തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങോടെയാണ് സമ്മേളനത്തിന് തുടക്കമായായത്. പ്രോടൈം സ്പീക്കർ എസ് ശർമ്മ മുമ്പാകെയാണ് എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തത്.  ഇംഗ്ളീഷ് അക്ഷരമാലാക്രമത്തിലാകും അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്. നിയമസഭാ സെക്രട്ടറിയുടെ ചുമതലയുള്ള പി ജയലക്ഷ്മിയാണ് അംഗങ്ങളെ സത്യപ്രതിജ്ഞയ്ക്കായി ക്ഷണിച്ചത്. പ്രോടൈം സ്പീക്കർക്ക് അഭിമുഖമായി പ്രത്യേകം തയ്യാറാക്കുന്ന പ്രസംഗപീഠത്തിന് മുമ്പിൽ നിന്നായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്.

140പേരിൽ വള്ളിക്കുന്നിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട പി അബ്ദുൾഹമീദാണ് ആദ്യം സത്യവാചകം ചൊല്ലിയത്. ദൈവനാമത്തിലാണ് പി അബ്ദുൾ ഹമീദ് സത്യവാചകം ചൊല്ലിയത്. പിന്നാലെ മഞ്ചേശ്വരത്തു നിന്നും തിരഞ്ഞെടുക്കപ്പെട്ട അബ്ദുൾ റസാഖും സത്യവാചകം ചൊല്ലി. ഏറ്റവും ഒടുവിലായി കോവളം എംഎൽഎ ഐപി വിൻസന്റും സത്യവാചകം ചൊല്ലി. കന്നഡയിലായിരുന്നു മഞ്ചേശ്വരം എംഎൽഎ സത്യപ്രതിജ്ഞ ചെയ്തത്. ഹൈബി ഈഡൻ എംഎൽഎ ഇംഗ്ലീഷിൽ സത്യപ്രതിജ്ഞ ചെയ്തു. തമിഴിലായിരുന്നു ദേവികുളം എംഎൽഎ രാജേന്ദ്രൻ. മുഖ്യമന്ത്രി പിണറായി വിജയൻ, സഭയിലെ മുതിർന്ന അംഗമായ വി എസ് അച്യുതാനന്ദൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ അക്ഷരമാല ക്രമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

ഇടതുപക്ഷ എംഎൽഎമാരിൽ ഭൂരിപക്ഷവും സഗൗരവ പ്രതിജ്ഞ എടുത്തപ്പോൾ യുഡിഎഫിൽ നിന്നും വ്യത്യസ്തമായി നിന്നത് തൃത്താല എംഎൽഎ വിടി ബൽറാമാണ്. സഗൗരവത്തിലാണ് ബൽറാം സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം ഏറ്റവും വ്യത്യസ്തമായി സത്യപ്രതിജ്ഞ ചെയ്തത് പൂഞ്ഞാറിൽ നിന്നും വിജയിച്ച പി സി ജോർജ്ജായിരുന്നു. പി സി ജോർജ്ജ് സഗൗരവം ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. സഭയിലെ ഒറ്റയാനായ പി സി ജോർജ്ജ് സഗൗരവം ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചൊല്ലിയപ്പോൾ പലർക്കും ചിരിവന്നു. സ്വതന്ത്രനായി നിന്നു വിജയിച്ച പി സി ജോർജ്ജ് സ്ത്യപ്രതിജ്ഞാ ചടങ്ങിലും ഇത്തരത്തിൽ വ്യത്യസ്തനായി നിന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പോലും ചിരിച്ചുപോയി. സത്യപ്രതിജ്ഞയ്ക്ക് ശേഷം വി എസ് അച്യുതാനന്ദനെയും കണ്ടു ജോർജ്ജ്.

കേരള നിയമസഭയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി വിജയിച്ചെത്തിയ ബിജെപിയുടെ ഒ രാജഗോപാലിന്റെ സത്യപ്രതിജ്ഞാ ചടങ്ങും ഏറെ ശ്രദ്ധിക്കപ്പെട്ടു. സഗൗരവം ദൈവനാമത്തിലാണ് ഒ രാജഗോപാലും സത്യപ്രതിജ്ഞ ചെയ്തത്. കാവി വേഷം ധരിച്ച് എത്തിയ രാജഗോപാലിന്റെ സത്യപ്രതിജ്ഞ കാണാൻ വേണ്ടി ബിജെപി അധ്യക്ഷൻ കുമ്മനം രാജശേഖരൻ അടക്കമുള്ളവർ സഭാ ഗ്യാലറിയിൽ എത്തിയിരുന്നു. അതേസമയം സിപിഐ(എം) ചിഹ്നമായ അരിവാൾ ചുറ്റികയിൽ മത്സരിച്ചിട്ടും വീണാ ജോർജ്ജ് ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. കെ ടി ജലീലും കെബി ഗണേശ് കുമാരും ദൈവനാമത്തിലാണ് സത്യവാചകം ചൊല്ലിയത്. കടന്നപ്പള്ള രാമചന്ദ്രനും മാത്യു ടി തോമസും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു.

സത്യപ്രതിജ്ഞ പൂർത്തിയായതോടെ സീറ്റിന്റെ ക്രമീകരണങ്ങളും താമസിയാതെയുണ്ടാകും. മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമല്ല വി എസ്സും മുൻനിരയിൽ തന്നെ സീറ്റ് ലഭിക്കും. ഘടകകക്ഷി മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, മാത്യു ടി.തോമസ് എന്നിവരോടൊപ്പം കക്ഷിനേതാക്കൾക്കും മുൻനിരയിൽ തന്നെ ഇരിപ്പിടം ലഭിക്കും. ഇത്തവണ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്കൊപ്പം, മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മുൻപിൽതന്നെയാണ് സീറ്റ്. മുൻസ്്പീക്കർമാരാരും സഭയിൽ അംഗങ്ങളായില്ല എന്നതും ശ്രദ്ധേയമാണ്. കേരള രാഷ്ട്രീയത്തിൽ താമര വിരിയിച്ച ഒ.രാജഗോപാലും മുൻനിരക്കാരനാവും. പക്ഷെ മൂന്നു മുന്നണികളെയും തോൽപ്പിച്ച ഏകാംഗ പോരാളി പി.സി.ജോർജിന് പിറകിലാണ് ഇരിപ്പിടം.

കോവൂരും പിറകിലെത്തും. തുടക്കക്കാരും പരിചയസമ്പന്നരും ഉൾപ്പെടുന്ന 91 അംഗങ്ങളുടെ കരുത്തുമായാണ് എൽഡിഎഫ് ട്രഷറി ബഞ്ചിലേക്കെത്തുന്നത്. കോൺഗ്രസിനും യുഡിഎഫിനും നേരിട്ട വൻപരാജയം അംഗസംഖ്യയിൽ നിന്നു തന്നെ വ്യക്തമാകും. പ്രതിപക്ഷം 49 പേർമാത്രം. അതിൽ 47 പേർയുഡിഎഫ് പ്രതിനിധികൾ, ഒരാൾ ബിജെപിയും മറ്റേയാൾ സ്വതന്ത്രനും. വെള്ളിയാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. സിപിഎമ്മിന്റെ പി.ശ്രീരാമകൃഷ്ണനാണ് സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. പ്രതിപക്ഷത്തു നിന്നും വി പി സജീന്ദ്രനാണ് സ്പീക്കർ സ്ഥാനാർത്ഥി. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനാർത്ഥി സിപിഐയിലെ വി ശശിയാണ്.

കഴിഞ്ഞ നിയമസഭയിലെ 83 പേർ ഇക്കുറി വീണ്ടും സഭയിലെത്തി. ഇക്കുറി എട്ട് വനിതകളും സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എട്ടുപേരും എൽഡിഎഫ് പ്രതിനിധികളാണ്. ഇവരിൽ രണ്ടുപേർ മന്ത്രിമാരാണ്. സിനിമാതാരമായ കെ ബി ഗണേശ്കുമാർ വീണ്ടും എത്തുമ്പോൾ താരം മുകേഷ് പുതുമുഖമായാണ് എത്തുന്നത്. രണ്ടുപേരും എൽഡിഎഫ് പ്രതിനിധികളായും. പട്ടാമ്പിയിൽനിന്ന് വിജയിച്ച മുഹമ്മദ് മുഹ്സിൻ ആണ് സഭയിലെ 'ബേബി'. 30 വയസ്സാണ് പ്രായം. 92 വയസ്സുള്ള വി എസ് അച്യുതാനന്ദനാണ് പ്രായത്തിൽ മുന്നിൽ.