കോഴിക്കോട്: കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനു മുൻപു ജില്ലാ ബാങ്കുകളിൽ നടത്തിയതു വൻ ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചു പല ജില്ലാ ബാങ്കുകളിലും അനർഹമായി സ്ഥാനക്കയറ്റങ്ങളും ആനുകൂല്യങ്ങളും നൽകിയെന്നാണ് കണ്ടെത്തൽ. ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ ക്രമക്കേടുകൾ പരിഹരിക്കാൻ കേരള ബാങ്ക് പ്രത്യേക സെൽ രൂപീകരിച്ച് ഈ മാസം തന്നെ റിപ്പോർട്ട് സമർപ്പിക്കാനും രജിസ്റ്റ്രാർ നിർദ്ദേശിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും അധിക തുക തിരിച്ചുപിടിക്കണമെന്നും സഹകരണ സംഘം രജിസ്റ്റ്രാർ ഉത്തരവിട്ടു. മലപ്പുറം ഒഴികെയുള്ള 13 ജില്ലാ ബാങ്കുകൾ കേരള ബാങ്കിൽ ലയിപ്പിച്ചതിന്റെ ഭാഗമായി ജീവനക്കാരുടെ ശമ്പളം അടക്കമുള്ള ആനുകൂല്യങ്ങൾ നിശ്ചയിച്ചതിൽ വലിയ ക്രമക്കേടുണ്ടായെന്ന് കണ്ടെത്തൽ. പാർട്ട് ടൈം സ്വീപ്പർമാർ, 31 ജൂനിയർ അക്കൗണ്ടന്റുമാർ, ഡപ്യൂട്ടി മാനേജർ തുടങ്ങിയ തസ്തികകളിൽ നിയമവിരുദ്ധ സ്ഥാനക്കയറ്റങ്ങൾ ഉണ്ടായി.

ഇതുമൂലം ഒട്ടേറെ പിഎസ്‌സി ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടമായി. ഇൻക്രിമെന്റ് അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാൻ പാടില്ലെന്നിരിക്കെ ഇങ്ങനെ പലർക്കും ലക്ഷക്കണക്കിനു രൂപ അധികമായി നൽകി. അനധികൃതമായി നൽകിയ സ്ഥാനക്കയറ്റങ്ങൾ ഈ സാമ്പത്തിക വർഷം തന്നെ ക്രമീകരിക്കണമെന്നു സഹകരണ രജിസ്റ്റ്രാർ ഉത്തരവിട്ടിട്ടുണ്ട്. അധികം കൈപ്പറ്റിയ ശമ്പളം അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ജീവനക്കാരിൽ നിന്ന് ഉടൻ തിരികെ ഈടാക്കണം.

സഹകരണ ബാങ്കുകളിൽ വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചു നിയമനം പതിവായെന്ന പരാതിയും സജീവമാണ്. ഈ സാഹചര്യത്തിൽ പുതുതായി പ്രവേശിക്കുന്ന ജീവനക്കാരുടെ സർട്ടിഫിക്കറ്റുകൾ അസ്സൽ രേഖകളുമായി ഒത്തുനോക്കണമെന്നു രജിസ്റ്റ്രാർ ഉത്തരവിട്ടു. അതേസമയം, നിലവിൽ സർവീസിലുള്ളവരുടെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കാൻ നടപടിയില്ല. വിദൂര വിദ്യാഭ്യാസം, ഓപ്പൺ സർവകലാശാല എന്നിവിടങ്ങളിൽ നിന്നെന്ന പേരിൽ ഒട്ടേറെ പേരാണു വ്യാജ സർട്ടിഫിക്കറ്റുമായി സ്ഥാനക്കയറ്റം നേടിയിട്ടുള്ളത്.

കേരള ബാങ്കിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്റെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച് ആരോപണമുയർന്നപ്പോൾ സർട്ടിഫിക്കറ്റിന്റെ പകർപ്പ് ആവശ്യപ്പെട്ടു വിവരാവകാശ നിയമപ്രകാരം രജിസ്റ്റ്രാർക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുന്നില്ലെന്ന മറുപടിയാണ് കേരള ബാങ്കിൽ നിന്നു നൽകിയത്. കണ്ണൂർ ജില്ലാ ബാങ്കിലെ ഉന്നതനെതിരെയും വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉയർന്നിരുന്നു.

അർബൻ ബാങ്കിൽ 2017ൽ നിയമനം നടത്തിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ വിജിലൻസ് സംഘം അക്കാലത്ത് ഭരണസമിതിയംഗങ്ങൾ ആയിരുന്ന 4 പേരുടെ വീടുകളിൽ ഒരേസമയം പരിശോധന നടത്തി. ഇപ്പോൾ ബാങ്ക് ചെയർമാനായ വി.വേണുഗോപാൽ, ഡയറക്ടർമാരായ കെ.പി. ഉദയൻ, ആന്റോ തോമസ്, മുൻ ഡയറക്ടർ പി.സത്താർ എന്നിവരുടെ വീടുകളിൽ ഇന്നലെ ഉച്ചയോടെ ഓരോ സിഐമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.