- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ബാങ്ക് എടിഎമ്മുകളിൽ നടന്നത് വൻ കൊള്ള; പണം കവർന്നത് ഒമ്പത് എടിഎമ്മുകളിൽ നിന്ന്; കൊള്ളയടിച്ച തുക ബിറ്റ് കോയിനാക്കി കൈമാറി; എ.ടി.എം സോഫ്റ്റ്വെയർ തയാറാക്കിയ കമ്പനിയിൽ നിന്ന് രഹസ്യ പാസ്വേർഡുകൾ ചോർത്തി; മുഖ്യപ്രതിക്കായി തിരച്ചിൽ
തിരുവനന്തപുരം: കേരള ബാങ്ക് എടിഎം തട്ടിപ്പ് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. ഒൻപത് എടിഎമ്മുകളിൽ നിന്നായി വൻ കൊള്ളയാണ് നടന്നിരിക്കുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദഗ്ദ്ധമായി നടത്തിയ കൊള്ളയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി.
തിരുവനന്തപുരത്തടക്കം മൂന്ന് എടിഎമ്മുകളിൽ നിന്നായി 2.64 ലക്ഷം രൂപ കവർന്നു എന്നായിരുന്നു കേരള ബാങ്ക് സൈബർ പൊലീസിന് നൽകിയ പരാതിയിൽ പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മൂന്ന് കാസർകോട് സ്വദേശികളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിദഗ്ദ്ധമായി നടത്തിയ കൊള്ളയാണെന്ന് വ്യക്തമായത്.
എ.ടി.എം വഴി പണം തട്ടിയ സംഭവത്തിൽ കാസർകോട് സ്വദേശികളായ അബ്ദുൽ സമദാനി, മുഹമ്മദ് നജീബ്, നുഅ്മാൻ അഹമ്മദ് എന്നിവരെയാണ് സൈബർ പൊലീസ് പിടികൂടിയത്. പ്രതികൾക്ക് കവർച്ച നടത്താനുള്ള സാങ്കേതിക വിദ്യയും, കാർഡുകളും നൽകിയത് ഡൽഹി സ്വദേശിയായ രാഹുൽ ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇയാളെ കണ്ടെത്താനുള്ള ശ്രമം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
കേരള ബാങ്ക് എടിഎം കാർഡ് തട്ടിപ്പിനുകാരണം ഇവി എം ചിപ് ഇല്ലാത്തതിനാലെന്നും വ്യക്തമായിട്ടുണ്ട്. സെർവർ തകരാറിലായതിനാൽ പണം നഷ്ടപ്പെട്ടതും ബാങ്ക് അറിഞ്ഞില്ല. തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സോഫ്റ്റ്വെയർ തയാറാക്കിയ കമ്പനിയിലെ ജീവനക്കാരനാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
എടിഎം ഇടപാടുകളുമായി ബന്ധപ്പെട്ട സാങ്കേതിക പൂർണത കൈവരിക്കാനാകാത്തതാണു വീഴ്ചയ്ക്കു കാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ചിപ് ഘടിപ്പിച്ച എടിഎം കാർഡുകൾ തന്നെ ഉപയോഗിക്കുവാൻ റിസർവ് ബാങ്ക് ബാങ്കുകൾക്കു നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കേരള ബാങ്കിലെ എടിഎം ഈ രീതിയിലായിരുന്നില്ല. അതുകൊണ്ടു തന്നെ ആ ന്യൂനത മനസ്സിലാക്കിയാണു സംഘം തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
തട്ടിപ്പിനായി കേരള ബാങ്കിന്റെ എ.ടി.എം സോഫ്റ്റ്വെയർ തയാറാക്കിയ കമ്പനിയിൽ നിന്ന് ഡൽഹി സ്വദേശി രഹസ്യ പാസ്വേർഡുകൾ ചോർത്തിയെന്നാണ് നിഗമനം. 2019 മുതൽ ഇ.വി എം എ.ടി.എം മെഷീനുകൾ ഉപയോഗിക്കണമെന്ന ആർ.ബി.ഐ നിർദ്ദേശം കേരള ബാങ്ക് പാലിക്കാത്തതും തട്ടിപ്പിന് കാരണമായതായി ആക്ഷേപമുണ്ട്.
ബാങ്ക് ഓഫ് ബറോഡയുടെ ഉത്തർപ്രദേശിലെ വ്യാജ എ.ടി.എം കാർഡ് ഉപയോഗിച്ചാണ് കാസർകോട്, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ എ.ടി.എമ്മിൽ നിന്ന് പണം തട്ടിയത്. കേരള ബാങ്കിന്റെ തിരുവനന്തപുരത്തെ കിഴക്കേകോട്ട, നെടുമങ്ങാട് എ.ടി.എമ്മുകളിൽ നിന്ന് 90,000 രൂപയാണ് നഷ്ടപ്പെട്ടത്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ ഓരോ ഘട്ടത്തിലും കൊള്ളയുടെ വ്യാപ്തി വർധിക്കുകയാണ്. മൂന്ന് എടിഎമ്മിൽ കൊള്ള നടത്തി എന്നത് ഇപ്പോൾ ഒമ്പത് എടിഎമ്മായിട്ടുണ്ട്. തിരുവനന്തപുരം, വൈക്കം,തൃശൂർ, കാസർകോട് തുടങ്ങിയ ഇടങ്ങളിലെ ഒമ്പത് എമ്മുകളിൽ കൊള്ള നടത്തി എന്നാണ് ഇപ്പോൾ വ്യക്തമായത്.
ആറ് ലക്ഷത്തോളം രൂപ കവർന്നതായിട്ടാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആദ്യം രണ്ടര ലക്ഷം രൂപയേ നഷ്ടപ്പെട്ടുള്ളൂവെന്നായിരുന്നു കരുതിയിരുന്നത്. ഈ തുക ബിറ്റ്കോയിനാക്കി കൈമാറിയെന്നും കണ്ടെത്തി. ഈ തുക ഇനിയും കൂടുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ബാങ്ക് ഇടപാടുകൾ സംശയമുണ്ടാക്കുന്ന സാഹചര്യത്തിലാണ് പണം ബിറ്റ് കോയിനാക്കാൻ തീരുമാനിച്ചതെന്ന് പ്രതികൾ പൊലീസിൽ മൊഴി നൽകി.
മറുനാടന് മലയാളി ബ്യൂറോ