാട് നന്നാവണം എന്ന് ആഗ്രഹമില്ലാത്തവരുമാണെന്ന് നാട്ടുകാർക്ക് മനസിലായി. ഇന്നത്തെ അടിയന്തര പ്രമേയത്തോടെ പ്രതിപക്ഷത്തിന് അടിയന്തര ചികിത്സ കൂടി വേണമെന്നും വ്യക്തമായി. നല്ല മാനസിക നില അവർക്ക് ഉറപ്പിക്കാൻ വേണ്ട നടപടി ഇവിടെ നിന്നും തുടങ്ങണമെന്നും ജെയിസ് മാത്യു പറഞ്ഞു.
അനാവശ്യ ആരോപണത്തിൽ ധാർമികതയുടെ പേരിലാണ് സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി സഭയെ കാലത്തിന് മുൻപേ സഞ്ചരിക്കാൻ പ്രാപ്തമാക്കിയതാണോ സ്പീക്കറുടെ തെറ്റ്. നമ്മുടെ മണ്ഡലങ്ങളിലെല്ലാം എത്രത്തോളം വികസന പദ്ധതികൾ നടക്കുന്നു. അതിനെല്ലാം ഫണ്ട് ചെയ്യുന്നത് നമ്മളാണോ ? അങ്ങനെയാണോ നിങ്ങൾ കാര്യം മനസിലാക്കിയത്. ഇവിടെയൊരു വിജിലൻസ് വകുപ്പുണ്ട്. ഇവർ ആരെങ്കിലും ഒരു തുണ്ടു കടലാസിൽ നാല് വരി എഴുതി സർക്കാരിന്റേയോ നിയമസഭയിലെയോ അഴിമതിക്കെതിരെ പരാതി നൽകിയിരുന്നോ ?
കണ്ട പത്രത്തിൽ വന്ന വാർത്തയെല്ലാം കൂടി പെറുക്കി കൂട്ടിയാണ് എം.ഉമ്മർ സ്പീക്കർക്കെതിരെ പ്രമേയം അവതരിപ്പിക്കാൻ വന്നത്. ഇന്നലത്തെ അവിശ്വാസ പ്രമേയ ചർച്ച ലോകം മുഴുവൻ കണ്ടു അതു സഭാ ടിവിയിലൂടെയാണ് എല്ലാവരും കണ്ടത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിന്റെ ഒരു അഭിമുഖം സഭാ ടിവിയിൽ വന്നിരുന്നു. അദ്ദേഹത്തിന്റെ ഗ്രാഫ് താഴ്ന്നുവരുന്ന ഘട്ടത്തിലാണ് അദ്ദേഹത്തിന് പൊസിറ്റീവായി ഒരു ഇമേജ് നൽകുന്ന തരത്തിലാണ് സഭാ ടിവിയിൽ അദ്ദേഹത്തിന്റെ അഭിമുഖം വന്നത്.
ഭരണപ്രതിപക്ഷ വ്യത്യാസമില്ലാത്തെ ഇവിടെ നടന്ന എല്ലാ പരിഷ്‌കാരങ്ങളും നമ്മൾ കൂടിയാലോചിച്ചാണ് നടപ്പാക്കേണ്ടത്. എന്നാൽ അഴിമതി നടന്നുവെന്ന് സംശയമെങ്കിൽ ഇവർക്ക് വിജിലൻസിനെ സമീപിക്കാമായിരുന്നു. 21 തവണയാണ് നയതന്ത്ര പരിരക്ഷ ഉറപ്പാക്കി സ്വർണക്കടത്തിന് ഒത്താശ ചെയ്തത്. ആരാണ് ഇതിന്റെ സോഴ്‌സ് എന്ന് കണ്ടെത്താൻ ഏഴ് മാസമായിട്ടും കസ്റ്റംസിന് സാധിക്കാത്തത് എന്തു കൊണ്ടാണ്. സ്വർണക്കടത്ത് കേസിലെ പ്രതിയായ സന്ദീപ് നായർ മാപ്പുസാക്ഷിയായി വരുമ്പോൾ നമ്മൾ അതേക്കുറിച്ച് ആശങ്കപ്പെടേണ്ട. ഇവിടെ ഡോളർ തട്ടിപ്പിനെക്കുറിച്ച് പറഞ്ഞു. ആ തട്ടിപ്പിന് ഒത്താശ ചെയ്ത ബാങ്ക് ഉദ്യോഗസ്ഥരും ബാങ്കും എന്താണ് പട്ടികയിൽ വരാത്തത്.
കുഞ്ഞാലിക്കുട്ടിയേയും അബ്ദുൾ വഹാബിനേയും മുനീറിനേയും കെഎം ഷാജിയേയും എല്ലാം അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ പല ഘട്ടങ്ങളിലായി വിളിപ്പിച്ചിട്ടില്ലേ. 40 വർഷത്തെ രാഷ്ട്രീയ പാരമ്പര്യത്തിന്റെ സംശുദ്ധിയുള്ള പി.ശ്രീരാമകൃഷ്ണൻ ആരാണെന്ന് എസ്എഫ്‌ഐ കാലത്ത് അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചയാൾ എന്ന നിലയിൽ എനിക്കറിയാം. ഇന്നല്ലെങ്കിൽ നാളെ ഉപ്പ് വച്ച കലം പോലെ യുഡിഎഫ് തകരാൻ കാരണമാകുന്നത് നിങ്ങളാവും. കോൺഗ്രസോ ലീഗോ തകരണമെന്ന് ഞങ്ങൾക്ക് ആഗ്രഹമില്ല. എന്നാൽ ബിജെപി അധികാരത്തിൽ ഇരുന്ന് ചെയ്യുന്ന എല്ലാ വിഘടന പ്രവർത്തനങ്ങൾക്കും ഒത്താശ ചെയ്ത് നിങ്ങൾ സ്വയം നശിക്കാൻ വഴിയൊരുക്കുകയാണ്- ജെയിംസ് മാത്യു പറഞ്ഞു.
അതേസമയം സംശയത്തിന് അതീതമായി നിൽക്കാൻ സ്പീക്കർക്കായില്ലെന്ന് കേരള കോൺഗ്രസ് പിജെ ജോസഫ് വിഭാഗം നേതാവ് മോൻസ് ജോസഫ് പറഞ്ഞു. അദ്ദേഹം വിവാദത്തിൽ അകപ്പെടാൻ പാടില്ലാത്ത വ്യക്തിയാണ്. അതിന് ഭംഗം വരുന്നത് നിർഭാഗ്യമാണ്. വിവിധ പരാതികൾ ഉയർന്ന സാഹചര്യത്തിൽ ഉയർന്നു വന്ന ആക്ഷേപങ്ങളെ തള്ളക്കളയാനാവില്ല. സ്പീക്കർ സ്ഥാനത്തിന്റെ വിശ്വാസ്യത സംരക്ഷിക്കപ്പെടേണ്ടതുകൊണ്ട് പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് മോൻസ് ജോസഫ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ