തിരുവനന്തപുരം: ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ ഉണ്ടായ കലാപത്തിന് പ്രതിപക്ഷത്തെ 5 എംഎൽഎമാരെ നിയമസഭയിൽ നിന്ന് സസ്‌പെന്റ് ചെയ്തു. ബജറ്റ് സമ്മേളനം അവസാനിക്കും വരെയാണ് സസ്‌പെൻഷൻ. ഇ.പി ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ. കുഞ്ഞമ്മദ്, വി.ശിവൻകുട്ടി എന്നിവർക്കെതിരയാണ് നടപടി. ഗവർണ്ണർ പി സദാശിവത്തിന്റെ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ശേഷം ചേർന്ന സമ്മേളനത്തിന്റെ ആദ്യ ദിനം തുടക്കത്തിൽ സഭ ശാന്തമായിരുന്നു. ഇന്ന് ചോദ്യോത്തരവേളയുമായി പ്രതിപക്ഷ അംഗങ്ങൾ സഹകരിച്ചു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയർത്തുമെന്ന് കരുതിയെങ്കിലും അംഗങ്ങൾ മന്ത്രിമാരോട് ചോദ്യങ്ങൾ ഉന്നയിക്കുകയായിരുന്നു. ശാന്തമായാണ് ചോദ്യോത്തരവേള നടന്നതും. അതിന് ശേഷമാണ് സർവ്വ കക്ഷി യോഗം നടന്നത്. ഭരണപ്രതിപക്ഷ നേതാക്കളുമായി സ്പീക്കർ പ്രത്യേക പ്രത്യേക ചർച്ചയും നടത്തി. പക്ഷേ ഇതിലൊന്നും സമവായം ഉണ്ടായില്ല. ധനമന്ത്രി കെഎം മാണിയെ അംഗീകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബജറ്റുമായി സഹകരിക്കില്ല. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടിയെടുത്താൽ കടുത്ത പ്രതിഷേധം ഉയർത്തുമെന്നും വ്യക്തമാക്കി.

രണ്ട് വട്ടം ഭരണ-പ്രതിപക്ഷ കക്ഷി നേതാക്കളുമായി സ്പീക്കർ ചർച്ച നടത്തി. അതിന് ശേഷമാണ് 5 പ്രതിപക്ഷ എംഎൽഎമാർക്കെതിരായ സസ്‌പെൻഷൻ പ്രമേയം മുഖ്യമന്ത്രി സഭയിൽ അവതരിപ്പിച്ചത്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ രംഗത്ത് എത്തി. സ്പീക്കർ എൻ ശക്തനേയും കടന്നാക്രമിച്ചു. 5 എംഎൽഎമാർക്കെതിരായ നടപടി ഏകപക്ഷീയമാണ്. വനിതാ എംഎ‍ൽഎമാരെ പീഡിപ്പിച്ചവർക്കെതിരെ നടപടിയില്ല. പൊട്ടന്മാരെ പോലെ ആംഗ്യം കാണിച്ചാണോ സഭയുടെ അധ്യക്ഷൻ ബജറ്റിന് അനുമതി നൽകേണ്ടതെന്നും ചോദിച്ചു. ഹാസ്യ കലാപ്രകടനം നടത്തുകയായിരുന്നു സഭയിൽ സർക്കാറെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

വിഷാദരോഗം ബാധിച്ച ഞരമ്പുരോഗികളെ പോലെയാണ് ഭരണപക്ഷ എംഎ‍ൽഎമാരുടെ പെരുമാറ്റം. ജി കാർത്തികേയന്റെ ദുഃഖാചരണസമയത്ത് ഭരണപക്ഷം ലഡു വിതരണം നടത്തി. ഭരണപക്ഷ എംഎ‍ൽഎമാർക്ക് ചികിത്സ നൽകണം. അല്ലെങ്കിൽ വനിതാ അംഗങ്ങൾക്ക് സഭയിൽ വന്നുപോവാൻ കഴിയില്ലെന്നും വി എസ് പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ സസ്‌പെൻഷൻ പ്രമേയം സഭ പാസാക്കി. ഇതോടെ വീണ്ടും പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. ഈ സമയം ബജറ്റിൽ ചർച്ചയുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് ചർച്ചയിൽ മാണി മറുപടി പ്രസംഗം നടത്തി. നികുതി ഇളവും പ്രഖ്യാപിച്ചു.

വനിതാ എംഎൽഎ.മാരെ അപമാനിച്ചുവെന്നതുൾപ്പടെ 13 പരാതികളാണ് പ്രതിപക്ഷം നൽകിയിരിക്കുന്നത്. ഇതിൽ പ്രതിപക്ഷനേതാവ് വി എസ്.അച്യുതാനന്ദൻ നൽകിയ പരാതിയുമുണ്ട്. ഈ പരാതികൾ പരിശോധിക്കാത്തതാണ് പ്രതിപക്ഷ ബഹളത്തിന് കാരണം. ഭരണപക്ഷത്തെ ഒരു എംഎൽഎ. പോലും സ്പീക്കറുടെ വേദിയിൽ കയറിയില്ലെന്ന് സ്പീക്കർ ഇന്നലെ പറഞ്ഞിരുന്നു. അവരുടെ സീറ്റിനടുത്തെത്തിയാണ് പ്രതിപക്ഷ എംഎൽഎ.മാർ അവരെ ഉപദ്രവിച്ചത്. അപ്പോൾ ഭരണപക്ഷ അംഗങ്ങൾ തിരിച്ചും ഉപദ്രവിച്ചിരിക്കാം. ഇത് സ്വാഭാവികമാണ്. വാച്ച് ആൻഡ് വാർഡ് ഒരു എംഎൽഎ.യെപ്പോലും കൈയേറ്റംചെയ്തിട്ടില്ല. പ്രതിപക്ഷാംഗങ്ങൾ മറഞ്ഞുനിന്നതിനാൽ സഭയിൽ ലഡുവിതരണം നടന്നത് താൻ കണ്ടില്ലെന്നുമായിരുന്നു എൻ ശക്തൻ പറഞ്ഞത്. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ മാത്രമാണ് നടപടിയെങ്കിൽ സഭ വീണ്ടും പ്രക്ഷുബ്ധമാക്കാനുള്ള സാധ്യതയാണ് കാണുന്നത്.

വെള്ളിയാഴ്ച സഭയിലുണ്ടായ ബഹളത്തിനിടെ പ്രതിപക്ഷ എംഎൽഎമാരെ, വാച്ച് ആൻഡ് വാർഡിനെ ഉപയോഗിച്ച് ആക്രമിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. അതിനിടെ നടപടി ആവശ്യപ്പെട്ടു കൊണ്ടുള്ള ഗവർണ്ണറുടെ റിപ്പോർട്ട് നിയമസഭാ സ്പീക്കർ മേശപ്പുറത്തുവച്ചു. സ്പീക്കർ വിഷയത്തിൽ പ്രത്യേക പ്രസ്താവനയും നടത്തി. ശൂന്യവേളയിൽ പ്രത്യേക പ്രസ്താവനയിലൂടെയാണ് അദ്ദേഹമിക്കാര്യം വ്യക്തമാക്കിയത്. ലോകത്തിന് മുന്നിൽ കേരള നിയമസഭ നാണം കെട്ടെന്ന് സ്പീക്കർ എൻ ശക്തൻ പറഞ്ഞു. പ്രതിപക്ഷം സകല സീമകളും ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

സ്പീക്കറുടെ പ്രത്യേക പ്രസ്താവനയുടെ പൂർണ്ണ രൂപം

2015 മാർച്ച് 13 നമ്മുടെ നിയമസഭാ ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിനമായി മാറി. ലോകത്തിന് മുന്നിൽ തലകുനിച്ച് നിൽക്കേണ്ടതായ അവസ്ഥ ഈ സംഭവങ്ങൾമൂലം നമുക്കുണ്ടായി. ഈ സംഭവങ്ങൾ ഇപ്പോൾ ലോകം മുഴുവനും ചർച്ച ചെയ്യുകയാണ്. പലകാര്യങ്ങളിലും ഒന്നാംസ്ഥാനത്ത് നിൽക്കുന്ന നമ്മൾക്ക് ഈ ഒരുദിവസത്തെ സംഭവങ്ങളിലൂടെ ആ ഒന്നാംസ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

വളരെ പരിപാവനമായി കരുതുന്ന നിയമസഭയിലെ സ്പീക്കറുടെ ഡയസ്സിൽ തുടക്കബെൽ അടിക്കുന്നതിന് മുമ്പേ ചാടിക്കയറുകയും അടിച്ചു നശിപ്പിക്കുകയും ചെയ്ത ദൃശ്യങ്ങൾ നമ്മുടെ സാംസ്‌കാരിക പുരോഗതിയെ വെല്ലുവിളിക്കുന്നു. സകലസീമകളും ലംഘിച്ചുകൊണ്ടുള്ള പ്രവർത്തികളിലൂടെ നാംനമ്മെ തന്നെയാണ് നാണം കെടുത്തിയിട്ടുള്ളത്. ഇത്തരമൊരുസംഭവം ഭാരതത്തിൽ ഒരു നിയമസഭയിലും ഉണ്ടായതായി കേട്ടിട്ടില്ല. വളരെയേറെ സാംസ്‌കാരിക സമ്പന്നരും സാക്ഷരരുമായവർ ഇത്തരമൊരു അവസ്ഥയിലേക്ക് തരംതാഴ്ന്നത് നമുക്കുതന്നെ അപമാനകരമാണ്.

അതുകൊണ്ട് നാം ജനങ്ങളോട് മാപ്പുപറയുകയും ചെയ്യേണ്ടതുണ്ട്. ഇനിയും കാലങ്ങളോളം നിലനിൽക്കേണ്ട ജനാധിപത്യമൂല്യങ്ങൾ ഇത്തരം സംഭവവികാസങ്ങളിലൂടെ നശിപ്പിക്കുന്നതിന് നാം അടുത്ത തലമുറയോട് കണക്കു പറയേണ്ടിവരും. ഒരിക്കലും സംഭവിക്കരുതാത്തത് സംഭവിച്ചു കഴിഞ്ഞു. നാം ലോകത്തിന് മുന്നിൽ നാണംകെട്ടു. ലോകംമുഴുവൻ ചർച്ച ചെയ്യുന്ന ഈ കളങ്കത്തിന് നാമെല്ലാം ഉത്തരം പറയേണ്ടതായി വരും.

നടപടി എടുത്തില്ലെങ്കിൽ ജനം സർക്കാറിനെ കുറ്റപ്പെടുത്തും: മുഖ്യമന്ത്രി

നിയമസഭയിൽ അച്ചടക്കം ലംഘിച്ച പ്രതിപക്ഷ എംഎൽഎമാരെ സസ്‌പെന്റ് ചെയ്യാനുള്ള തീരുമാനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്തെത്തി. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ ജനം സർക്കാരിനെ കുറ്റപ്പെടുത്തുമെന്ന് ഉമ്മൻ ചാണ്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എന്നാൽ യുഡിഎഫ് എംഎൽഎമാരെ ബലിയാടാക്കില്ല. പ്രതിപക്ഷത്തിന്റെ നടപടി മലയാളികൾക്കാകെ നാണക്കേടുണ്ടാക്കിയ സംഭവമാണ്. പ്രതിപക്ഷം നിയമവും ചട്ടവും മറന്നുപോയെന്നും ഇതിനാലാണ് യു.ഡി.എഫിനെ കുറ്റം പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദൻ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ ശക്തമായ പ്രതിഷേധമുണ്ട്. അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്ത രീതിയിലാണ് വി എസ് സംസാരിച്ചത്. തുടരെ തിരിച്ചടികൾ ഉണ്ടാവുമ്പോൾ ഇങ്ങനെ സമനില തെറ്റി സംസാരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് എംഎ‍ൽഎമാർക്കെതിരെ സംഭവദിവസം പ്രതിപക്ഷം പരാതി നൽകിയില്ല. വനിതാ എംഎ‍ൽഎമാരെ അപമാനിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എങ്കിലും ഒന്നിച്ചിരുന്നു ദൃശ്യങ്ങൾ പരിശോധിക്കാൻ തയ്യാറാണ്. സർക്കാരിന് യാതൊരു ദുരഭിമാനവുമില്ല. ഏത് തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. എന്നാൽ പ്രതിപക്ഷം അതിനു തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സമരം നടത്താൻ മാത്രമറിയാവുന്ന പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. നിയമസഭയിലെ സംഭവങ്ങളുടെ പേരിൽ വാച്ച് ആൻഡ് വാർഡിനെതിരെ നടപടി എടുക്കില്ല. സ്ത്രീകളെ മുന്നിൽ നിർത്തി ബഡ്ജറ്റ് തടയാൻ ശ്രമമുണ്ടെന്ന സൂചനയെ തുടർന്നാണ് മാണിയുടെ സീറ്റ് രണ്ടാംനിരയിലേക്ക് മാറ്റിയത്. ബജറ്റ് അവതരപ്പിച്ച ശേഷം നിയമസഭയിൽ ഭരണപക്ഷ അംഗങ്ങൾ ലഡ്ഡു വിതരണം ചെയ്തത് ഒഴിവാക്കായിരുന്നു എന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.