ചണ്ഡീഗഢ്: സന്തോഷ് ട്രോഫി ഫുട്‌ബോളിൽ ഗോവയ്‌ക്കെതിരെ കേരളത്തിനു ജയം. ഫൈനൽ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം തോൽപ്പിച്ചത്.

കേരളത്തിൽ നടന്ന ദേശീയ ഗെയിംസിൽ ഗോവ കേരളത്തെ തോൽപ്പിച്ചിരുന്നു. ഇതിന് പകരം വീട്ടുകായിരുന്നു പഞ്ചാബിൽ സന്തോഷ് ട്രോഫി വേദിയിൽ കേരളം. നസറുദീനാണ് കേരളത്തിന്റെ വിജയഗോൾ നേടിയത്.

സന്തോഷ് ട്രോഫിക്ക് പഞ്ചാബ് ആതിഥ്യമരുളുന്നത് നാൽപ്പത് വർഷത്തിനുശേഷമാണ്. കരുത്തരായ ടീമുകൾ അടങ്ങുന്ന 'ബി' ഗ്രൂപ്പിലാണ് കേരളം കളിക്കുന്നത്. വി വി. സുർജിത്താണ് കേരളത്തിന്റെ നായകൻ. പരിശീലകൻ പി കെ രാജീവ്.

അസം, മഹാരാഷ്ട്ര, പഞ്ചാബ്, സർവീസസ്, പശ്ചിമബംഗാൾ ടീമുകളാണ് ഗ്രൂപ്പ് 'എ'യിലുള്ളത്. 'ബി' ഗ്രൂപ്പിൽ കേരളത്തിനൊപ്പം ഡൽഹി, ഗോവ, മിസോറം, റെയിൽവേസ് ടീമുകളാണുള്ളത്. 'എ' ഗ്രൂപ്പ് മത്സരങ്ങൾ ലുധിയാനയിലെ ഗുരുനാനാക് സ്റ്റേഡിയത്തിലും 'ബി' ഗ്രൂപ്പ് മത്സരങ്ങൾ ജലന്ധർ ഗുരു ഗോബിന്ദ് സിങ് സ്റ്റേഡിയത്തിലുമാണ്.

രണ്ട് ഗ്രൂപ്പുകളിൽ നിന്ന് കൂടുതൽ പോയന്റ് ലഭിക്കുന്ന രണ്ട് ടീമുകൾ വീതമാണ് സെമിയിൽ മത്സരിക്കുക. മാർച്ച് 13ന് സെമിഫൈനലുകളും 15ന് ഫൈനലും നടക്കും. സോണൽ മത്സരങ്ങളിൽ പങ്കെടുത്ത 28 ടീമുകളിൽനിന്നാണ് ഫൈനൽ റൗണ്ടിലേക്ക് പത്ത് ടീമുകളെത്തിയത്. സന്തോഷ് ട്രോഫി നേടുന്ന ടീമിന് അഞ്ച് ലക്ഷവും റണ്ണറപ്പിന് രണ്ട് ലക്ഷവും കാഷ് അവാർഡും ലഭിക്കും.