- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമപോരാട്ടത്തിലേക്ക് വഴിവെച്ചത് ഇന്നസെന്റിന്റെ സത്യപ്രതിജ്ഞ; വിജയം കണ്ടത് ഏഴുവർഷത്തെ പരിശ്രമത്തിനൊടുവിൽ; ഇത്തവണ എംഎൽഎമാർ ചൊല്ലിയത് 'ആയ' ഞാൻ എന്നതിന് പകരം 'എന്ന' ഞാൻ; നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞാ വാചകം എസ്ബിഐ മാനേജർ തിരുത്തുമ്പോൾ
തിരുവനന്തപുരം: ഭരണത്തുടർച്ചയിലൂടെ ഇടതുപക്ഷ സർക്കാർ കേരളരാഷ്ട്രീയത്തിലെ പുതുചരിത്രം രചിച്ചപ്പോൾ നിയമസഭയിലെ സത്യപ്രതിജ്ഞ ചടങ്ങിനുമുണ്ട് ചില പുതുചരിത്രത്തിന്റെ കഥകൾ പറയാൻ.വർഷങ്ങളായി തുടർന്ന് വന്ന ഒരു രീതി മാറിയത് ഇത്തവണയാണ്.പാർലമെന്റ്, നിയമസഭാംഗങ്ങളുടെ മലയാളത്തിലുള്ള സത്യപ്രതിജ്ഞാ വാചകത്തിൽ ആണ് ചരിത്രപരമായ ഈ തിരുത്ത് ഉണ്ടായിരിക്കുന്നത്.
സാധാരണയായി പറയാറുള്ള ആയ ഞാൻ' എന്ന ഭാഗത്തിനു പകരം '......എന്ന ഞാൻ...' എന്നാണു സഭാ രേഖയിൽ ഭേദഗതി വരുത്തിയത്. ഇത്തവണ മുഖ്യമന്ത്രി മുതൽ മുഴുവൻപേരും ഇത്തരത്തിലാണ് സത്യവാചകം ചൊല്ലിയത്.ഈ തിരുത്തലിന് പിന്നിൽ ഒരു മനുഷ്യന്റെ ഏഴുവർഷത്തെ നിയമപോരാട്ടത്തിന്റെ കഥയുണ്ട്.എസ്ബിറ്റി മുൻ മാനേജർ പേരൂർക്കട പേൾ നഗർ മട്ടയ്ക്കൽ 'ജെ' ഹോമിൽ വർഗീസ് അലക്സാണ്ടറുടെ വർഷങ്ങൾ നീണ്ട പരിശ്രമമാണ് ഇത്തവണ വിജയം കണ്ടത്.
എംപിയായി നടൻ ഇന്നസന്റ് സത്യപ്രതിജ്ഞ ചെയ്യുന്നതു വീക്ഷിച്ചപ്പോൾ കേട്ട വാക്കാണു വർഗീസിന്റെ പോരാട്ടത്തിനു തുടക്കമിട്ടത്. 'ഇന്നസന്റ് ആയ ഞാൻ...' 'ശക്തൻ ആയ ഞാൻ..' എന്നൊക്കെ അംഗങ്ങൾ സത്യപ്രതിജ്ഞയെടുക്കുമ്പോൾ, ആയ എന്ന വാക്ക് യുക്തമല്ലെന്നാണു വർഗീസിന്റെ വാദം. പകരം 'ഇന്നസന്റ് എന്ന ഞാൻ', 'ശക്തൻ എന്ന ഞാൻ' എന്നു പറയുന്നതാണ് ഉചിതമെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. 2014 ജൂണിലാണ് നിയമസഭയുടെ ഔദ്യോഗിക ഭാഷാ സമിതി വകുപ്പിനെ ഇക്കാര്യം ബോധിപ്പിക്കുന്നത്. വിഷയം ചൂണ്ടിക്കാട്ടി നിയമസഭാ സെക്രട്ടറിക്കും നിവേദനം നൽകി.
കേരള ഔദ്യോഗിക ഭാഷ (നിയമ നിർമ്മാണ) കമ്മിഷൻ പ്രസിദ്ധീകരിച്ച, ഭരണഘടനയുടെ ദ്വിഭാഷാ പതിപ്പിന്റെ മൂന്നാം പട്ടികയിലാണു സത്യപ്രതിജ്ഞാ ഫോറം ഉൾപ്പെടുത്തിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്നയാളുടെ പേരിനു ശേഷം 'ആയ' എന്ന വാക്കാണ് അതിലുള്ളത്.
അതത്ര എളുപ്പമായിരുന്നില്ല കാര്യങ്ങൾ.ആറുവർഷത്തോളം ഫയലിൽ കിടന്ന ശേഷമാണ് ആയ യിൽ നിന്ന് എന്ന യിലേക്ക് പരിവർത്തനം ഉണ്ടായത്.അങ്ങിനെ 2015 മെയ് 14 ന് ഇദ്ദേഹത്തിന്റെ പോരാട്ടം ഫലം കണ്ടു.പുതിയ പതിപ്പിൽ മാറ്റം വരുത്തുമെന്ന് നിയമസഭാ സെക്രട്ടറി വർഗീസിനെ അറിയിച്ചു. എന്നാൽ രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തപ്പോഴും 'ആയ' എന്ന വാക്കാണ് ഉണ്ടായിരുന്നത്.
ഈ പിശക് ചൂണ്ടിക്കാട്ടി വർഗീസ് വീണ്ടും ഇടപെട്ടതോടെയാണു നിയമസഭാ സെക്രട്ടേറിയറ്റ് അതു തിരുത്തിയത്. ഇന്നലെ സഭാംഗങ്ങൾക്കു നൽകിയ ഭരണഘടനയെക്കുറിച്ചുള്ള പുസ്തകത്തിലും ഈ ഭേദഗതി ഉൾപ്പെടുത്തി.
മറുനാടന് മലയാളി ബ്യൂറോ