തിരുവനന്തപുരം: കേരളാ ബാങ്കിന്റെ പേരിൽ സംസ്ഥാനത്ത് അടിമുടി ക്രമക്കേടുകൾ. പിൻവാതിലിലൂടെ നിയമനം ലഭിച്ചവരെ കോടതി ഇടപെട്ട് പിരിച്ചു വിട്ടിട്ടും അവർക്ക് വേണ്ടി ക്രമക്കേടുകൾ നടന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. പിൻവാതിലിലൂടെ താൽക്കാലിക നിയമനം ലഭിച്ചവരെ തിരിച്ചെടുത്തപ്പോഴാണ് ഇല്ലാത്ത കാലയളവിൽ കൂടി ശമ്പളം അനുവദിച്ചത്. ഭരണക്കാരുടെ ഇഷ്ടക്കാരായ ഇവർക്ക് വേണ്ടി സീനിയോരിറ്റി അടക്കം മറികടന്നുവെന്ന പ്രത്യേകതയുമുണ്ട്. സീനിയോരിറ്റി മറികടന്ന് പുതിയ ശമ്പള നിരക്കാണ് അനുവദിച്ചത്.

പിൻവാതിൽ നിയമന വിവാദത്തിൽ സർക്കാർ വെട്ടിലായിരിക്കെയാണു കേരള ബാങ്ക് സഹകരണ വകുപ്പിന്റെ ചരിത്രത്തിൽ ഇല്ലാത്ത തീരുമാനം എടുത്തിരിക്കുന്നത്. 2008ൽ കടകംപള്ളി സുരേന്ദ്രൻ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായിരിക്കുമ്പോഴാണു 31 പേർക്കു പാർട്ട്‌ടൈം തസ്തികയിൽ പിൻവാതിൽ നിയമനം നൽകിയത്. ഇതിനെതിരെ സർവീസിലുള്ളവർ ഹൈക്കോടതിയിൽ പോയപ്പോൾ പിരിച്ചുവിടാനായിരുന്നു വിധി.

അന്നു സഹകരണ മന്ത്രിയായിരുന്ന ജി.സുധാകരൻ ഉടൻ തന്നെ അതിനുസരിച്ച് ഉത്തരവുമിറക്കി. താൽക്കാലിക ജീവനക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഈ ജീവനക്കാരിൽ പലരും ഗൾഫിൽ പോയി. ചിലർ മറ്റു സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചു. വീണ്ടും കടകംപള്ളി സഹകരണ മന്ത്രിയായതോടെ പിരിച്ചുവിടപ്പെട്ടവർ സംഘടിച്ചു നിയമനം തരപ്പെടുത്തുന്നതിനുവേണ്ടി ശ്രമം ആരംഭിച്ചു. ഇതിനിടെ സംസ്ഥാന സഹകരണ ബാങ്ക് കേരള ബാങ്കായി പരിഗണിച്ചിരുന്നു. മന്ത്രിയുടെ ഓഫിസിലെ ചിലരുടെ നിർദ്ദേശം അനുസരിച്ചാണ് ഇവർ കോഓപ്പറേറ്റീവ് ആർബിട്രേഷൻ കോടതിയെ സമീപിച്ചത്.

മാനുഷിക പരിഗണന അനുസരിച്ചു നിയമനം നൽകാമെന്നു വിധിച്ച കോടതി, മുൻകാല പ്രാബല്യമെന്ന വാദം അംഗീകരിച്ചില്ല. എന്നാൽ മന്ത്രിയുടെ നിർദ്ദേശം അനുസരിച്ചു കേരള ബാങ്കിന്റെ ഡയറക്ടർ ബോർഡ് യോഗം ജോലിയിൽ ഇല്ലാതിരുന്ന കാലത്തെ ശമ്പളം അനുവദിക്കുകയായിരുന്നു. ഇതനുസരിച്ച് ഒരാൾക്ക് 6.50 ലക്ഷം രൂപ കുടിശിക ഇനത്തിൽ ലഭിക്കും. മാത്രമല്ല, 397 പേരുടെ സീനിയോറിറ്റി മറികടന്ന് ഇവരെ ഓഫിസ് അറ്റൻഡന്റുമാരുമാക്കി. ഇതിലൂടെ ശമ്പളം 29,700ൽ നിന്നു 52,500 രൂപയായി വർധിപ്പിച്ചു.

സർവീസിൽ തിരികെ എടുത്തത് പോരാഞ്ഞാണ് ജോലി ചെയ്യാതിരുന്ന കാലയളവിലെ ശമ്പളവും നൽകിയത്. ഇത് തീർത്തും കേട്ടുകൾവിയില്ലാത്ത കാര്യമാണ്. ഇക്കാര്യത്തിൽ കടുത്ത വിമർശനം സർക്കാറിനെതിരെ ഉയരുന്നുണ്ട്. അതേസമയം കേരള ബാങ്കിലെ പിൻവാതിൽ നിയമനങ്ങൾ അടക്കം ചർച്ചയാകുമ്പോൾ അത് മുതലെടുക്കാനുള്ള ശ്രമം യുഡിഎഫും തുടങ്ങിയിട്ടുണ്ട്.

യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ കേരള ബാങ്ക് പിരിച്ചുവിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്തിടെ പറഞ്ഞിരുന്നു. കേരള ബാങ്ക് രൂപവത്കരിച്ചതു തന്നെ നിയമവിരുദ്ധമായ കാര്യമാണ്. യു.ഡി.എഫ്. സർക്കാർ അധികാരത്തിൽ വന്നാൽ കേരള ബാങ്ക് പിരിച്ചുവിടും. കാരണം സഹകരണ പ്രസ്ഥാനത്തിന്റെ തന്നെ തകർച്ചയ്ക്കാണ് കേരള ബാങ്ക് വഴി തെളിക്കുന്നത്. സഹകരണ പ്രസ്ഥാനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങളെ പരിപൂർണമായും പരാജയപ്പെടുത്തുന്ന ഒന്നാണ് കേരള ബാങ്ക് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.