തിരുവനന്തപുരം: എസ്‌ബിറ്റിക്ക് പകരക്കാരനായി കേരളാ ബാങ്ക് എത്തില്ല. സഹകരണ ബാങ്കുകളെ ഒരു കുടക്കീഴിൽ ആക്കി കേരളാ ബാങ്ക് രൂപീകരിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. പുതിയ ബാങ്ക്‌േെ വണ്ടന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം. പകരം, ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനും തീരുമാനമായി.

സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറെ നോഡൽ ഓഫീസറായി നിയമിച്ച് ഇതിനുള്ള നീക്കങ്ങൾ സർക്കാർ തുടങ്ങി കഴിഞ്ഞു. കേരള ബാങ്കിനായി രൂപവത്കരിച്ച കർമസേന സഹായങ്ങളും നിർദേശങ്ങളും നൽകും. ലയനം പൂർത്തിയാക്കാൻ സംസ്ഥാന സഹകരണ ബാങ്കിൽ പ്രത്യേകം സെൽ പ്രവർത്തിക്കും. .

കോഴിക്കോട്, തൃശ്ശൂർ, ഇടുക്കി തുടങ്ങി മിക്ക ജില്ലാ ബാങ്കുകളും എല്ലാ ആധുനിക സംവിധാനങ്ങളുമുള്ളവയാണ്. സംസ്ഥാന ബാങ്കിൽ ലയിക്കുന്നതോടെ ഇവയുടെ ബാങ്കിങ് ലൈസൻസ് ഇല്ലാതാകും. ലയനശേഷം സംസ്ഥാന ബാങ്കിന് റിസർവ് ബാങ്ക് ആധുനിക ബാങ്കിങ് സംവിധാനമൊരുക്കാൻ അനുമതിനൽകിയില്ലെങ്കിൽ അത് സഹകരണ മേഖലയ്ക്കാകെ തിരിച്ചടിയാകും.

അനുമതി ലഭിക്കണമെങ്കിൽ

നിഷ്‌ക്രിയ ആസ്തി അഞ്ചുശതമാനത്തിൽ കുറവായിരിക്കണം. മൂന്നുവർഷം തുടർച്ചയായി ലാഭത്തിലാകണം, മൂലധന പര്യാപ്തത കുറഞ്ഞത് ഒമ്പത് ശതമാനമെങ്കിലും ഉണ്ടാകണം, റിസർവ് ബാങ്ക് അംഗീകരിച്ച കോർബാങ്കിങ് സംവിധാനമുണ്ടാകണം-ഇതൊക്കെയാണ് ആർ.ബി.ഐ.യുടെ മാനദണ്ഡങ്ങൾ. ഇവയൊന്നും സംസ്ഥാന സഹകരണ ബാങ്കിനില്ല. ഇനി ഇതൊക്കെ പരിഹരിച്ചാൽതന്നെ മൂന്നുവർഷത്തെ പ്രവർത്തനം മാനദണ്ഡമാക്കിയാൽ റിസർവ് ബാങ്കിന്റെ അനുമതി പ്രയാസമാകും. ഇല്ലെങ്കിൽ മാനദണ്ഡങ്ങളിൽ ആർ.ബി.ഐ. ഇളവ് അനുവദിക്കേണ്ടിവരും.

അനുമതി ലഭിച്ചില്ലെങ്കിൽ

ജില്ലാ സഹകരണ ബാങ്കുകളുടെയാകെ ലാഭത്തേക്കാൾ കൂടുതലാണ് ഇപ്പോൾ സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം-ഏകദേശം 341 കോടിരൂപ. നിഷ്‌ക്രിയ ആസ്തിയും റിസർവ് ബാങ്ക് നിർദേശിക്കുന്ന തോതിനേക്കാൾ കൂടുതലാണ്. ഈ നിലയ്ക്ക് ഇന്റർനെറ്റ്-മൊബൈൽ ബാങ്കിങ്, എ.ടി.എം. എന്നിവയൊന്നും സ്വന്തമായി നടത്താൻ സംസ്ഥാന ബാങ്കിന് അനുമതി കിട്ടാനിടയില്ല.

കേരള ബാങ്കിനുള്ള ഒരുക്കം

കേരള ബാങ്ക് രൂപവത്കരിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാൻ സർക്കാർ െബംഗളൂരു ഐ.ഐ.എമ്മിലെ പ്രൊഫ. എം.എസ്. ശ്രീറാമിന്റെ നേതൃത്വത്തിൽ വിദഗ്ധസമിതിയെ നിയോഗിച്ചു. 2017 ഏപ്രിൽ 28-ന് ശ്രീറാം കമ്മിറ്റി റിപ്പോർട്ട് നൽകി. ഇന്റർനെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, വിപുലമായ എ.ടി.എം. ശൃംഖല എന്നിവയൊക്കെ കേരള ബാങ്കിന് ഒരുക്കാനാകണമെന്നതാണ് റിപ്പോർട്ടിൽ പറയുന്നത്.

സഹകരണ ബാങ്കുകളിലെ ആകെ ഇടപാടുകാരിൽ 23.5 ശതമാനം മാത്രമാണ് യുവാക്കൾ. ആധുനിക സർവീസ് നൽകാനാവാത്തതാണ് യുവാക്കളെ സഹകരണ ബാങ്കുകളുമായി അടുപ്പിക്കാത്തത്. ഈ കുറവ് പരിഹരിക്കാൻ കേരള ബാങ്ക് രൂപവത്കരണത്തോടെ കഴിയണം. ഇക്കാര്യങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവരാൻ നബാർഡ് മുൻ ചീഫ് ജനറൽ മാനേജർ വി.ആർ. രവീന്ദ്രനാഥ് ചെയർമാനായ കർമസേനയും രൂപവത്കരിച്ചു. പ്രാഥമിക അനുമതിതേടി നബാർഡിനും ആർ.ബി.ഐ.ക്കും അപേക്ഷനൽകി.

ലയനത്തിൽ തെറ്റില്ല

സർക്കാർ ഉത്തരവിൽ പറഞ്ഞിരിക്കുന്ന പ്രകാരമാണ് കേരള ബാങ്ക് രൂപവത്കരിക്കുക. സംസ്ഥാന സഹകരണ ബാങ്ക് ലൈസൻസുള്ള ബാങ്കാണ്. അതിൽ ലയിക്കുന്നതിൽ കുഴപ്പമില്ല. മറ്റുള്ളത് തെറ്റായ വ്യാഖ്യാനമാണ്.

-വി.ആർ. രവീന്ദ്രനാഥ് (കർമസേനാ ചെയർമാൻ)

നിർദ്ദേശം കർമസേനയുടേത്

കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്താൻ ടാസ്‌ക്ഫോഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോർട്ട് അനുസരിച്ചാണ് ഉത്തരവിറക്കിയത്. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണബാങ്കിൽ ലയിപ്പിക്കാമെന്ന നിർദേശമാണ് ടാസ്‌ക്ഫോഴ്സ് അറിയിച്ചിട്ടുള്ളത്.

-പി.എസ്. രാജേഷ് (അഡീഷണൽ സെക്രട്ടറി, സഹകരണവകുപ്പ്)

കടപ്പാട്: മാതൃഭൂമി