- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ഥിര നിയമന ചട്ടം ആകും മുമ്പ് അതിവേഗ സ്ഥിരപ്പെടുത്തൽ; കേരളാ ബാങ്കിലും സ്ഥിരപ്പെടുത്തൽ മാമാങ്കം; തയ്യാറാക്കിയത് 1800 പേരുടെ ജംബോ പട്ടിക
തിരുവനന്തപുരം: കേരള ബാങ്കിൽ സ്ഥിരപ്പെടുത്തലിന് 1800 പേരുടെ പട്ടികയായി. ബ്രാഞ്ചുകളിലും ഓഫീസുകളിലും താത്കാലികക്കാരായി വർഷങ്ങളായി ജോലിചെയ്യുന്നവരുടെ തസ്തികതിരിച്ചുള്ള പട്ടികയാണു തയ്യാറാക്കിയത്. കഴിഞ്ഞ ഭരണസമിതി യോഗത്തിൽ പട്ടിക അവതരിപ്പിച്ചു. നിയമനാംഗീകാരത്തിനായി ഇത് സഹകരണ വകുപ്പിനു കൈമാറും. സർക്കാരിന്റെ അനുമതി ലഭിച്ചാൽ സ്ഥിര നിയമനം.കേരള ബാങ്ക് യാഥാർഥ്യമായെങ്കിലും നിയമനച്ചട്ടത്തിന് അംഗീകാരമായിട്ടില്ല. അതിനിടയിലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം.
മുമ്പ് സഹകരണ ബാങ്ക് ആയിരുന്നപ്പോൾ പി.എസ്.സി. വഴി നിയമനം നടത്തുന്ന തസ്തികകളും സ്ഥിരപ്പെടുത്തലിന്റെ കൂട്ടത്തിലുണ്ട്. കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് പി.എസ്.സി. വഴിയുള്ള നിയമനങ്ങൾ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. ഇതിനിടെ പല റാങ്ക് പട്ടികകളും കാലാവധി അവസാനിച്ച് റദ്ദായി. കോടതി നിർദേശപ്രകാരം ഒഴിവുകൾ സോപാധികമായി പി.എസ്.സി.ക്കു റിപ്പോർട്ട് ചെയ്‌തെങ്കിലും അവയിൽ നിയമനം നടത്താൻ കഴിഞ്ഞിട്ടില്ല. വിവിധ ജില്ലകളിലെ റാങ്ക് പട്ടികകൾ സംബന്ധിച്ച കേസുകൾ കോടതിയുടെ പരിഗണനയിലാണ്.
കളക്ഷൻ ഏജന്റ് (880 പേർ), സെക്യൂരിറ്റി (289), ക്ലാർക്ക് (140), നൈറ്റ് വാച്ച്മാൻ (71), സ്വീപ്പർ (70), ലിഫ്റ്റ് ഓപ്പറേറ്റർ (4), ഇലക്ട്രീഷ്യൻ (4), കീ ബോയ് (3), ഗൺമാൻ (1) തുടങ്ങിയ തസ്തികകളിൽ ജോലിചെയ്യുന്നവരുടെ പട്ടികയാണ് സ്ഥിരപ്പെടുത്താൻ തയ്യാറാക്കിയത്. എന്നാൽ, ബാങ്ക് ജീവനക്കാരുടെയും വിരമിച്ചവരുടെയും വിവരങ്ങൾ ശേഖരിക്കുകയാണു ചെയ്തതെന്നും അത് സ്ഥിരപ്പെടുത്തലിനല്ലെന്നുമാണ് ഔദ്യോഗിക വിശദീകരണം.
കേരള ബാങ്കിൽ നിയമനച്ചട്ടത്തിന്റെ കരട് തയ്യാറായിട്ടുണ്ട്. 31 തസ്തികകളാണ് ചട്ടത്തിലുള്ളത്. എം.ഡി. മുതൽ പ്യൂൺ വരെയുള്ള 20 ജനറൽ തസ്തികകളും അഗ്രിക്കൾച്ചറൽ ഓഫീസർമുതൽ പ്ലംബർവരെയുള്ള 11 സ്പെഷ്യൽ തസ്തികകളുമുണ്ട്. ഇവയിൽ 15 എണ്ണത്തിൽ പി.എസ്.സി. വഴിയുള്ള നിയമനങ്ങളാണു ശുപാർശ ചെയ്യുന്നത്. ചട്ടം അംഗീകരിച്ച് നിയമനം പി.എസ്.സി.ക്കു വിടുന്നതിനുമുമ്പ് താത്കാലികക്കാരെ സ്ഥിരപ്പെടുത്താനാണു ശ്രമം.