കൊച്ചി: കേരള ബാങ്കിൽ എല്ലാ ആധുനിക ഡിജിറ്റൽ ബാങ്കിങ് സേവനങ്ങളും മൂന്നുമാസത്തിനകം ലഭ്യമാക്കുമെന്ന് സഹകരണമന്ത്രി വി എൻ വാസവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൊബൈൽ-ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ എല്ലാ സേവനങ്ങളും സാധാരണക്കാർക്ക് ലഭിക്കും. ഇൻഫാ സോഫ്റ്റ് ടെക് എന്ന സോഫ്റ്റ്‌വെയർ കമ്പനിയാണ് ഡിജിറ്റൽ സേവനങ്ങൾ ഒരുക്കുന്നത്.

ബാങ്ക് പുതിയ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് മാറും. ഏപ്രിൽ ഒന്നോടെ ഐടി ഇന്റഗ്രേഷൻ പൂർത്തിയാക്കും.13 മുൻ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്റെയും കോർ ബാങ്കിങ് സോഫ്റ്റ്‌വെയറുകൾ ഏകീകരിക്കും. ഇൻഫോസിസിന്റെ 'ഫിനക്കിൾ' എന്ന ബാങ്കിങ് സോഫ്റ്റ്‌വെയറാണ് ലഭ്യമാക്കുന്നത്. ഇതോടെ ഫിനക്കിളിന്റെ പുതിയ പതിപ്പ് ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യ സഹകരണ ബാങ്കായി കേരള ബാങ്ക് മാറും. സോഫ്റ്റ്‌വെയർ ഏകീകരണച്ചുമതല വിപ്രോയ്ക്കാണ്.

1,06,396 കോടി രൂപയുടെ ബിസിനസും 769 ശാഖകളുമായി സംസ്ഥാനത്തെ ഏറ്റവും വലിയ ബാങ്കായി കേരള ബാങ്ക് മാറി. നൂറുദിന കർമപരിപാടിയുടെ ഭാഗമായി തൊഴിൽദാന പദ്ധതികൾക്ക് ബാങ്കിലൂടെ 842.54 കോടി രൂപ അനുവദിച്ചു. വായ്പപദ്ധതികളിലൂടെ 32,088 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചത്. ആദ്യ സാമ്പത്തികവർഷത്തിൽത്തന്നെ നിക്ഷേപത്തിൽ 9.27 ശതമാനം വളർച്ച നേടി. 61,071 കോടി രൂപയിൽനിന്ന് 66,731 കോടി രൂപയായി നിക്ഷേപം വളർന്നു. കഴിഞ്ഞ സാമ്പത്തികവർഷത്തെ അറ്റാദായം 61.99 കോടി രൂപയാണ്. എൻആർഐ നിക്ഷേപം ആരംഭിക്കുന്നതിന് റിസർവ് ബാങ്കിന്റെ അനുമതി തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.